നടാൽ ഗേറ്റിൽ ലോറിയിടിച്ചു; ഗതാഗതം താളംതെറ്റി
text_fieldsലോറിയിടിച്ചു തകർന്ന നടാൽ ഗേറ്റ്
എടക്കാട്: നടാൽ റെയിൽവേ ഗേറ്റ് ലോറി ഇടിച്ചു തകർന്നു. ഇതോടെ കണ്ണൂർ-തലശ്ശേരി റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. നടാൽ ചാല - താഴെ ചൊവ്വ ബൈപാസിലും തലശ്ശേരി റൂട്ടിലും വൻ ഗതാഗതക്കുരുക്കുണ്ടായി. നിരവധി യാത്രക്കാർ ദുരിതത്തിലായി. തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടടുത്ത് ട്രെയിൻ കടന്നുപോകുന്നതിന് ഗേറ്റ് അടക്കുന്നതിനിടെ തലശ്ശേരിയിൽ നിന്നും കയറുന്ന ഭാഗത്തെ റെയിൽവേ ഗേറ്റാണ് ടിപ്പർ ലോറി ഇടിച്ച് തകർന്നത്. ഇതേ തുടർന്ന് ഗേറ്റ്മാൻ ഗേറ്റ് പൂട്ടിയിടുകയാണുണ്ടായത്. ഇതോടെ കണ്ണൂരിൽ നിന്ന് വരുന്ന ബസുകൾ നടാൽ വരെ വന്നും തലശ്ശേരിയിൽ നിന്നും വരുന്ന ബസുകൾ ഒ.കെ.യു.പി.സ്കൂൾ വരെ വന്നും തിരിച്ച് പോവുകയാണുണ്ടായത്.
സംഭവമറിഞ്ഞെത്തിയ എടക്കാട് പൊലീസ് ഗതാഗതം നടാൽ-ചാല-താഴെ ചൊവ്വ ബൈപാസിലൂടെ തിരിച്ചുവിട്ടതോടെ ഈ റൂട്ടിലും വൻ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. കണ്ണൂരിൽ നിന്നും റെയിൽവെ ജീവനക്കാരെത്തി രാത്രി വൈകിയും ഗേറ്റിന്റെ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നു കൊണ്ടിരിക്കുകയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പും ഇവിടെ ഗേറ്റിൽ ലോറിയിടിച്ചിരുന്നു.

