നായ്ക്കളെ പാർപ്പിക്കാൻ മൂന്ന് ഷെൽട്ടറുകൾ ഉടൻ
text_fieldsകണ്ണൂർ നഗരത്തിലൈ തെരുവുനായ് ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അടിയന്തര യോഗം
കണ്ണൂർ: നഗരത്തിലെ തെരുവ് നായ്ക്കളെ പിടികൂടി പാർപ്പിക്കാൻ മൂന്ന് ഷെൽട്ടറുകൾ രണ്ട് ദിവസത്തിനകം ഒരുക്കും. കോർപറേഷനിൽ രണ്ടും കന്റോൺമെന്റ് പരിധിയിൽ ഒന്നുമാണ് സ്ഥാപിക്കുക. നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ 75 പേർക്ക് നായുടെ കടിയേറ്റ സാഹചര്യത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം.
പിടികൂടുന്ന തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകും. നായ്ക്കൾക്ക് തെരുവിലും വഴിയോരത്തും മറ്റും ഭക്ഷണം കൊടുക്കുന്ന മൃഗ സ്നേഹികൾക്ക് ഷെൽട്ടർ ഹോമുകളിൽ എത്തി ഭക്ഷണം നൽകാൻ സൗകര്യമൊരുക്കുമെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മന്ത്രി കടന്നപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
നായ്ക്കളെ പിടികൂടുക, ഷെൽട്ടർ ഹോമിലേക്ക് മാറ്റുക, വന്ധ്യംകരണം, പ്രതിരോധ കുത്തിവെപ്പ് ഉൾപ്പെടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നിവക്ക് മൃഗസംരക്ഷണ വകുപ്പിനെ ചുമതലപ്പെടുത്തി. നഗരസഭയിൽ മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കും. പടിയൂർ എ.ബി.സി കേന്ദ്രത്തിലെ ഡോക്ടർമാരുടെ സേവനം ഇതിനായി ലഭ്യമാക്കും.
പരിശീലനം ലഭിച്ച പട്ടി പിടുത്തക്കാരെ ഒരാഴ്ച പൂർണമായും നഗരസഭ പരിധിയിൽ നിയോഗിക്കും. കന്റോൺമെന്റ് പരിധിയിൽ അക്രമകാരികളായ തെരുവ് നായ്ക്കളെ പിടികൂടി ഷെൽട്ടർ ഹോമിൽ പാർപ്പിക്കുന്നതിന് കന്റോൺമെന്റ് സി.ഇ.ഒക്ക് നിർദേശം നൽകി. ദുരന്ത നിവാരണ നിയമപ്രകാരം കലക്ടർക്കാണ് പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയെന്നും മന്ത്രി പറഞ്ഞു.
കെ.വി. സുമേഷ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, സ്ഥിരംസമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, കലക്ടർ അരുൺ കെ. വിജയൻ, സിറ്റി പൊലീസ് കമീഷണർ സി. നിതിൻരാജ്, എ.ഡി.എം കല ഭാസ്കർ, അസി. കലക്ടർ എഹ്തെദ മുഫസിർ, ഡെപ്യൂട്ടി കലക്ടർ കെ.വി. ശ്രുതി, കന്റോൺമെന്റ് സി.ഇ.ഒ മാധവി ഭാർഗവി, കോർപറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ, റെയിൽവേ സ്റ്റേഷൻ മാനേജർ സജിത്ത് കുമാർ, എൽ.എസ്.ജി.ഡി അസി. ഡയറക്ടർ ടി.വി. സുഭാഷ്, ആർ.സി.എച്ച് ഓഫിസർ ഡോ. അശ്വിൻ, മൃഗസംരക്ഷണ വകുപ്പ് ജില്ല ഓഫീസർ ഡോ.എസ്. സന്തോഷ്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫിസർ എൽന ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

