ഒടുവിൽ കടുവയെ കണ്ടെത്തി
text_fieldsഇരിട്ടി: ഏഴു ദിവസമായി മലയോരത്തെ ഭീതിയിലാക്കിയ കടുവയെ ഒടുവിൽ വനം ദ്രുതകർമസേന സംഘം കണ്ടെത്തി. അയ്യങ്കുന്ന് പഞ്ചായത്തിൽപെട്ട കഞ്ഞിക്കണ്ടം മേഖലയിൽ ജനവാസകേന്ദ്രത്തിലെ കൃഷിയിടത്തിലാണ് തിരച്ചിലിനിടയിൽ കടുവയെ കണ്ടെത്തിയത്. ഇതോടെ ജനങ്ങളെ സ്ഥലത്തുനിന്ന് അകറ്റി. സമീപത്തുള്ള 80 വീടുകളിൽ കഴിയുന്നവർക്ക് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി. പറമ്പിൽ മേയ്ക്കാൻ കെട്ടിയിരുന്ന വളർത്തുമൃഗങ്ങളെ കൂടുകളിലാക്കി സുരക്ഷിതമാക്കാനും നിർദേശിച്ചു. പ്രദേശത്തിന്റെ പ്രത്യേകതകൾ അനുസരിച്ച് കടുവ തുടർന്ന് ജനങ്ങൾക്ക് ഭീഷണിയായി മുന്നോട്ടുനീങ്ങാതിരിക്കാൻ വനംവകുപ്പിന്റെ 60 അംഗ സംഘം ചുറ്റിലുമായുള്ള മുണ്ടയാംപറമ്പ്- ആനപ്പന്തി റോഡ്, കഞ്ഞിക്കണ്ടം - വാഴയിൽ റോഡ് എന്നിവിടങ്ങളിൽ കാവൽ ഏർപ്പെടുത്തി.
കടുവയെ കണ്ടെത്തിയ പ്രദേശത്തെ കാൽപാടുകൾ വനം ദ്രുതകർമസേനയുടെ നേതൃത്വത്തിൽ പരിശോധിക്കുന്നു
ബുധാനാഴ്ച രാവിലെ മുണ്ടയാംപറമ്പ് അമ്പലത്തിന് സമീപത്തെ നീറാന്തടത്തിൽ ബിനുവിന്റെ വീടിന് സമീപമാണ് കടുവയെ കണ്ടത്. രാവിലെ 6.30ഓടെ വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന ബിനു സമീപത്തെ മരച്ചീനി തോട്ടത്തിൽ എന്തോ ചാടിവീഴുന്നത് ശ്രദ്ധയിൽപെട്ട് നോക്കുന്നതിനിടയിലാണ് കടുവയാണെന്ന് മനസ്സിലായത്. ഇതോടെ പേടിച്ച് അകത്തുകയറി വാതിലടച്ചു. ജനപ്രതിനിധികൾ മുഖേന വനം വകുപ്പിനും പൊലീസിനും വിവരം കൈമാറി. രാവിലെ എട്ടിന് സ്ഥലത്തെത്തിയ വനം വകുപ്പ് ദ്രുതകർമസേനയുടെ കോഴിക്കോട്, കണ്ണൂർ സംഘാംഗങ്ങളും കൊട്ടിയൂർ, കണ്ണവം, ആറളം എന്നിവിടങ്ങളിൽനിന്നുള്ള വനപാലകരും തിരച്ചിൽ ആരംഭിക്കുകയായിരുന്നു. കരിക്കോട്ടക്കരി പൊലീസും അയ്യങ്കുന്ന് പഞ്ചായത്ത് ജനപ്രതിനിധികളും ഒപ്പംചേർന്നു.
