മരണം മണക്കുന്ന അഴിമുഖം; അഞ്ചു ദിനത്തിനിടെ പൊലിഞ്ഞത് രണ്ട് ജീവനുകൾ
text_fieldsപഴയങ്ങാടി: പുതിയങ്ങാടി-ചൂട്ടാട് അഴിമുഖത്തെ മണൽതിട്ടയിലിടിച്ച് വള്ളങ്ങൾ മറിഞ്ഞ് അഞ്ചു ദിനത്തിനുള്ളിൽ പൊലിഞ്ഞത് രണ്ടു മനുഷ്യജീവനുകൾ. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ മത്സ്യബന്ധനത്തിനു പോയ ഫൈബർ വള്ളം മണൽതിട്ടയിലിടിച്ച് കടലിൽ മറിഞ്ഞ് അസം സോനിത്പൂരിലെ റിയാജുൽ ഇസ്ലാം (39) മരിച്ചതാണ് ഒടുവിലത്തെ അപകടം.
മൂന്നു പേരുണ്ടായ വള്ളത്തിൽനിന്ന് രണ്ടു പേർ രക്ഷപ്പെട്ടിരുന്നു. ഒന്നര മണിക്കൂറിനു ശേഷമാണ് അര കിലോമീറ്ററിനുള്ളിലായി പുതിയങ്ങാടി കടലിൽ റിയാജുൽ ഇസ്ലാമിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച ഇതേ സ്ഥലത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിലാണ് തമിഴ്നാട് കന്യാകുമാരി സ്വദേശി സളമോൻ ലോപ്പസ് എലിസ് (63) മരിച്ചത്. ഇതേ ദിവസം ഈ അഴിമുഖത്തിന് ഏറെ അകലെയല്ലാതെ പാലക്കോടുനിന്ന് അപകടത്തിൽപെട്ട മത്സ്യത്തൊഴിലാളിയുടെ മൃതദേഹം മൂന്നാം നാളാണ് വളപട്ടണത്ത് കണ്ടെത്തിയത്. 2017ൽ അഴിമുഖത്ത് വള്ളം മറിഞ്ഞ് ഒഡിഷ സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചിരുന്നു. 2018ലെ അപകടത്തിലും ഒരാൾ മരിച്ചു. 2022ൽ നാട്ടുകാരനായ മത്സ്യത്തൊഴിലാളിയും 2023ൽ ബംഗാൾ സ്വദേശിയും മരിച്ചു.
മരണഭയത്തോടെയാണ് മത്സ്യത്തൊഴിലാളികൾ കടലിൽ വള്ളമിറക്കുന്നത്. മുന്നറിയിപ്പുകൾ അവഗണിച്ച് തൊഴിലാളികൾ മത്സ്യബന്ധനത്തിനു പോവുകയാണെന്ന ന്യായംകൊണ്ട് പ്രശ്നങ്ങളിൽനിന്ന് തലയൂരാൻ അധികൃതർക്കാവില്ല. കടലിലെ മണൽതിട്ടകൾ നീക്കം ചെയ്യാത്തതാണ് വേലിയേറ്റ സമയത്ത് വള്ളം മണലിൽ തട്ടി മറിയുന്നതിന് കാരണമാകുന്നത്. മരണസംഖ്യ ഉയരാതിരിക്കുന്നത് മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടലുകൾ കൊണ്ടാണ്. ഉത്തര കേരളത്തിലെ പ്രമുഖ മത്സ്യബന്ധന കേന്ദ്രമായ പുതിയങ്ങാടിയിൽ ആവശ്യമായത്ര വള്ളങ്ങൾക്ക് കരക്കടുക്കാനാവശ്യമായ സൗകര്യങ്ങളുടെ പരിമിതിയാണ് ചൂട്ടാട് അഴിമുഖത്തെ ആശ്രയിക്കേണ്ടിവരുന്നതിന് കാരണമാകുന്നത്.
