വേളാപുരത്ത് അടിപ്പാത വന്നേതീരൂ...
text_fieldsവേളാപുരം: ദേശീയപാത നിർമാണത്തോടെ വഴിയടഞ്ഞ വേളാപുരത്ത് അടിപ്പാത നേടിയെടുക്കാൻ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച് ആക്ഷൻ കമ്മിറ്റി. രാഷ്ട്രീയത്തിനതീതമായി മുഴുവൻ നേതാക്കളെയും നേരിട്ട് ചെന്നുകണ്ട് നിവേദനം നൽകി. അടിപ്പാതക്കായി ആയിരത്തിലധികം പൊതുജനങ്ങളെയും രാഷ്ട്രീയ നേതൃത്വത്തെയും ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ് ഒരുക്കിയാണ് ആശയവിനിമയവും ചർച്ചയും. വഴിതടസ്സം സൃഷ്ടിക്കുന്ന പ്രദേശത്തെ, മുഴുവൻ ജനങ്ങളെയും ഉൾപ്പെടുത്തി പ്രവർത്തനം സജീവമാക്കി. അതോടൊപ്പം ഒപ്പുശേഖരണവും തകൃതിയായി നടക്കുന്നുണ്ട്. കുറ്റിക്കോലിനും വളപട്ടണം പാലത്തിനും ഇടയിൽ നിലവിലുള്ള ദേശീയ പാതയിലെ ജനത്തിരക്കേറിയ പ്രധാന കേന്ദ്രമാണ് വേളാപുരം.
ഈ കവലയിൽനിന്ന് മാങ്കടവ് വഴി പറശ്ശിനിക്കടവിലേക്ക് എട്ട് ബസുകൾ സർവിസ് നടത്തുന്നുണ്ട്. നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന ആരോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നിരവധി ക്ഷേത്രങ്ങൾ, വില്ലേജ് ഓഫിസ്, പ്രൈമറി സ്കൂളുകൾ, നിർദിഷ്ട കല്ലൂരിക്കടവ് പാലം, ജനവാസ കേന്ദ്രമായ അരോളി, മാങ്കടവ്, ബഡ്സ് സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രധാന റോഡുകൾ കടന്നുപോകുന്നത് ഈ കവലയിലൂടെയാണ്.
പ്രവൃത്തി നടന്നുവരുന്ന വേളയിലെ ആദ്യത്തെ ഡി.പി.ആറിൽ വേളാപുരത്ത് അടിപ്പാത ഉണ്ടായിരുന്നു. പിന്നീട് അതെങ്ങനെ ഒഴിവായതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കണ്ണൂർ റീച്ചിൽ ബക്കളം, കീച്ചേരി കഴിഞ്ഞാൽ പാപ്പിനിശ്ശേരി അമലോത്ഭവ ക്ഷേത്രത്തിന് മുൻവശത്താണ് പഴയ ദേശീയ പാതയും പുതിയ പാതയും ചേരുന്ന കേന്ദ്രം ഒരുങ്ങുന്നത്. കണ്ണൂർ ഭാഗത്ത് നിന്ന് അരോളി, മാങ്കടവ് ഭാഗങ്ങളിലേക്ക് പോകേണ്ടവർ കിലോമീറ്ററുകൾ താണ്ടി കീച്ചേരിയിൽനിന്ന് മറുഭാഗത്തേക്ക് കടക്കേണ്ടിവരുമെന്നാണ് ജനങ്ങളുടെ ആക്ഷേപം.
കീച്ചേരിക്കും പാപ്പിനിശ്ശേരി കവലക്കും ഇടയിൽ പുതിയ പാത ആറ് മീറ്ററിലധികം ഉയരത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ കാരണത്താൽ വേളാപുരത്ത് അടിപ്പാത നിർമിക്കാൻ എളുപ്പമാണെന്നാണ് നാട്ടുകാർ പറയുന്നത്. ആക്ഷൻ കമ്മിറ്റി ചെയർമാനും പഞ്ചായത്തംഗവുമായ ബാലകൃഷ്ണനും മുസ്ലിം ലീഗ് സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ഒ.കെ. മൊയ്തീനുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വേളാപുരത്തെ അടിപ്പാത അനുവദിച്ച് ജനങ്ങളുടെ സഞ്ചാരതടസ്സം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരൻ, എം.പിമാരായ പി. ശിവദാസൻ, കെ. സുധാകരൻ എന്നിവർക്ക് നിവേദനം നൽകി. വേളാപുരത്ത് അനിശ്ചിതകാല സമരപ്പന്തലൊരുക്കാനും സർവകക്ഷി പ്രതിഷേധ യോഗം നടത്താനുമുള്ള ഒരുക്കത്തിലാണ് ആക്ഷൻ കമ്മിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.