ഇത്തവണ വൈകിയില്ല, ഓണത്തിന് ചെണ്ടുമല്ലി തയാർ
text_fieldsകണ്ണൂർ: ഇത്തവണ ഓണത്തിന് പൂക്കളം തീർക്കാൻ തദ്ദേശീയമായി ഉൽപാദിപ്പിച്ച പൂക്കളെത്തും. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ 'ഓണത്തിന് ഒരുകൊട്ട പൂവ്' പദ്ധതിയുടെ ഭാഗമായാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. കഴിഞ്ഞ വർഷങ്ങളിൽ ചെടികൾ വിതരണം ചെയ്യാൻ വൈകിയതിനാൽ ഓണത്തിന് പൂക്കളുടെ വിളവെടുപ്പ് നടത്താനായിരുന്നില്ല. കഴിഞ്ഞ വർഷങ്ങളിൽ കാലാവസ്ഥയും വില്ലനായി. പദ്ധതി വലിയ തോതിൽ നടപ്പാക്കിയിരുന്ന പിണറായി പഞ്ചായത്തിലടക്കം കഴിഞ്ഞ വർഷം വെള്ളം കയറി കൃഷി നശിച്ചിരുന്നു.
ഓണക്കാലത്ത് അയൽസംസ്ഥാനത്തുനിന്നുള്ള പൂക്കളെ ആശ്രയിക്കുന്നതിനുപകരം ജില്ലയിൽതന്നെ പൂകൃഷി നടത്തി ആവശ്യമായ പൂക്കൾ ഉൽപാദിപ്പിക്കാൻ അഞ്ചു വർഷമായി ജില്ല പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നുണ്ട്. ഇത്തവണ ആദ്യമായാണ് വിളവെടുപ്പ് ഉഷാറായത്. ഇത്തവണ 1.37 ലക്ഷം ചെണ്ടുമല്ലി തൈകളാണ് വിതരണം ചെയ്തത്. ഒരു ചെടിയിൽനിന്ന് ശരാശരി ഒന്നര കിലോ പൂക്കൾ ലഭിക്കും. ആകെ 200 ടൺ പൂക്കൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. പത്തു ലക്ഷം രൂപ ചെലവിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 50 ഹെക്ടർ സ്ഥലത്താണ് പൂകൃഷി ചെയ്തത്. കാർഷിക ഗ്രൂപ്പുകൾക്കും ജില്ലയിലെ മികച്ച കർഷകർക്കുമാണ് തൈകൾ കൈമാറിയത്. കഴിഞ്ഞ വർഷങ്ങളിൽ ജില്ല പഞ്ചായത്ത് ഫാമിൽനിന്ന് തൈകൾ ലഭിക്കാൻ വൈകിയതിനാൽ തിരുവോണവും കഴിഞ്ഞാണ് പൂക്കൾ വിരിഞ്ഞത്.
പൂക്കൾ പെയിന്റ് കമ്പനികൾക്ക് കൈമാറുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രാവർത്തികമായിരുന്നില്ല. കൃത്യമായി പരിചരിക്കുകയാണെങ്കിൽ 45 മുതല്‍ 50 ദിവസങ്ങള്‍ക്കുള്ളില്‍ പൂക്കള്‍ വിരിഞ്ഞ് വിളവെടുപ്പിനായി തയാറാകും. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് ചെണ്ടുമല്ലി കൃഷിക്കും ഏറ്റവും അനുയോജ്യമായത്. ടെറസുകളിലടക്കം ഇത്തവണ പൂപ്പാടമൊരുങ്ങി. അഴീക്കോട് ചാൽ സ്വദേശി പി. സിലേഷിന്റെ പൂപ്പാടത്ത് നടന്ന ജില്ല തല വിളവെടുപ്പ് മുൻ എം.പി പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു.ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ യു.പി. ശോഭ, ടി. സരള, ജില്ല പഞ്ചായത്തംഗം എൻ.പി. ശ്രീധരൻ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. അജീഷ്, വൈസ് പ്രസിഡന്റ് എ. റീന, പഞ്ചായത്തംഗം കെ. ഗിരീഷ് കുമാർ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം.പി. അനുപ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

