മാഹിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം
text_fieldsപ്രതീകാത്മക ചിത്രം
മാഹി: എട്ട് സ്ഥാനാർഥികൾ മത്സരിക്കുന്ന മാഹി നിയോജക മണ്ഡലത്തിൽ ചുമരെഴുത്തുകളോ ബാനർ, ഫ്ലക്സ് ബോർഡുകളോ കാണാനാകില്ല. വാഹന പ്രചാരണത്തിലൂടെയും നേരിട്ടും മാത്രമാണ് വോട്ടഭ്യർഥന നടത്താൻ കഴിയുന്നത്. ഒമ്പതര ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മാഹി മണ്ഡലത്തിൽ 14049 പുരുഷന്മാരും 16188 സ്ത്രീകളുമുൾപ്പെടെ ആകെ 30 237 വോട്ടർമാരാണുള്ളത്. മാഹിയിൽ പോരാട്ടം വിജയ പ്രവചനങ്ങൾക്ക് അപ്പുറത്താണെന്നാണ് വിലയിരുത്തൽ. മാഹിയും ലക്ഷദ്വീപുമായി വ്യാപാര ബന്ധമുണ്ടാക്കുമെന്ന് മൂന്ന് മുന്നണി സ്ഥാനാർഥികളും വാഗ്ദാനം ചെയ്യുന്നുണ്ട്. നടൻ വിജയുടെ പാർട്ടിയായ ടി.വി.കെയും മാഹിയിൽ മത്സര രംഗത്തുണ്ട്.
രമേശ് പറമ്പത്ത്
(ഐക്യ പുരോഗമന മതേതര സഖ്യം)
രമേശ് പറമ്പത്തിന് ഇത് രണ്ടാമൂഴമാണ്. 2022ലെ തിരഞ്ഞെടുപ്പിൽ 300 വോട്ടുകൾക്കാണ് ഇടത് സ്വതന്ത്രൻ എൻ. ഹരിദാസനെ രമേശ് പരാജയപ്പെടുത്തിയത്. 2016ൽ മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജിനെ 2,300 വോട്ടുകൾക്ക് ഇടത് സ്വതന്ത്രൻ ഡോ. വി. രാമചന്ദ്രൻ പരാജയപ്പെടുത്തിയ മണ്ഡലമാണ് മാഹി. അതേസമയം 2011ൽ 6,104 വോട്ട് ഭൂരിപക്ഷത്തിൽ വത്സരാജ് വിജയിച്ച മണ്ഡലവുമാണ് മാഹി. ഇ. വത്സരാജ് 2021ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെയാണ് മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായ രമേശ് പറമ്പത്ത് കന്നി അംഗത്തിനെത്തിയത്.
ശുഭ പ്രതീക്ഷകളോടെയാണ് രമേശ് പറമ്പത്ത് ഇക്കുറിയും മത്സര രംഗത്തിറങ്ങുന്നത്. വികസന പദ്ധതികൾ ചൂണ്ടിക്കാട്ടിയാണ് രമേശ് പറമ്പത്ത് വോട്ടഭ്യർഥിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ 98 ശതമാനവും പൂർത്തിയാക്കിയായതാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിലെ അജണ്ട. മാഹി ഗവ. നഴ്സിങ് കോളജ്, പള്ളൂർ ആശുപത്രി കെട്ടിട സമുച്ഛയം, മീൻപിടുത്ത തുറമുഖം, ഇൻഡോർ സ്റ്റേഡിയം, പുഴയോര നടപ്പാത തുടങ്ങിയ വൻകിട പദ്ധതികളുടെ പൂർത്തീകരണം തന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളായിരുന്നെന്നും അവയെല്ലാം എം.എൽ.എയെന്ന നിലയിൽ നടപ്പിലാക്കാനായെന്നും കോൺഗ്രസ് സ്ഥാനാർഥി രമേശ് പറമ്പത്ത് എം.എൽ.എ പറഞ്ഞു. മാഹിയിൽ ഗവ. നഴ്സിങ് കോളജ്, പളളൂർ ആശുപത്രിക്ക് പുതിയ കെട്ടിടമുൾപ്പടെയുള്ള വികസനം, റോഡുകളുടെ നവീകരണം എന്നിങ്ങനെയുള്ള പദ്ധതികൾ ചൂണ്ടിക്കാട്ടുന്നു.
അഡ്വ. ടി. അശോക് കുമാർ
(എൽ.ഡി.എഫ്)
മാഹിയിലെ പൊതുപ്രവർത്തകനായ അഡ്വ. അശോക് കുമാർ സുപ്രീം കോടതി വരെ കയറിയതിനെ തുടർന്നാണ് മാഹി ഉൾപ്പെടെയുള്ള പുതുച്ചേരിയിൽ തദ്ദേശ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വിജയം കൈവരിച്ചാൽ മാഹിയിൽ ബസ് സ്റ്റാൻഡ് കം മൈതാനം, ടൂറിസം മേഖല വികസനത്തിന് പ്രത്യേക ഊന്നൽ, റോഡുകളുടെ വികസനം എന്നിവ ചൂണ്ടിക്കാട്ടിയാണ് അശോക് കുമാർ വോട്ടഭ്യർഥിക്കുന്നത്. ഇത്തവണ വിജയം ഉറപ്പാണെന്ന് അശോക് കുമാർ അവകാശപ്പെടുന്നു.
എ. ദിനേശൻ
(എൻ.ഡി.എ)
ഈസ്റ്റ് പള്ളൂർ സ്വദേശിയായ ദിനേശൻ ആദ്യമായാണ് മത്സര രംഗത്തിറങ്ങുന്നത്. മാഹിയുടെ വികസനമാണ് ദിനേശന്റെ പ്രചാരണായുധം. പുതുച്ചേരിയിൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വീണ്ടും വരുമെന്നും വികസന പദ്ധതികൾ പൂർത്തീകരിക്കാൻ എൻ.ഡി.എ മാഹിയിലും വിജയിക്കണമെന്ന് പറഞ്ഞാണ് ദിനേശൻ വോട്ടഭ്യർഥിക്കുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിക്ക് 7500ൽ പരം വോട്ടുകൾ ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

