Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറളത്ത് പുലിഭീതി ഒഴിയുന്നില്ല; ഒരാഴ്ചക്കിടെ രണ്ടാമത്തെ വളർത്തുനായയെയും പിടിച്ചുകൊണ്ടുപോയി

text_fields
bookmark_border
ആറളത്ത് പുലിഭീതി ഒഴിയുന്നില്ല; ഒരാഴ്ചക്കിടെ രണ്ടാമത്തെ വളർത്തുനായയെയും പിടിച്ചുകൊണ്ടുപോയി
cancel

പേരാവൂർ: ആറളം പുനരധിവാസ മേഖലയിലെ ജനവാസകേന്ദ്രങ്ങളിൽ പുലിഭീതി രൂക്ഷമാകുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വളർത്തുനായയെയും വന്യജീവി പിടിച്ചുകൊണ്ടുപോയതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. ആറളം ഫാമിലെ പത്താം ബ്ലോക്കിൽ ഉൾപ്പെടുന്ന കൊട്ടപ്പാറ, തളിപ്പറ മേഖലകളിലാണ് സംഭവങ്ങൾ. ആക്രമണം നടത്തിയത് പുലിയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചതായി നാട്ടുകാർ പറഞ്ഞു.

കൊട്ടപ്പാറ പ്ലോട്ട് നമ്പർ 253-ൽ ശശിയുടെ വീടിനോടു ചേർന്ന അടുക്കളഭാഗത്തുനിന്നാണ് ഇന്നലെ രാത്രി വളർത്തുനായയെ വന്യജീവി പിടിച്ചുകൊണ്ടുപോയത്. വീടിനുസമീപം പുലിയുടേതിന് സമാനമായ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് തളിപ്പറ അങ്കണവാടിക്ക് സമീപമുള്ള പ്ലോട്ട് നമ്പർ 49ൽ ശൈലജയുടെ വീട്ടിൽനിന്നും വളർത്തുനായയെ വന്യജീവി പിടിച്ചുകൊണ്ടുപോയിരുന്നു. അന്ന് കാൽപ്പാടുകൾ പരിശോധിച്ച വനംവകുപ്പ് അധികൃതർ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി നാട്ടുകാർ പറഞ്ഞു.

എന്നാൽ തുടർനടപടികൾ സ്വീകരിക്കാതെ അധികൃതർ മടങ്ങിയെന്നാണ് പ്രദേശവാസികളുടെ ആരോപണം. വന്യജീവിയുടെ സാന്നിധ്യം ജനവാസമേഖലയിൽ ഭീതിയുടെ നിഴൽ വീഴ്ത്തിയിരിക്കുകയാണ്. മേഖലയിലെ പല കുടുംബങ്ങളും വീടുകളുടെ മുറ്റത്തെ ഷെഡുകളിലും തിണ്ണകളിലുമാണ് ഉറങ്ങുന്നത്. രാത്രിയിൽ പ്രാഥമിക ആവശ്യങ്ങൾക്കായി പുറത്തിറങ്ങുമ്പോൾ പുലിയുടെ ആക്രമണമുണ്ടാകുമോയെന്ന ആശങ്കയിലാണ് ഇവർ. വീടുകളിൽനിന്ന് ഏറെ അകലെയാണ് പല ശുചിമുറികളും സ്ഥിതിചെയ്യുന്നത്. ഇതും അപകടഭീതി വർധിപ്പിക്കുന്നു.

ആനകളുടെയും പുലിയുടെയും സാന്നിധ്യം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടി. ജനവാസമേഖലയിൽ ഭീഷണിയായ പുലിയെ കൂടുവെച്ച് പിടികൂടി സുരക്ഷിതമായി മാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭയ്ക്കും പഞ്ചായത്ത് അംഗത്തിനും നാട്ടുകാർ പരാതി നൽകി. അപകടങ്ങൾ സംഭവിക്കുന്നതിനു മുമ്പ് ഫലപ്രദമായ പ്രതിരോധനടപടികൾ സ്വീകരിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tiger Fear Grips Aralam; Second Dog Killed
Next Story