അമ്പമ്പോ... ഇതെന്ത് തിരക്ക്; ഓണാവധി കഴിഞ്ഞുള്ള മടക്കത്തിൽ ട്രെയിനുകളിൽ വൻ ജനത്തിരക്ക്
text_fieldsഓണാവധി കഴിഞ്ഞ് മടങ്ങുന്നവരുടെ തിരക്ക്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന്
കണ്ണൂർ: ഓണാഘോഷവും അവധിയും കഴിഞ്ഞ് ഞായറാഴ്ച തന്നെ പലരും ജോലിക്കും പഠനത്തിനുമായി പുറപ്പെട്ടതോടെ കാലുകുത്താനിടമില്ലാതെ ട്രെയിനുകൾ. ഇതുവരെ കാണാത്ത തിരക്കിൽ വീർപ്പുമുട്ടുകയായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷൻ. കണ്ണൂരിൽനിന്ന് മംഗളൂരു ഭാഗത്തേക്കും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ഭാഗത്തേക്കുമെല്ലാം പോകുന്നവരുടെ വലിയ തിരക്കാണ് റെയിൽവേ സ്റ്റേഷനിൽ അനുഭവപ്പെട്ടത്.
തിരക്ക് കാരണം റെയിൽവേ സ്റ്റേഷനിലെ രണ്ട്, മൂന്ന് പ്ലാറ്റ്ഫോമിലേക്ക് വരുന്ന മേൽപാലങ്ങൾ ബ്ലോക്കായ നിലയിൽ
ഇതര സംസ്ഥാനങ്ങളിലെ ജോലിയുള്ളവർ കുടുംബസമേതം എത്തിയതിനാൽ അവരും തിരികെ പോകുന്നുണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനുകളിൽ അതിരാവിലെ മുതൽ അനുഭവപ്പെട്ട ജനത്തിരക്ക് രാത്രിവരെ നീണ്ടു. പ്ലാറ്റ്ഫോമുകളിലേക്ക് നടന്നുപോകേണ്ടുന്ന മുഴുവൻ മേൽപാലങ്ങളും ഉച്ചകഴിഞ്ഞ് യാത്രക്കാരെക്കൊണ്ട് നിറഞ്ഞു. ഏറെനേരം മേൽപാലത്തിൽ കുടുങ്ങിയ യാത്രക്കാർ പലരും മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് എത്താൻ പണിപ്പെട്ടു. തിക്കും തിരക്കും കാരണം ചെറിയ കുട്ടികളുമായെത്തിയവരും മറ്റും വലിയ ദുരിതമാണ് അനുഭവിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ 10 ദിവസത്തെ ഓണാവധിക്കുശേഷം തിങ്കളാഴ്ച തുറക്കുന്നതിനാൽ ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ തിരികെ പോകാനെത്തിയതും തിരക്ക് വർധിപ്പിച്ചു. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവരും ടിക്കറ്റ് കിട്ടാതെ വന്നവരും ഇക്കൂട്ടത്തിൽ ഉൾപ്പെടും. ട്രെയിൻ ടിക്കറ്റ് ലഭിക്കാത്ത ചിലർ സ്വകാര്യ ദീർഘദൂര ബസുകളെയാണ് ആശ്രയിച്ചത്. റെയിൽവേ സ്റ്റേഷനിലെ തിരക്ക് കാരണം കനത്ത പൊലീസ് പരിശോധനയും ഉണ്ടായിരുന്നു. ബംഗളൂരുവിലേക്ക് കണ്ണൂരിൽനിന്ന് ബസിൽ എളുപ്പത്തിൽ എത്താനാകുന്നതിനാൽ എല്ലാ ബസുകളും ഫുൾ ബുക്കിങ്ങാണ്.
‘ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കണം’
ദിവസങ്ങളായി റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവർത്തനം മുടങ്ങിയതിനാൽ ട്രെയിൻ യാത്രക്കാരായ പ്രായമായവർക്കും സ്ത്രീകൾക്കും ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ഇത് പ്രവർത്തനക്ഷമമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും വെൽഫെയർ പാർട്ടി കണ്ണൂർ കോർപറേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പ്രസിഡന്റ് സി.പി. മുസ്തഫ, സെക്രട്ടറി ബി. ഖാലിദ്, കെ. അബ്ദുൽ അസീസ് എന്നിവർ സ്റ്റേഷൻ മാനേജർക്ക് നിവേദനവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