അഴിമുഖത്തെ മണ്ണ് നീക്കി സുരക്ഷയൊരുക്കണമെന്ന മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും ആവശ്യം അധികൃതർ അവഗണിക്കുകയായിരുന്നു. മരണം തുടർക്കഥയായ ചൂട്ടാട് അഴിമുഖത്തെ ഒടുവിലത്തെ അപകടവും അസം സ്വദേശിയുടെ മരണവും മത്സ്യത്തൊഴിലാളികളിൽ കടുത്ത അരക്ഷിതബോധം സൃഷ്ടിച്ചിട്ടുണ്ട്. നൂറുകണക്കിനു മത്സ്യത്തൊഴിലാളികളും ആശ്രിതരുമാണ് പ്രതിഷേധവുമായി പുതിയങ്ങാടി ഫിഷറീസ് ഓഫിസിലേക്ക് വ്യാഴാഴ്ച ഇടിച്ചുകയറിയത്. അധികൃതരുടെ ഒരു ഉറപ്പിലും പിരിഞ്ഞുപോവാൻ തയാറാവാതെ ജനം ഇനിയൊരു മത്സ്യത്തൊഴിലാളിക്കും ഈ അഴിമുഖത്ത് മരണമുണ്ടാവരുതെന്ന ആവശ്യവുമായി മണിക്കൂറുകളോളം ഫിഷറീസ് ഓഫിസിന്റെ അകത്തും പുറത്തുമായിരുന്നു.
ജീവനക്കാരെ എട്ടു മണിക്കൂറോളം ബന്ദികളാക്കി; ജനക്കൂട്ടം ഫിഷറീസ് ഓഫീസ് ഉപരോധിച്ചു
പഴയങ്ങാടി: അഞ്ചു ദിവസങ്ങൾക്കുള്ളിൽ രണ്ട് മത്സ്യത്തൊഴിലാളികൾ കടലിൽ മരിക്കുന്നതിന് കാരണമായ മണൽതിട്ട നീക്കാനുള്ള നടപടി ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളും കുടുംബാംഗങ്ങളും നാട്ടുകാരുമടക്കം പുതിയങ്ങാടി ഫിഷറീസ് ഓഫിസിലേക്ക് പ്രതിഷേധവുമായി ഇരച്ചുകയറി. രോഷാകുലരായെത്തിയ ജനം ജീവനക്കാരെ എട്ടു മണിക്കൂറോളം ബന്ദികളാക്കി. കലക്ടർ എത്തി പ്രശ്നം പരിഹരിക്കുെമന്ന ഉറപ്പ് നൽകിയാലേ ഉദ്യോഗസ്ഥരെ പോകാൻ അനുവദിക്കൂവെന്ന നിലപാടിൽ പ്രതിഷേധക്കാർ ഉറച്ചുനിന്നു.
സംഭവമറിഞ്ഞ് ആർ.ഡി.ഒ ടി.കെ. ഷാജി, തഹസിൽദാർ ടി. മനോഹരൻ, ഫിഷറീസ് അസി. ഡയറക്ടർ പ്രീത, ഡെപ്യൂട്ടി ഡയറക്ടർ ജുഗുനു എന്നിവരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പഴയങ്ങാടി സ്റ്റേഷൻ ഹൗസ് ഓഫിസർ സത്യനാഥിന്റെ നേതൃത്വത്തിൽ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
റവന്യൂ, ഫിഷറീസ് അധികൃതരും പൊലീസും മണിക്കൂറുകളോളം ശ്രമിച്ചിട്ടും പ്രതിഷേധക്കാരെ അനുനയിപ്പിക്കാനായില്ല. മത്സ്യത്തൊഴിലാളിയുടെ മൃതദേഹമെടുത്ത് ദേശീയപാത ഉപരോധിക്കുമെന്ന് പ്രതിഷേധിച്ചവർ ഭീഷണി മുഴക്കിയതോടെ ഉദ്യോഗസ്ഥർ വെട്ടിലാവുകയായിരുന്നു. സംഭവ സ്ഥലത്തെത്താത്തതിൽ ജില്ല കലക്ടർക്കെതിരെയും പ്രതിഷേധമുയർന്നു. അഴിമുഖത്തെ മണൽതിട്ട നീക്കുന്നതിനുള്ള ടെൻഡർ നടപടി അവസാന ഘട്ടത്തിലാണെന്നും രണ്ടാഴ്ചക്കുള്ളിൽ ഡ്രഡ്ജിങ് ആരംഭിക്കുമെന്നും കലക്ടർ രേഖാമൂലം നൽകിയ ഉറപ്പിനെ തുടർന്നാണ് വൈകീട്ട് ആറോടെ പ്രതിഷേധം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

