തലശ്ശേരിയിൽ ചരക്കുലോറി മറിഞ്ഞ് മൂന്നു കടകൾ തകർന്നു
text_fieldsതലശ്ശേരി: ദേശീയപാതയിലെ വീനസ് കവലയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു കടകൾ, കോൺഗ്രസ് നിയന്ത്രണത്തിലുള്ള ബസ് ഷെൽട്ടർ, രണ്ട് വൈദ്യുതി തൂണുകൾ എന്നിവ തകർന്നു. ക്ലീനർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ച രണ്ടു മണിയോടെയാണ് അപകടം.
പയ്യന്നൂരിൽനിന്ന് തമിഴ്നാട്ടിലേക്ക് വിറക് കയറ്റി പോവുകയായിരുന്ന കെ.എൽ 86 സി 5710 നമ്പർ ലോറിയാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റ ലോറി ക്ലീനർ പയ്യന്നൂർ രാമന്തളി സ്വദേശി പ്രശോഭിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കാലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. ഡ്രൈവർ ശിഹാബ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
കോണോർവയലിലെ പരേതനായ സ്വാമിയേട്ടന്റെ ഉടമസ്ഥതയിലുളള ചായക്കട, പിണറായി സ്വദേശി ജയന്റെ ഹാർഡ് വെയർ കട, ചേറ്റംകുന്നിലെ ടി.പി. ഷംസീറിന്റെ അനാദി ആൻഡ് സ്റ്റേഷനറി കട എന്നിവയാണ് തകർന്നത്. കനത്ത മഴ പെയ്യുന്നതിനിടയിൽ നിയന്ത്രണം നഷ്ടമായ ലോറി വൈദ്യുതി തൂണുകളിലും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും ഇടിച്ച ശേഷം റോഡരികിലെ കടകളോട് ചേർന്ന് മറിയുകയായിരുന്നു.
വീനസ് കവലയിൽ ഹോട്ടൽ നടത്തുന്ന യൂത്ത് ലീഗ് നേതാവ് തസ്ലിം ചേറ്റംകുന്ന് വിവരം നൽകിയതനുസരിച്ച് തലശ്ശേരി അഗ്നിരക്ഷസേന, പൊലീസ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രദേശവാസികൾക്കൊപ്പം രക്ഷാപ്രവർത്തനം നടത്തി. അപകടം പുലർച്ചയായതിനാലാണ് വൻ ദുരന്തം ഒഴിവായത്.
ചായക്കട പൂർണമായും തകർന്നു. മറ്റു രണ്ട് കടകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. നാട്ടുകാരുടെ സന്ദർഭോചിതമായ ഇടപെടലിൽ ഇതുവഴിയുള്ള ഗതാഗതം കുയ്യാലി വഴി തിരിച്ചുവിടുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന വിറക് തടികൾ റോഡരിലേക്ക് മാറ്റി. പിന്നീട് ഇത് മറ്റൊരു ലോറിയിൽ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

