പുഴക്കരകളിലെ ആദിവാസി ജീവിതം; കുടിലുകെട്ടി താമസം തുടങ്ങി
text_fieldsപ്രതീകാത്മക ചിത്രം
ആറളം: ആറളം ഫാം പുനരധിവാസ മേഖല ബ്ലോക്ക് 13ൽ 55 ലെ താമസക്കാരായ ചതിരൂർ നൂറ്റിപ്പത്ത് സങ്കേതത്തിലെ കുടുംബങ്ങൾ കക്കുവ പുഴക്കരയിൽ കുടിലുകെട്ടി താമസം തുടങ്ങി.
മഴക്കാലം ആരംഭിക്കുന്നതോടെ ഇവർ വീണ്ടും വീടുകളിലേക്ക് മടങ്ങും. പണിയ വിഭാഗത്തിൽപെട്ട കുടുംബങ്ങളാണ് ഇവർ. മേഖലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് ഇവർ പുഴയോരങ്ങളിൽ താമസമുറപ്പിക്കാൻ കാരണം. വീടുണ്ടെങ്കിലും വീടിന് വെളിയിലെ പ്ലാസ്റ്റിക് ഷെഡുകളിലാണ് അന്തിയുറങ്ങാൻ ഇവർക്ക് താൽപര്യം. ചതിരൂർ നൂറ്റിപ്പത്ത് സങ്കേതത്തിലെ പുനരധിവാസം ബാക്കിവന്ന 25 ഓളം കുടുംബങ്ങൾ ഇപ്പോഴും നൂറ്റിപ്പത്ത് സങ്കേതത്തിലാണ് താമസം.
ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ, പഞ്ചായത്ത് അംഗങ്ങളായ ഷഹീർ മാസ്റ്റർ, റഹിയാനത്ത് സുബി എന്നിവർ പുഴക്കരയിലെ കുടുംബങ്ങളെ സന്ദർശിച്ചു. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശമാണ് ബ്ലോക്ക് 13ലെ 55 മേഖല. മഴ മാറുന്നതോടെ കുടിവെള്ളം കിട്ടാതാകുമ്പോൾ പുഴയോരത്തേക്ക് കുടിലുകൾ കെട്ടി ഇവിടെ തുടരുകയാണ് പതിവ്. ആറളം, കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിലെ നിരവധി ഉന്നതിയിലെ കുടുംബങ്ങളുടെ ജീവിത വ്യവസ്ഥയിൽ പുഴകളോട് ഇഴചേർന്ന ബന്ധമാണ് പുഴക്കരകളിലെ ആദിവാസി ജീവിതം.
കേസെടുത്ത് മനുഷ്യാവകാശ കമീഷൻ
ആറളത്തെ പുഴയോരത്ത് കുടിൽ പോലുമില്ലാതെ ജീവിക്കുന്ന 44 കുടുംബങ്ങളുടെ ദുരവസ്ഥക്ക് പരിഹാരമുണ്ടാക്കാത്ത അധികൃതർക്കെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു.
ജില്ല കലക്ടർ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ, ഇരിട്ടി ട്രൈബൽ എക്സ്റ്റെഷൻ ഓഫിസർ എന്നിവർ പരാതി പരിശോധിക്കണമെന്ന് കമീഷൻ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. ഒരാഴ്ചക്കകം വിശദീകരണം ഹാജരാക്കണം. ഫെബ്രുവരി 12ന് രാവിലെ 10.30ന് കണ്ണൂർ റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും.
16 വർഷമായി ടാർപോളിൽ ഷീറ്റ് പോലുമില്ലാത്ത കൂരയിലാണ് ഇവർ അന്തിയുറങ്ങുന്നത്. സർക്കാരിന്റെ പട്ടികയിലോ വോട്ടർ പട്ടികയിലും ഇവരുടെ പേരില്ല. കാരണം ഇവർക്ക് വീടോ ഭൂമിയോ ഇല്ല. ആറളത്തെ 13ാം ബ്ലോക്കിലെ വിയറ്റ്നാം പാതയോരത്താണ് ഇവർ അന്തിയുറങ്ങുന്നത്. മാസത്തിൽ കിട്ടുന്ന 30 കിലോ റേഷനരി മാത്രമാണ് ആശ്രയം. ജനനവും മരണവും ഇവിടെ തന്നെയാണ് നടക്കുന്നത്. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമീഷൻ കേസെടുത്തത്.
പ്രശ്ന പരിഹാരത്തിന് നടപടി -ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ
കണ്ണൂർ: ആറളം പുനരധിവാസമേഖലയിൽ താമസിക്കുന്ന പട്ടികവർഗ കുടുംബങ്ങളുടെ പ്രശ്നങ്ങൾ പട്ടികവർഗ വികസന വകുപ്പ് പരിഗണിച്ചതാണെന്നും നടപടികൾ വിവിധ തലങ്ങളിലായി നടന്നുവരികയാണെന്നും കണ്ണൂർ ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ അറിയിച്ചു.
ആറളം പുനരധിവാസമേഖലയിലെ ബ്ലോക്ക് 13ൽ 55 പ്രദേശത്ത്, ചതിരൂർ 110 ഉന്നതിയിലെ കുടുംബങ്ങൾ മഴക്കാലം കഴിഞ്ഞാൽ മീൻ പിടിക്കാനും മറ്റുമായി സ്ഥിരമായി പുഴയോരത്ത് താമസിക്കാറുണ്ട്. ആകെ 28 കുടുംബങ്ങളാണ് താമസിക്കുന്നത്. ഈ കുടുംബങ്ങളിൽ ചതിരൂർ 110 ഉന്നതിയിൽ നിന്നെത്തിയ കുടുംബങ്ങളുടെ എണ്ണം 15 ആണ്.
ഇവർ മാതാപിതാക്കൾക്ക് ചതിരൂർ 110 ഉന്നതിയിൽ ഭൂമി ലഭിച്ചവരാണ്. ചതിരൂർ 110 ഉന്നതിയിലുള്ള ഇവർ പ്രദേശത്തേക്ക് വരുന്ന സമയത്ത് പുഴയോരത്ത് ഒത്തുകൂടുകയാണ് ചെയ്യുന്നത്. ഭൂരഹിതരായ 127 കുടുംബങ്ങൾക്ക് ഭൂമി നൽകും
കണ്ണൂർ ജില്ലയിൽ ഭൂരഹിതരും ആറളം ഫാമിൽ താമസിക്കാൻ താൽപര്യം അറിയിച്ചവരുമായ നിലവിൽ ഭൂരഹിതരായ (0 മുതൽ 5 സെന്റ് ഭൂമി) 127 പേർക്ക് ഭൂമി അനുവദിക്കുന്നതിനുളള നടപടികൾ പൂർത്തീകരണ ഘട്ടത്തിലാണ്. നിലവിൽ ആറളം പുനരധിവാസ പ്രദേശത്തിന്റെ പുറമേ നിന്നുമെത്തി താമസിക്കുന്ന 94 കുടുംബങ്ങൾക്ക് ഭൂമി അനുവദിക്കുന്നതിനുളള നടപടികൾ അന്തിമഘട്ടത്തിലുമാണ്.
ചതിരൂർ 110 ഉന്നതിയിൽനിന്ന് വന്ന 15ൽ 10 കുടുംബങ്ങൾ ഈ 94ൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. ഇവർക്ക് ഉടൻ ഭൂമി അനുവദിക്കുമെന്ന് പ്രോജക്ട് ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

