നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsനിരോധിത പുകയില ഉൽപന്നങ്ങളുമായി പിടിയിലായവർ
തലശ്ശേരി: നിരോധിത പുകയില ഉൽപന്നങ്ങൾ രഹസ്യമായി നാട്ടിലെ സ്റ്റേഷനറി കടകളിൽ വലിയ വില ഈടാക്കി വിതരണം ചെയ്തുവന്ന രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി. പിണറായി സ്വദേശികളായ ബൈത്തുൽ ഹൗസിൽ കെ.കെ. നൗഫൽ (50), ഓട്ടോറിക്ഷ ഡ്രൈവർ പുതിയപുരയിൽ പി. ഷംസീർ (34) എന്നിവരെയാണ് ധർമടം എസ്.ഐ അശോകൻ പാലോറാന്റെ നേതൃത്വത്തിൽ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് മീത്തലെ പീടികക്കടുത്തുനിന്നാണ് ധർമടം പൊലീസ് ഇവരെ പിടികൂടിയത്.
മംഗളൂരുവിൽനിന്നും തുച്ഛവില നൽകി എത്തിക്കുന്ന പുകയില ഉൽപന്നങ്ങൾ അമിത ലാഭമെടുത്ത് ധർമടം മേഖലയിലെ കടകളിൽ ഇവർ വിതരണം നടത്തിവരുകയായിരുന്നു. ഓട്ടോയിൽ നിന്നും 645 പാക്കറ്റ് ഹാൻസും 816 പാക്കറ്റ് കൂൾലിപും കണ്ടെടുത്തു. ഇതേത്തുടർന്ന് കെ.എൽ 58 സെഡ് - 3343 നമ്പർ ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു. നൗഫൽ സ്ഥിരമായി ലഹരി വസ്തുക്കൾ കടത്തുന്നയാളാണെന്നും ഇയാൾക്കെതിരെ ധർമടത്ത് ലഹരിക്കേസുണ്ടെന്നും പൊലീസ് പറഞ്ഞു. ധർമടത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കടകളിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. സംശയമുള്ള ചില കടകളിൽ നടത്തിയ പരിശോധനയിൽ ഏതാനും പാക്കറ്റുകളും പിടികൂടാനായി. ഇതിന്റെ ഉറവിടം തേടി നടത്തിയ അന്വേഷണമാണ് വിതരണക്കാരിലെത്തിയത്.