തുലാവർഷം; ഇടിമിന്നൽ വ്യാപകം, വേണം കരുതൽ
text_fieldsപ്രതീകാത്മക ചിത്രം
കണ്ണൂർ: തുലാവർഷത്തിന്റെ ഭാഗമായി മഴയും ഇടിമിന്നലും തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാത്രിയിൽ പരക്കെ മഴയും ഇടിയും തുടരുകയാണ്. കേരള കർണാടക തീരത്തിനു സമീപം തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദമുള്ളതിനാൽ വരുംദിവസങ്ങളിലും മഴക്ക് സാധ്യതയേറെയാണ്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ഞായറാഴ്ച പകൽ പൊതുവേ മഴ കുറവായിരുന്നു. രാത്രിയോടെ മഴ ശക്തമായി. ഇടിമിന്നലിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ ജാഗ്രത നിർദേശമുണ്ട്. കഴിഞ്ഞയാഴ്ച ശ്രീകണ്ഠപുരത്തിനടുത്ത് ചുഴലി ചെമ്പത്താട്ടിയിൽ മിന്നലേറ്റ് രണ്ടുപേർ മരിച്ചിരുന്നു.
ചെങ്കൽ ക്വാറിയിൽ ജോലി ചെയ്തിരുന്ന രണ്ട് അന്തർ സംസ്ഥാന തൊഴിലാളികളായ അസം സ്വദേശി ജോസ്, ഒഡിഷ സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്കും മിന്നലേറ്റ് പരിക്കേറ്റു. ശനിയാഴ്ച കോഴിക്കോട് നരിക്കുനിയിൽ മിന്നലേറ്റ് യുവതി മരിച്ചിരുന്നു. കണ്ണൂർ ചൊക്ലിയിലുണ്ടായ മിന്നലിൽ 2019ൽ രണ്ടുപേര്‍ മരിച്ചിരുന്നു.
ഇവ ശ്രദ്ധിക്കാം
മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻതന്നെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് മിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക.
കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതാണ് നല്ലത്. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം മിന്നലുള്ള സമയത്ത് ഒഴിവാക്കണം. മിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല. തുറസ്സായ സ്ഥലത്തും ടെറസിലും ചെലവഴിക്കുന്നത് ഒഴിവാക്കണം. മിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. വളർത്തുമൃഗങ്ങളെ തുറസ്സായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. മിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം.
മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുതി പ്രവാഹം ഉണ്ടായിരിക്കില്ല. പ്രഥമ ശുശ്രൂഷ നൽകിയശേഷം എത്രയും പെട്ടെന്ന് വൈദ്യ സഹായം എത്തിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

