മലപ്പട്ടത്ത് മഞ്ഞൾ വസന്തം
text_fieldsമലപ്പട്ടം സ്പൈസസ് കമ്പനിയിൽ മഞ്ഞൾപൊടി പാക്കറ്റിലാക്കുന്നു
ശ്രീകണ്ഠപുരം: സുഗന്ധവ്യഞ്ജനങ്ങളുടെ ഉൽപാദനവും വിതരണവും ലക്ഷ്യമാക്കി നാട്ടുകാരുടെ കൂട്ടായ്മയിൽ തുടങ്ങിയ മലപ്പട്ടം സ്പൈസസ് കമ്പനി മഞ്ഞൾ സംഭരിക്കാനാരംഭിച്ചതോടെ കർഷകർക്ക് കിട്ടിയത് വിപണി വിലയേക്കാൾ കൂടുതൽ വില.
വിപണിയിൽ 90 രൂപ വിലയുള്ള മഞ്ഞൾ 110 രൂപ നൽകിയാണ് മലപ്പട്ടം സ്പൈസസ് കർഷകരിൽനിന്ന് സംഭരിച്ചത്. ഈ മഞ്ഞൾ ഗുണനിലവാരത്തോടെ പൊടിയാക്കി വിൽപന നടത്തുകയാണ് കമ്പനി ചെയ്യുന്നത്. 2020ലാണ് കമ്പനി പ്രവർത്തനം തുടങ്ങിയത്. ആദ്യവർഷം തന്നെ ആറ് ക്വിന്റൽ മഞ്ഞൾപൊടിയാണ് വിൽപന നടത്തിയത്.
വന്യമൃഗശല്യം രൂക്ഷമായ പ്രദേശമായതിനാൽ തുടക്കത്തിൽ മഞ്ഞൾ കൃഷിക്ക് പ്രാമുഖ്യം നൽകിയായിരുന്നു കമ്പനിയുടെ പ്രവർത്തനം.മലപ്പട്ടം പഞ്ചായത്തുമായി സഹകരിച്ചാണ് കൃഷി നടത്തിയത്.പഞ്ചായത്ത് കർഷകർക്ക് നൽകിയ വിത്തുപയോഗിച്ച് ഉൽപാദിപ്പിച്ച അഞ്ച് ക്വിന്റലോളം മഞ്ഞൾ ന്യായവില നൽകി കമ്പനി വാങ്ങുകയായിരുന്നു. ഇതിൽനിന്നുണ്ടാക്കിയ മഞ്ഞൾപൊടിയാണ് ആദ്യം വിപണിയിലിറക്കിയത്.
നിലവിൽ മുന്നൂറോളം കർഷകരാണ് പദ്ധതിയുടെ ഭാഗമായി മഞ്ഞൾകൃഷി നടത്തുന്നത്. പ്രതിഭ ഇനത്തിൽപെട്ട മഞ്ഞളാണ് കൃഷിക്ക് ഉപയോഗിച്ചത്.നൂറുശതമാനം ജൈവവും പാരമ്പര്യവുമായി സംസ്കരിച്ചെടുത്ത മഞ്ഞളായതുകൊണ്ട് മരുന്ന് ആവശ്യങ്ങൾക്കുകൂടി ഉപയോഗിക്കാൻ സാധിക്കുമെന്ന് കമ്പനി അധികൃതർ പറയുന്നു.
മലപ്പട്ടം സ്പൈസസ് കമ്പനി ഓണത്തിന് 20 ക്വിന്റൽ മഞ്ഞൾപൊടി വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 12 ക്വിന്റൽ ഉണക്കിയതും അഞ്ച് ക്വിന്റൽ പച്ചയും സംഭരിച്ചുകഴിഞ്ഞു. സംഭരണം തുടരും. സഹകരണ ബാങ്കുകളുടെ ഓണക്കിറ്റുകൾ, ഓണച്ചന്ത, വിപണനമേളകൾ എന്നിവ വഴി അഞ്ച് ക്വിന്റൽ മഞ്ഞൾപൊടി ഇതിനകം വിറ്റഴിച്ചു. ഓണത്തിന് മുന്നോടിയായി കമ്പനിയുടെ പുതിയ ഓഫിസും വിപണനകേന്ദ്രവും മലപ്പട്ടത്ത് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
കർഷകരിൽനിന്ന് ശേഖരിച്ച കുരുമുളക്, തേൻ, വെളിച്ചെണ്ണ, പച്ചക്കറി, മുത്താറി, വയനാടൻ സുഗന്ധദ്രവ്യങ്ങൾ എന്നിവയും ഇവിടെ ലഭ്യമാണ്. കൃഷി വകുപ്പിന് കീഴിലെ എസ്.എഫ്.എ.സിയുടെ സഹായത്താൽ സംസ്ഥാനത്ത് ആരംഭിച്ച 32 കമ്പനികളിൽ ഒന്നാണ് മലപ്പട്ടം സ്പൈസസ്.അടുത്തവർഷം കേരളത്തിന് പുറത്തേക്കുകൂടി മഞ്ഞൾപൊടി കയറ്റുമതി ചെയ്യാനൊരുങ്ങുകയാണ് കമ്പനി.
ഇതോടെ കൂടുതൽ വരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലപ്പട്ടത്തെ മഞ്ഞൾ കർഷകർ. വരുംവർഷങ്ങളിൽ കുരുമുളക്, ഇഞ്ചി, ഏലം എന്നിവ കർഷകരിൽനിന്ന് വാങ്ങി മൂല്യവർധിത ഉൽപന്നങ്ങളാക്കി വിപണിയിലെത്തിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.മലപ്പട്ടം മുൻ പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പജൻ മാനേജിങ് ഡയറക്ടറും മലപ്പട്ടം ബാങ്ക് മുൻ സെക്രട്ടറി ഇ.കെ. പ്രഭാകരൻ സി.ഇ.ഒയുമായ 11 അംഗ ഭരണസമിതിയാണ് നിലവിൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

