അനധികൃത കയ്യേറ്റം; പരിശോധനക്ക് ഇറങ്ങുമ്പോൾ വിവരം ചോരുന്നതായി കൗൺസിലർ
text_fieldsതളിപ്പറമ്പ്: നഗരസഭ യോഗത്തിൽ ഞെട്ടിക്കുന്ന പരാമർശവുമായി ഭരണകക്ഷി കൗൺസിലർ. അനധികൃത കൈയേറ്റങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ പുറപ്പെടുമ്പോൾ തന്നെ വിവരം ചോരുന്നതായും ഇനിയുള്ള ആറുമാസമെങ്കിലും ഒരുമിച്ചു നിൽക്കണമെന്നും കൗൺസിലർ നുബ് ലയാണ് ഉന്നയിച്ചത്.
ഭരണപക്ഷത്തിന്റെ പിടിപ്പുകേടാണിതെന്ന് പ്രതിപക്ഷം തിരിച്ചടിച്ചതോടെ യോഗത്തിൽ വാഗ്വാദമായി. നഗരസഭ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടുന്ന വാട്സ്ആപ് ഗ്രൂപ്പില്‍ ഇട്ട ഒരു ഫോട്ടോയെക്കുറിച്ച് ഗ്രൂപ്പിലില്ലാത്ത ഒരു തല്പരകക്ഷി തന്നെ വിളിച്ച് ഭീഷണിമുഴക്കിയെന്നും നുബ്ല ആരോപിച്ചു. അത് എങ്ങനെ ഗ്രൂപ്പിൽ ഇല്ലാത്ത ഒരാൾക്ക് ലഭിച്ചു എന്നത് പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഇത് ഏറ്റുപിടിച്ച പ്രതിപക്ഷം ഭരണപക്ഷ കൗണ്‍സിലറെ പോലും ഭീഷണിപ്പെടുത്തുന്ന അവസ്ഥക്ക് പരിഹാരമുണ്ടാക്കണമെന്ന നിലപാടെടുത്തു. പ്രതിപക്ഷത്തെ ഒ. സുഭാഗ്യം, സി.വി. ഗിരീശന്, കെ.എം. ലത്തീഫ്, എം.പി. സജീറ തുടങ്ങിയവര്‍ പ്രതികരിച്ചതോടെ, താൻ പറഞ്ഞ കാര്യം ഭരണപക്ഷത്തിന്റെ പിടിപ്പുകേടായി ചിത്രീകരിക്കേണ്ടെന്നും ആ അർഥത്തിലല്ല താൻ സംസാരിച്ചതെന്നും അവർ മറുപടി നൽകി. കൗൺസിലർമാരെ കൂടാതെ ഉദ്യോഗസ്ഥരും വാട്സ്ആപ് ഗ്രൂപ്പിൽ ഉണ്ടെന്നും കൈയേറ്റങ്ങളും മാലിന്യ നിക്ഷേവും ഉദ്യോഗസ്ഥരെ അറിയിച്ച് അവര്‍ നഗരസഭയില്‍നിന്ന് നടപടി എടുക്കാന്‍ വാഹനത്തില്‍ പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട കക്ഷികള്‍ അറിയുന്ന സ്ഥിതി ഉണ്ടെന്നും ഇനി ബാക്കിയുള്ള ആറ് മാസമെങ്കിലും ഐക്യത്തോടെ ശക്തമായ രീതിയില്‍ രംഗത്തിറങ്ങണമെന്നും നുബ്ല പറഞ്ഞു.
കൈയേറ്റ വിഷയങ്ങളില്‍ വൈകാതെ തീരുമാനമെടുക്കുമെന്ന് സെക്രട്ടറി അറിയിച്ചതോടെയാണ് പ്രശ്നങ്ങള്‍ അവസാനിച്ചത്. ചെയർപേഴ്സൻ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ, പി.പി. മുഹമ്മദ് നിസാർ, കെ. വത്സരാജ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

