Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅപകടത്തിൽ നടുങ്ങി...

അപകടത്തിൽ നടുങ്ങി ചുമടുതാങ്ങി; നോവോർമയായി ആന്റോയും ഷിബിലും

text_fields
bookmark_border
അപകടത്തിൽ നടുങ്ങി ചുമടുതാങ്ങി; നോവോർമയായി ആന്റോയും ഷിബിലും
cancel
camera_alt

മണ്ടൂർ ചുമടുതാങ്ങിയിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടം

പയ്യന്നൂർ: തിമിർത്തു പെയ്തുകൊണ്ടിരിക്കുന്ന മഴയൊന്ന് പിൻവാങ്ങിയപ്പോഴാണ് നാടിനെ നടുക്കിയ ശബ്ദം നാട്ടുകാർ കേട്ടത്. ഉടൻ റോഡിലെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്. രണ്ട് ലോറികൾ നിന്നു കത്തുന്നു. ഒപ്പം നിലവിളികളും. മണ്ടൂർ ചുമടുതാങ്ങിയിൽ രണ്ട് യുവാക്കളുടെ ദാരുണ മരണത്തിനിടയാക്കിയ അപകട ദൃശ്യം നേരിൽക്കണ്ട നാട്ടുകാരുടെ നൊമ്പരം വിവരണാതീതം.

രാത്രിയായതിനാൽ ആദ്യം അപകടത്തിൽപ്പെട്ട വാഹനങ്ങൾ വ്യക്തമായില്ല. പാചകവാതക ടാങ്കർ ആണെന്നാണ് ആദ്യം കരുതിയത്. അതുകൊണ്ടുതന്നെ ആരും അടുത്തു പോയില്ല. തുടർന്ന് അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട നിർത്തിയിട്ട ലോറിയിലെ ഡ്രൈവറും ഉടമയും പറഞ്ഞപ്പോഴാണ് കത്തുന്നത് രണ്ട് ലോറികളാണെന്ന് മനസ്സിലായത്.

അപകടത്തിൽ ഇബിനൈസർ ആന്റോ റോഡിലേക്ക് തെറിച്ചുവീണാണ് മരിച്ചത്. ഇദ്ദേഹത്തെ നാട്ടുകാർ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഷിബിൽ ലോറിക്കകത്ത് കുടുങ്ങിപ്പോവുകയായിരുന്നു. ആളിക്കത്തുന്ന ലോറിയുടെ അടുത്തേക്ക് രക്ഷാപ്രവർത്തകർക്ക് പോവുക അസാധ്യമായിരുന്നു. കത്തിക്കൊണ്ടിരിക്കുന്ന ലോറിക്കൊപ്പം ഷിബിലും കത്തിക്കരിയുകയായിരുന്നു. തീ നിയന്ത്രണവിധേയമാക്കിയ ശേഷം അഗ്നിരക്ഷസേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹന ഭാഗങ്ങൾ മുറിച്ചുമാറ്റിയാണ് ഷിബിലിനെ പുറത്തെടുത്തത്.

അപകടത്തിൽ മരണമടഞ്ഞ ഷിബിൽ രണ്ടാഴ്ച മുമ്പാണത്രെ കാഞ്ഞങ്ങാട്ടെ ഭാരത് ബെൻസിൽ ജോലിക്കെത്തിയത്. ടെക്നീഷ്യൻ ട്രെയിനിയായിട്ടാണ് ജോലി ചെയ്യുന്നത്. മിക്ക ദിവസങ്ങളിലും രാത്രിയിലാണ് ടെക്നീഷ്യന്മാർ എത്തി ജോലി ചെയ്തു വരുന്നത്. പുലരുമ്പോഴേക്കും അറ്റകുറ്റപ്പണി തീർത്ത് വാഹനം ഉടമക്ക് കൈമാറാൻ ഉറക്കമിളച്ച് ജോലി ചെയ്ത 22 ഉം 24 ഉം മാത്രം പ്രായമുള്ള രണ്ട് യുവാക്കളെയാണ് ഒരു സൂചന പോലും നൽകാതെ മരണം തട്ടിയെടുത്തത്. റോഡരികിൽ നിർത്തിയിട്ട വാഹനത്തിൽ സാധാരണ പോലെ ജോലിയിൽ മുഴുകിയിരിക്കെയാണ് വിധിയുടെ അപ്രതീക്ഷിത ക്രൂരത.

50 ടണോളം സാധനങ്ങൾ കയറ്റി വന്ന കോൺക്രീറ്റ് മിക്സറാണ് നിർത്തിയിട്ട ലോറിയിലിടിച്ചത്. ഇത് ദുരന്ത തീവ്രത കൂടാൻ കാരണമായി. ഓടിയെത്തിയ പരിസരവാസികൾ കണ്ടത് സ്ഥലത്ത് തീഗോളമായിരുന്നു. രണ്ട് ജീവൻ മുന്നിൽ പൊലിഞ്ഞ നോവോർമയിലാണ് നാട്.

അതേസമയം അപകടക്കെണിയാണ് കെ.എസ്.ടി.പി റോഡെന്ന് നാട്ടുകാർ പറയുന്നു. ഒരു വർഷം മുമ്പാണ് കാൽനടക്കാരനായ കുടുംബനാഥന് ഇതേ സ്ഥലത്ത് ജീവൻ നഷ്ടപ്പെട്ടത്. നിരവധി അപകടങ്ങൾ പതിവായ പാത നാടിന്റെ സ്വാസ്ഥ്യം കെടുത്തുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fireroad safetypayyanurKerala NewsAccidents
News Summary - Tragedy at Mandur Chumaduthangi: Two Youths Die as Lorries Catch Fire After Crash
Next Story