തലശ്ശേരിയില്‍ യു.ഡി.എഫ്-ബി.ജെ.പി വോട്ടുകച്ചവടമെന്ന് എം.വി. ജയരാജന്; ഓഡിയോ ക്ലിപ്പും പുറത്തുവിട്ടു
text_fieldsകണ്ണൂര്‍: തലശ്ശേരി നഗരസഭയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും മുസ്ലിം ലീഗും വോട്ട് കച്ചവടം നടത്തിയെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്. വോട്ട് കച്ചവടത്തില്‍ എസ്.ഡി.പി.ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും പങ്കുചേര്‍ന്നെന്നും ജയരാജന് വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
2015ല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ എല്‍.ഡി.എഫിന് ലഭിച്ചത് 24571 വോട്ടാണ്. യു.ഡി.എഫിന് 15331 വോട്ടും ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയ്ക്ക് 10932 വോട്ടും ലഭിച്ചു. ഇക്കുറി എല്‍.ഡി.എഫിന് 26135 വോട്ടും യു.ഡി.എഫിന് 13696 വോട്ടും എന്‍.ഡി.എയ്ക്ക് 12650 വോട്ടും ലഭിച്ചു.
എല്‍.ഡി.എഫിനും എന്‍.ഡി.എക്കും വോട്ടു വിഹിതം ഉയര്‍ന്നപ്പോള്‍ യു.ഡി.എഫ് കുത്തനെ താഴോട്ട് പോയി. ഇതെങ്ങിനെ സംഭവിച്ചു. തലശ്ശേരി നഗരസഭയില്‍ യു.ഡി.എഫ് -എന്‍.ഡി.എ കൂട്ടുകെട്ടില്‍ നേട്ടമുണ്ടാക്കിയത് എന്‍.ഡി.എ ആണ്. നഗരസഭയില്‍ മുസ്ലിം ലീഗിന് സീറ്റു കുറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടിക്ക് രണ്ടു സീറ്റ് കുറഞ്ഞു. ബി.ജെ.പിക്ക് സീറ്റ് കൂടി. കോണ്‍ഗ്രസും ലീഗും വെല്‍ഫെയറും എല്ലാം ചേര്‍ന്ന് ബി.ജെ.പിയെ വളര്‍ത്തുന്നതിെൻറ ഉത്തമ ഉദാഹരണമാണ് തലശ്ശേരിയെന്നും എം.വി. ജയരാജന് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്-എന്‍.ഡി.എ കൂട്ടുകെട്ടുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണത്തിെൻറ ഓഡിയോ ക്ലിപ്പും ജയരാജന് പുറത്തുവിട്ടു. നഗരസഭയിലെ ഗോപാലപേട്ട വാര്‍ഡില്‍ നടന്ന വോട്ടു കച്ചവടത്തിെൻറ ഓഡിയോ ക്ലിപ്പിലെ വിവരങ്ങളാണ് പുറത്തുവിട്ടത്.
നഗരസഭയിലെ യു.ഡി.എഫ് -ബി.ജെ.പി നേതാക്കളാണ് സംസാരിച്ചതെന്നും സംസാരിച്ചവര്‍ ആരാണെന്ന് ഇരുമുന്നണികളുടെയും നേതാക്കള്‍ക്ക് അറിയാമെന്നും പറഞ്ഞ എം.വി ജയരാജന് എന്നാൽ, ഫോണില്‍ സംസാരിച്ചവരുടെ പേര് വെളിപ്പെടുത്താന്‍ തയാറായില്ല. തളിപ്പറമ്പില്‍ കോണ്‍ഗ്രസ് നേതാവ് രാജീവന് കപ്പച്ചേരിയുടെ വീടാക്രമിച്ചതില്‍ സി.പി.എമ്മിന് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.