ട്രോളിങ് നിരോധനം അവസാനിച്ചു; മത്സ്യവിപണി ഉണർന്നു
text_fieldsകാസർകോട്: ശക്തമായ കാലവർഷവും കടലേറ്റവും ട്രോളിങ് നിരോധനവുമായി മത്സ്യങ്ങളുടെ വരവുനിലച്ച മാർക്കറ്റുകളിൽ യഥേഷ്ടം മത്സ്യങ്ങൾ വന്നുതുടങ്ങിയത് മത്സ്യാഹാരപ്രേമികൾക്കും മത്സ്യത്തൊഴിലാളികൾക്കും ആശ്വാസമായി. ട്രോളിങ് നിരോധനം അവസാനിച്ചതോടെ കൂടുതൽ മത്സ്യങ്ങൾ വിപണിയിലെത്തുമെന്ന പ്രതീക്ഷയിലാണ് മത്സ്യവിൽപന തൊഴിലാളികളും ഉപഭോക്താക്കളും.
കഴിഞ്ഞ നാലു ദിവസമായി മാർക്കറ്റുകളിൽ ചെമ്മീനിന്റെ വലിയ തോതിലുള്ള വരവാണ്. മീഡിയം സൈസിലുള്ള ചെമ്മീന് കിലോക്ക് 200 രൂപയാണ്. ഇത് ഗ്രാമപ്രദേശങ്ങളിലെത്തുമ്പോൾ 220 മുതൽ 250 രൂപവരെ ഈടാക്കുന്നുണ്ട്. വലിയ ചെമ്മീന് 400 രൂപ മുതൽ 500 രൂപവരെ വിലയുണ്ട്.
നല്ലയിനം ചെമ്മീൻ കലർന്ന പൊടിമീനുകളും മാർക്കറ്റുകളിൽ എത്തിത്തുടങ്ങിയതോടെ മത്തിയുടെയും അയലയുടെയും ഡിമാൻഡ് കുറഞ്ഞിട്ടുണ്ട്. ഫ്രഷായി ലഭിക്കുന്ന മീനുകളോടാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് താൽപര്യവും. കടലിളക്കം ജില്ലയിൽ പല ഭാഗങ്ങളിലും ഉണ്ടെങ്കിലും നേരിയ കുറവുള്ളപ്പോഴാണ് വള്ളങ്ങൾ കടലിലിറക്കുന്നത്.
ഇവർക്ക് ലഭിക്കുന്ന മീനാണ് കഴിഞ്ഞദിവസങ്ങളിൽ മത്സ്യമാർക്കറ്റുകളിൽ എത്തിയത്. മംഗളൂരു, മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖങ്ങളിൽനിന്ന് ഇത്തരത്തിൽ വള്ളങ്ങളിൽ പിടിക്കുന്ന മത്സ്യങ്ങൾ വിപണിയിൽ എത്തുന്നുണ്ട്. അതിനിടെ കാലവർഷ മുന്നറിയിപ്പ് ഗൗരവത്തിലെടുക്കണമെന്ന് അധികൃതർ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

