ഇനിയില്ല ആ പുഞ്ചിരി; മാനസക്ക് ഇന്ന് നാട് വിടനൽകും
text_fieldsമാനസയുടെ മൃതദേഹം നാറാത്തെ വീട്ടിൽ (ഫോട്ടോ: പി.സന്ദീപ്)
കണ്ണൂർ: ഡോക്ടറായി സ്വീകരിക്കാനൊരുങ്ങിയ നാട് മാനസയുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങി. ഞായറാഴ്ച രാവിലെയാണ് മാനസയുടെ മൃതദേഹം നാറാത്തെ വീട്ടിലെത്തിച്ചത്. പുഞ്ചിരിതൂകിയ മുഖമായി എന്നും കാണുന്ന മാനസക്ക് നേരിട്ട ദുരന്തം വിശ്വസിക്കാൻ നാട്ടുകാർക്കും ബന്ധുക്കൾക്കും കഴിയുന്നില്ല. നാറാത്ത് ടി.സി ഗേറ്റിനു സമീപത്തെ 'പാർവണം' വീട്ടിലെ മാനസയുടെ അച്ഛനും അമ്മക്കും ഇപ്പോഴും മകളുടെ മരണവാർത്ത ഉൾക്കൊള്ളാനായിട്ടില്ല. പഠിക്കുന്ന സ്ഥലത്ത് മകൾ വെടിയേറ്റുമരിച്ച വാർത്ത വിശ്വസിക്കാനാവാതെ തരിച്ചുനിൽക്കുകയാണിവർ. ദുരന്ത വാർത്തയറിഞ്ഞതിനുശേഷം ഈ വീട്ടിൽനിന്ന് ഉയരുന്നത് കൂട്ട നിലവിളിയാണ്.
വിമുക്തഭടനായ പി.വി. മാധവനെയും പുതിയതെരു രാമഗുരു സ്കൂൾ അധ്യാപികയായ സബീനയെയും സഹോദരനായ അശ്വന്തിനെയും സമാധാനിപ്പിക്കാൻ ബന്ധുക്കൾക്കും നാട്ടുകാർക്കും കഴിയാത്ത അവസ്ഥയാണ്. പഠനത്തിൽ മിടുക്കിയായ മാനസ ഒന്നുമുതൽ പ്ലസ് ടു വരെ പഠിച്ചത് കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു. പ്രവേശന പരീക്ഷയിൽ മെറിറ്റിലാണ് കോതമംഗലത്തെ സീറ്റിൽ പ്രവേശനം നേടിയതും.
ടി.വിയിലൂടെ മകളുടെ ദുരന്ത വാർത്തയറിഞ്ഞ സബീന തളർന്നുവീഴുകയായിരുന്നു. ഈ സമയം, ഹോം ഗാർഡായ മാധവൻ കണ്ണൂർ നഗരത്തിൽ ഡ്യൂട്ടിയിലായിരുന്നു. സഹപ്രവർത്തകർ വിവരമറിയിച്ചാണ് ഇദ്ദേഹത്തെ വീട്ടിലെത്തിച്ചത്. പോസ്റ്റ്മോർട്ടം പൂർത്തിയായശേഷം രാത്രി വൈകിയാണ് മൃതദേഹം കണ്ണൂരിലെത്തിച്ചത്. കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിലെ ഫ്രീസറിൽ സൂക്ഷിച്ച മൃതദേഹം ഞായറാഴ്ച രാവിലെയോടുകൂടി നാറാത്തെ വീട്ടിലെത്തിക്കും. തുടർന്ന് പത്ത് മണിയോടെ സംസ്കാര ചടങ്ങുകൾ നടത്താനാണ് തീരുമാനമെന്ന് ബന്ധുക്കൾ അറിയിച്ചു. വെള്ളിയാഴ്ച വിവരമറിഞ്ഞശേഷം മാനസയുടെ ബന്ധുക്കളായ വിജയൻ, സനാതനൻ, സി.പി.എം ലോക്കൽ സെക്രട്ടറി എൻ. അശോകൻ എന്നിവർ കോതമംഗലത്തേക്ക് പുറപ്പെട്ടിരുന്നു.