നാളെ എയ്ഡ്സ് ദിനം; ജില്ലയിൽ 44 പുതിയ രോഗികൾ
text_fieldsകണ്ണൂർ: എയ്ഡ്സ് രോഗികളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുമ്പോഴും ജില്ലയിൽ പുതുതായി 44 രോഗികളെ കണ്ടെത്തി. 2024ൽ 82,118 പേരെ പരിശോധിച്ചതിലാണ് പുതുതായി 44 പേരെ കണ്ടെത്തിയത്. 2019ലും 2020ലും 65 വീതം രോഗികളെയാണ് ജില്ലയിൽ കണ്ടെത്തിയത്. 2021ൽ 49ഉം 2022ൽ 52ഉം 2023ൽ 62ഉം രോഗികൾ പുതുതായുണ്ടായി.
എച്ച്.ഐ.വി ബാധിതരായി ജില്ല ആശുപത്രിയിൽ 1334 പേരും പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ 132 പേരുമാണ് ജില്ലയിൽ ആകെ ചികിത്സയിലുള്ളത്. 2024ൽ മാത്രം ജില്ല ആശുപത്രിയിൽ 37ഉം പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ 15ഉം രോഗികൾ ചികിത്സ നടത്തിവരുന്നുണ്ട്. ഇതിനു പുറമെ രോഗാവസ്ഥയിൽ എത്താത്ത രോഗവാഹകരായ 1016 പേരും ജില്ലയിലുണ്ട്. 2024 ഒക്ടോബർ വരെ ജില്ലയിൽ ആകെ 157 രോഗികളാണ് മരിച്ചത്. ജില്ല ആശുപത്രിയിൽ 146ഉം പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ 11 പേരുമാണ് മരിച്ചത്.
ഈ വർഷം മാത്രം എയ്ഡ്സ് രോഗത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 23 വരും. ജില്ല ആശുപത്രിയിൽ 20ഉം പരിയാരം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്നും.
ഇതര സംസ്ഥാന തൊഴിലാളികളിൽ പുതിയ ഒരു രോഗി ഉൾപ്പെടെ 25 പേരാണ് എയ്ഡ്സ് ബാധിതരായുള്ളതെന്ന് ജില്ല ടി.ബി ആൻഡ് എയ്ഡ്സ് കൺട്രോൾ ഓഫിസർ ഡോ. സോനു ബി. നായർ പറഞ്ഞു
എയ്ഡ്സ് ദിനം: ജില്ലതല ഉദ്ഘാടനം
കണ്ണൂർ: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം ശനിയാഴ്ച മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കുമെന്ന് ജില്ല ടി.ബി ആൻഡ് എയ്ഡ്സ് കൺട്രോൾ ഓഫിസർ ഡോ. സോനു ബി. നായർ അറിയിച്ചു. വൈകീട്ട് മൂന്നിന് ടൗൺ സ്ക്വയറിലാണ് ഉദ്ഘാടനത്തോടനുബന്ധിച്ച പൊതുസമ്മേളനം.
ശനിയാഴ്ച മുതൽ ഡിസംബർ രണ്ടുവരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സെമിനാറുകൾ, മത്സരങ്ങൾ, കാമ്പയിൻ, ദീപം തെളിക്കൽ, ടെസ്റ്റിങ് ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ മീഡിയ ഓഫിസർ ടി. സുധീഷ്, പി.വി. സുനിൽ, പി. അക്ഷയ, വൈ. അബ്ദുൽ ജമാൽ എന്നിവരും പങ്കെടുത്തു.

