തെക്കീ ബസാർ-കക്കാട് റോഡിൽ കുരുക്കഴിയും
text_fieldsപണിമുടക്കിനെ തുടർന്ന് വിജനമായ കണ്ണൂർ കാൾടെക്സ് ജങ്ഷൻ
കണ്ണൂർ: കക്കാട് റോഡിൽ വർഷങ്ങളായുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാവുന്നു. തെക്കീ ബസാർ-കക്കാട് റോഡിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായാണ് ട്രാഫിക് പൊലീസ് പരിഷ്കാരം നടപ്പാക്കിയത്. പരീക്ഷണാടിസ്ഥാനത്തിലാണ് തുടങ്ങിയതെങ്കിലും അടുത്ത ദിവസം മുതൽ അത് സ്ഥിരപ്പെടുത്തും. നിലവിൽ കാൽടെക്സ് ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ദേശീയപാതയിൽ നിന്ന് കക്കാട് റോഡിലേക്ക് കയറുന്നത് ഒഴിവാക്കി ഏതാനും ദൂരം മുന്നോട്ടു പോയി വലതു വശത്തെ റോഡിലൂടെ കക്കാട് റോഡിലേക്ക് പ്രവേശിക്കും വിധമാണ് പരിഷ്കാരം നടപ്പാക്കിയത്. പുതിയ ഗാതഗത ക്രമീകരണം വലിയ മാറ്റമുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ.
ഇതിനായി ദേശീയപാതയിലെ ഏതാനും ഡിവൈഡറുകൾ കഴിഞ്ഞ ദിവസം പൊളിച്ചു നീക്കി. ദേശീയ പാത വിഭാഗത്തിന്റെ സഹകരണത്തോടെ ട്രാഫിക് പൊലീസാണ് പരിഷ്കാരം നടപ്പാക്കിയത്. തെക്കീ ബസാറിൽ കക്കാട് റോഡ് ജങ്ഷനിൽ, കാൾടെക്സ് ഭാഗത്തു നിന്ന് കക്കാട് ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ ദേശീയപാത മുറിച്ചു കടക്കുമ്പോഴുള്ള ഗതാഗത കുരുക്ക് സങ്കീർണമായ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി.
ട്രാഫിക് എസ്.ഐമാരായ മനോജ്, സുരേഷ് എന്നിവരുടെ ശ്രമഫലമായാണ് പുതിയ നടപടി പരീക്ഷിക്കുന്നത്. ദേശീയ പാത വികസനം കൂടി വരുന്ന സാഹചര്യത്തിൽ ഇവിടുത്തെ കുരുക്ക് ഒഴിവാക്കാനായാൽ വലിയ ഗുണം ചെയ്യും. നിലവിൽ വർഷങ്ങൾക്ക് ശേഷം പുതിയ തെരുവിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കിയത് വളപട്ടണം പൊലീസിന്റെ വലിയ നേട്ടമായിരുന്നു. കെ.വി. സുമേഷ് എം.എൽ.എയുടെ ഇടപെടലിലായിരുന്നു പുതിയതെരുവിലെ കുരുക്കിന് പരിഹാരമായത്. തെക്കീബസാർ കക്കാട് റോഡിലെ ഗതാഗത കുരിക്കുകൾ കൂടി ഇല്ലാതാവുന്നതോടെ നഗരത്തിൽ വലിയ മാറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷ. പരിഷ്കാരത്തിന്റെ ഭാഗമായി ഗതാഗതം നിയന്ത്രിക്കാനും കാര്യങ്ങൾ ബോധ്യപ്പെടുത്താനും കൂടുതൽ പൊലീസുകാരെ റോഡിൽ വിന്യസിക്കും.
ഗതാഗത ക്രമീകരണം ഇങ്ങനെ
തെക്കീബസാർ, കക്കാട് റോഡിലൂടെ വൺവേ സംവിധാനമായിരിക്കും. തെക്കീബസാർ എത്തിയാൽ വാഹനങ്ങൾ കക്കാട് ഭാഗത്തേക്ക് തിരിയാൻ പാടില്ല. പകരം കുറച്ചുകൂടി മുന്നാട്ടുപോയി വലത്തോട്ടേക്ക് തിരിഞ്ഞ് കക്കാട് റോഡിലേക്ക് പ്രവേശിക്കുന്ന റോഡിലൂടെ കയറണം. കക്കാട് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്ന ഭാഗത്ത് ദേശീയപാതയിലെ ഡിവൈഡറുകൾ ട്രാഫിക്ക് പൊലീസ് പൊളിച്ചുനീക്കി. കക്കാട് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് വരുന്ന വാഹനങ്ങളെ നിലവിലെ റോഡിലൂടെ തന്നെ കടത്തിവിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

