അനന്യം, അവിസ്മരണീയം സാകേത് ഗീതം
text_fieldsതുരീയം വേദിയിൽ സാകേത് രാമൻ പാടുന്നു
പയ്യന്നൂർ: തലമുറകളിലൂടെ കാലം കാച്ചി മിനുക്കിയെടുത്ത കർണാടക സംഗീത സമ്പ്രദായത്തിന്റെ സാരസത്തുക്കൾ ശബ്ദമാധുര്യത്തിന്റെ മേമ്പൊടി ചേർത്ത് ആസ്വാദകരുടെ കർണപുടങ്ങളിലേക്കൊഴുകിയെത്തിയപ്പോൾ തുരീയം സംഗീതോത്സവത്തിന്റെ അഞ്ചാം നാൾ അനന്യം, അവിസ്മരണീയം.
വ്യാഴാഴ്ച വഴിമാറിയൊഴുകിയ ഹിന്ദുസ്ഥാനി രാഗങ്ങളിൽ നിന്ന് കർണാടക സംഗീത വിരുന്നിലേക്ക് തിരിച്ചു വന്ന വെള്ളിയാഴ്ച ക്ലാസിക് പാട്ടുകാരിലെ യുവ സാന്നിധ്യം സാകേത് രാമനാണ് അമൃതഗീതമാലപിച്ച് സംഗീത സന്ധ്യയെ വർണാഭമാക്കിയത്.
പ്രേക്ഷകരുടെ കണ്ണും കാതും കുളിർപ്പിച്ച അമൃതവർഷത്തിന് തണൽ വിരിച്ച് ഡൽഹി സുന്ദറിന്റെ വയലിനും തിരുവാരൂർ ഭക്തവത്സലത്തിന്റെ മൃദംഗവും മേളപ്പെരുക്കം തീർത്തു. ഒപ്പം അനിരുദ്ധ ആത്രേയയുടെ ഗഞ്ചിറയും ലയവിന്യാസം തീർത്ത് മുന്നേറിയപ്പോൾ പ്രതിഭകളുടെ കൂട്ടിമുട്ടലിൽ തീപ്പൊരി ചിതറിയ സായാഹ്നത്തിനാണ് ആസ്വാദകർ സാക്ഷികളായത്.
ആദിതാളം വസന്തരാഗത്തിൽ വർണം പാടിയാണ് തുടക്കം. തുടർന്ന് ആദിതാളത്തിൽ തന്നെ നാട്ട രാഗത്തിൽ രക്ഷമാം ശരണാങ്കം എന്ന കീർത്തനമായിരുന്നു. രൂപക താളം കന്നഡരാഗത്തിൽ കാനഗം മാമവസദാ ജനനി, മിശ്രചാപ്പ് താളം പുരുട്ടി രാഗത്തിൽ രാ അലർശര പരിതാപം .... തുടങ്ങി അപൂർവവും ജനപ്രിയവുമായ രാഗങ്ങളുടെയും കീർത്തനങ്ങളുടെയും സമ്മേളനമാണ് ദർശിച്ചത്. അഞ്ചാം നാൾ കൊമ്പങ്കുളം വിഷ്ണു സോമയാജി അതിഥിയായി. സ്വാമി കൃഷ്ണാനന്ദ ഭാരതി സ്വാഗതം പറഞ്ഞു.
പോത്താങ്കണ്ടം ആനന്ദ ഭവനത്തിന്റെ പതിനെട്ടാമത് തുരീയം സംഗീതോത്സവത്തിന്റെ ആറാം ദിനമായ ശനിയാഴ്ച വി.ആർ. ദിലീപ് കുമാറിന്റെ വായ്പാട്ടാണ്. വൈഭവ് രമണി (വയലിൻ), എരിക്കാവ് എൻ. സുനിൽ (മൃദംഗം), ബി.ആർ. രവികുമാർ (ഘടം), ബാംഗ്ലൂർ രാജശേഖർ (മുഖർശംഖ്) എന്നിവർ മേളമൊരുക്കും. ഡോ. ജി. സുരേഷ് അതിഥിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

