ഇന്ന് തിരുവോണം... ഉത്രാടത്തിരക്കിൽ നഗരം
text_fieldsകണ്ണൂർ നഗരത്തിലെ പച്ചക്കറി മാർക്കറ്റിലെ തിരക്ക്
കണ്ണൂര്‍: കനത്ത മഴ തിമിർത്ത് പെയ്തത് ഓണാഘോഷ ഒരുക്കത്തിന് മങ്ങലേൽപ്പിക്കുമെന്ന ആശങ്കയായിരുന്നു ഉത്രാട ദിനം. എന്നാൽ മഴ വഴിമാറി പ്രകൃതി കനിഞ്ഞതോടെ കണ്ണൂരിലും ഉൾപ്രദേശങ്ങളിലുമെല്ലാം സാധനങ്ങൾ വാങ്ങാൻ ആളുകളുടെ ഒഴുക്കാണുണ്ടായത്. സദ്യവട്ടങ്ങള്‍ക്കുള്ള സാധനങ്ങളും വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും ഓണക്കാലത്ത് ഏറ്റവും അധികം വില്‍ക്കപ്പെടുന്ന ദിവസം കൂടിയാണ് ഉത്രാടനാള്.
ദിവസങ്ങളായി ഓണ വിപണി സജീവമാണെങ്കിലും വ്യാഴാഴ്ച പതിവില്‍ കൂടുതല്‍ തിരക്കാണുണ്ടായത്. കഴിഞ്ഞയാഴ്ച രണ്ടുദിവസങ്ങളില്‍ മഴമാറി നിന്നപ്പോള്‍ ജില്ലയിലെ തെരുവോരങ്ങളിലും മറ്റും സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് വലിയ കച്ചവടം നടന്നിരുന്നു. എന്നാല്‍ വിണ്ടും ചെറുതായി മഴ പെയ്യാന്‍ തുടങ്ങിയത് വ്യാപാരികള്‍ക്കും ജനങ്ങൾക്കും ആശങ്കയുണ്ടാക്കിയിരുന്നു. ജില്ലയില്‍ മലയോര മേഖലയിലടക്കം ഉത്രാട ദിനം രാവിലെ മുതല്‍ ശക്തമായ മഴയാണ് പെയ്തത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമർദം കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദമായി മാറുമെന്നും ഓണനാളുകളില്‍ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ മുന്നറിയിപ്പുണ്ടായിരുന്നു. എങ്കിലും പകൽ സമയം മഴ ഒഴിഞ്ഞത് സാധനങ്ങൾ വാങ്ങാനിറങ്ങിയവർക്ക് വലിയ ആശ്വാസമായി.ഒപ്പം വ്യാപാര മേഖലക്കും. പൂക്കച്ചവടം വൈകീട്ടോടെയാണ് കൂടുതൽ സജീവമായത്. ഉത്രാട ദിനം രാത്രി വൈകിയും പൂക്കൾ വാങ്ങാനെത്തിയവരുടെ വലിയ തിരക്കാണുണ്ടായത്. മത്സരിച്ച് വിലക്കുറവിൽ പൂക്കൾ വിൽക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ചട്ടിക്ക് ഡിമാൻഡ് കുറഞ്ഞു
ഓണവിപണിയിലെ മണ്‍പാത്രങ്ങള്‍ക്ക് വില കുറവാണെങ്കിലും ആവശ്യക്കാര്‍ കുറവെന്ന് കച്ചവടക്കാര്‍. ഓണത്തിന് ദിവങ്ങള്‍ക്ക് മുമ്പ് തന്നെ സ്റ്റേഡിയം കോര്‍ണറിലും പൊലിസ് മൈതാനിയിലും മണ്‍പാത്ര വിപണി സജീവമായിരുന്നു. വര്‍ഷംതോറും ഉല്‍പ്പാദന ചെലവ് വര്‍ധിക്കുമ്പോഴും വില്പന കുറയുന്നത് ഈ മേഖലയെ തളര്‍ത്തുന്നുവെന്ന് കച്ചവടക്കാര്‍ പറഞ്ഞു.
എണ്പതു രൂപയ്ക്ക് തുടങ്ങി 500 രൂപ വരേ നല്‍കേണ്ട വ്യത്യസ്ത വലിപ്പമുള്ള കറിച്ചട്ടികള്‍ ഇവിടെ ലഭ്യമാണ്. 250 മുതല്‍ 300 രൂപവരെ വിലയുള്ള കൂജകള്ക്കാണ് കൂടുതല്‍ ആവശ്യക്കാരുണ്ടായത്. പൂച്ചട്ടികള്‍ക്ക് 550 മുതല്‍ 850 രൂപ വരെ വിലയുണ്ട്. വ്യത്യസ്ത ഡിസൈനിലും വലിപ്പത്തിലുമുള്ളവയാണ് ഇവ. ഓണം കഴിഞ്ഞാലും ചട്ടി വിൽപന തുടരും.
മേളകളില്‍ തിരക്ക്
ഉത്രാട ദിനം ഓണത്തോടനുബന്ധിച്ചുള്ള മേളകളില്‍ വലിയ ജനത്തിരക്കാണ് ഉണ്ടായത് . പൊലീസ് മൈതാനത്ത് കൈത്തറി വസ്ത്ര പ്രദര്‍ശന വിപണനമേള, കേരള ദിനേശിന്റെ ഓണം വിപണനമേള, ജില്ലാ പഞ്ചായത്തിന്റെ കാര്‍ഷിക പരമ്പരാഗത വ്യവസായ ഉല്പന്ന പ്രദര്‍ശന വിപണനമേള, ഓണം ഫെയര്‍ എന്നിവയാണുള്ളത്.
സ്റ്റേഡിയം കോര്‍ണറിലും കച്ചവടക്കാര്‍ ഇടം പിടിച്ചു. കടകളിലേതിനേക്കാള്‍ വിലക്കുറവ് ഉള്ളതിനാല്‍ വസ്ത്രങ്ങള്‍ക്ക് സാധാരണക്കാര്‍ ഏറെയും ആശ്രയിക്കാറുള്ളത് തെരുവോര കച്ചവടത്തെയാണ്. കീശ കാലിയാകാതെ വില പേശി വാങ്ങാമെന്നതും തെരുവോര വിപണിയെ ജനപ്രിയമാക്കി.
നാടെങ്ങും ഓണാഘോഷം
കോളജ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങി എല്ലായിടത്തും ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കോര്പറേഷന്, ജില്ലാപഞ്ചായത്ത്, പൊലിസ് സേന എന്നിവരുടെയും ഓണാഘോഷ പരിപാടികള്‍ നടന്നു.
മഴ തിരുവോണ നാളിലെ പരിപാടികൾ മുടക്കുമോയെന്ന ആശങ്കയും ഉൾ ഗ്രാമങ്ങളിലടക്കം നിലവിലുണ്ട്. പൂക്കള മത്സരം, കമ്പവലി, മറ്റ് കലാപരിപാടികള്‍ എന്നിവയെല്ലാം ഓണാഘോഷത്തിന്റെ ഭാഗമായി ഒഴിവാക്കാന്‍ പറ്റാത്തതാണ്. രണ്ടുകൂട്ടം പായസം ഉള്‍പ്പെടെയുള്ള സദ്യയും നിര്‍ബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

