വളപട്ടണം നിലനിർത്താൻ യു.ഡി.എഫ്; പിടിച്ചെടുക്കാൻ എൽ.ഡി.എഫ്
text_fieldsവളപട്ടണം: കേരളത്തിലെ ഏറ്റവും ചെറിയ പഞ്ചായത്തായ വളപട്ടണം നിലനിർത്താൻ യു.ഡി.എഫും പിടിച്ചെടുക്കാൻ എൽ.ഡി.എഫും. 14 വാർഡുകളോടെ പുഴയോര പ്രദേശമായ ഇവിടെ കാലങ്ങളായി ലീഗ്-കോൺഗ്രസ് മുന്നണി ഭരണത്തിലേറിയ ചരിത്രമാണുള്ളത്.
കഴിഞ്ഞ തവണ ഏഴ് സീറ്റ് നേടിയ യു.ഡി.എഫിലെ മുസ്ലിം ലീഗാണ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്. ഇക്കുറിയും ഭരണം നിലനിർത്താനുള്ള കടുത്ത മത്സരം കാഴ്ചവെക്കുകയാണ് യു.ഡി.എഫ്. സി.പി.എം, ബി.ജെ.പി കക്ഷികൾ ശക്തമായ പ്രചാരണവുമായി ഇറങ്ങിയിട്ടുണ്ട്. കൂടെ എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടിയുമുണ്ട്. 2020ലെ തെരഞ്ഞെടുപ്പിൽ ലീഗ്, കോൺഗ്രസ് കക്ഷികളിലെ അനൈക്യം കാരണം കോൺഗ്രസിന് 18 വാർഡുകളിൽ ഒരു വാർഡ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ആറാം വാർഡിൽനിന്ന് ജയിച്ച വി.കെ. ലളിതാദേവി മാത്രമായിരുന്നു കോൺഗ്രസ് പ്രതിനിധി.
ഇക്കുറി ഏഴാം തവണയും റിട്ട. അധ്യാപിക കൂടിയായ ലളിതാദേവി ആറാം വാർഡ് കളരിവാതുക്കലിൽ മത്സരത്തിനുണ്ട്. കോൺഗ്രസ് കൂടുതൽ സീറ്റ് നേടാനുള്ള കടുത്ത മത്സരമാണ് വാർഡുകളിൽ. സി.പി.എമ്മും ഒപ്പത്തിനൊപ്പമുണ്ട്. ലീഗ് ശക്തികേന്ദ്രത്തിൽ എങ്ങനെയങ്കിലും വേരുപിടിക്കാനുള്ള പോരാട്ടത്തിലാണ് സി.പി.എം. നടപ്പാതാ നവീകരണം, റോഡ്, കുടിവെള്ളം തുടങ്ങിയ അഞ്ചുവർഷത്തെ ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടി യു.ഡി.എഫ് വോട്ട് തേടുന്നു.
കളരിവാതുക്കൽ ക്ഷേത്ര പരിസര വാർഡുകളിലാണ് ബി.ജെ.പി ശക്തി കേന്ദ്രീകരിക്കുന്നത്. യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണി സംവിധാനത്തിൽനിന്ന് മാറിചിന്തിച്ച് തങ്ങളുടെ സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്നാണ് ബി.ജെ.പി പറയുന്നത്. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 13 വാർഡുകളിൽ മത്സരിക്കുന്ന എസ്.ഡി.പി.ഐയും ലീഗ് നേതൃത്വം നൽകിയ കഴിഞ്ഞ പഞ്ചായത്ത് ഭരണത്തിലെ നേട്ടങ്ങളും കോട്ടങ്ങളും നിരത്തിയാണ് പ്രവർത്തനത്തിലിറങ്ങിയത്. ഏഴാം വാർഡിൽ കോൺഗ്രസിലെ റിബൽ സ്ഥാനാർഥിയും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