കടുവയുടെ കാൽപാടുകൾ പിന്തുടർന്ന ദ്രുതകർമസേന നടത്തിയ പരിശോധനയിൽ ബിനുവിന്റെ വീട്ടുപറമ്പിൽനിന്ന് 500 മീറ്റർ മാറി ആനപ്പന്തി -മുണ്ടയാംപറമ്പ് റോഡ് കടന്ന് റബർ തോട്ടത്തിലേക്ക് കയറിയതായി മനസ്സിലായി. തുടർന്ന് കടുവ അയ്യങ്കുന്ന് പഞ്ചായത്തിൽപെട്ട കഞ്ഞിക്കണ്ടം മേഖലയിൽ ജനവാസകേന്ദ്രത്തിലെ കൃഷിയിടത്തിലെത്തുകയായിരുന്നു. ഇവിടെനിന്ന് കടുവ തിരച്ചിലിൽ പ്രത്യേക പരിശീലനം നേടിയ ദ്രുതകർമസേന അംഗങ്ങൾ മാത്രമായി സമീപത്തെ ചെറിയ കുന്നിലുള്ള റബർതോട്ടത്തിൽ നടത്തിയ പരിശോധനയിലാണ് റെന്നി മാത്യുവിന്റെ തോട്ടത്തിൽ കടുവയെ കണ്ടത്. ദ്രുതകർമസേനയുടെ തുരത്തൽ ശ്രമത്തിനിടെ കടുവ ബുധനാഴ്ച വൈകീട്ടോടെ മുണ്ടയാംപറമ്പ് ക്ഷേത്രത്തിനരികിലേക്ക് ഓടിപ്പോയി.
ഇതോടെ വനത്തിൽനിന്ന് ജനവാസമേഖലയിലേക്കുള്ള പ്രദേശങ്ങളുടെ നിയന്ത്രണം പൊലീസും വനംവകുപ്പും ഏറ്റെടുത്തു. നാലു കിലോമീറ്ററോളം ദൂരത്ത് അയ്യങ്കുന്ന് പഞ്ചായത്തിന്റെ അതിർത്തി വനമേഖലയിലേക്ക് കടുവക്ക് കടന്നുപോകുന്നതിനുള്ള സുരക്ഷിത വഴിയൊരുക്കാനാണ് വനംവകുപ്പിന്റെ പദ്ധതി.
സമീപത്തെ ചെങ്കൽപണകളുടെ പ്രവർത്തനവും നിർത്തിവെപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെ പ്രദേശത്തെ വിദ്യാലയങ്ങൾക്ക് അവധിനൽകാനും നിർദേശിച്ചിരുന്നു.
ആരോഗ്യവാനായ കടുവ
ആറുദിവസം മുമ്പ് മാട്ടറ പീടികക്കുന്നിൽ കണ്ട കടുവ വനം അന്വേഷിച്ചുള്ള യാത്രയാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്. ജനവാസമേഖലയിൽ അബദ്ധത്തിൽപെട്ടതാണെന്നും സഞ്ചാരരീതി മനസ്സിലാക്കുമ്പോൾ ആരോഗ്യവാനായ കടുവയാണെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ. കൂടുവെക്കൽ, നിരീക്ഷണക്കാമറ സ്ഥാപിക്കൽ എന്നിവ പ്രായോഗികമല്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. കാട്ടിലേക്ക് തിരിച്ചുകയറുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസങ്ങളിൽ പുറവയൽ, വയത്തൂർ, വിളമന, കൂമന്തോട്, ബെൻഹിൽ ഭാഗങ്ങളിൽ എത്തിയത്. വനംവകുപ്പ് കൊട്ടിയൂർ റേഞ്ചർ സുധീർ നരോത്ത്, തളിപ്പറമ്പ് റേഞ്ചർ പി. രതീശൻ, ആറളം അസി. വൈൽഡ് ലൈഫ് വാർഡൻ പി. പ്രസാദ് ഡെപ്യൂട്ടി റേഞ്ചർമാരായ കെ. ജിജിൽ, ശശികുമാർ ചെങ്ങളവീട്ടിൽ, കെ. ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽദൗത്യം.
കൂടുതൽ സുരക്ഷാക്രമീകരണങ്ങളെന്ന് മന്ത്രി
ശ്രീകണ്ഠപുരം: ഉളിക്കൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ഇതിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില് കൂടുതൽ കാമറകൾ സ്ഥാപിക്കാനും ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. മലയോരത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ അടിയന്തര നടപടികൾ ആവശ്യപ്പെട്ടുകൊണ്ട് സജീവ് ജോസഫ് എം.എൽ.എ മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇടപെടലുണ്ടായത്.
കടുവയെ പിടികൂടുന്നതിന് ആവശ്യമെങ്കിൽ കൂട് സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. കണ്ണൂർ ഡി.എഫ്.ഒയെ ഫോണിൽ വിളിച്ച് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്താനും മന്ത്രി നിര്ദേശം നല്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

