കുഞ്ഞിളം ചിരി മായ്ക്കരുതേ; രണ്ടുവർഷത്തിനിടെ കണ്ണൂരിനെ നടുക്കി മൂന്നുകൊലപാതകം
text_fieldsഅൻവിതയുടെ മൃതദേഹം പാത്തിപ്പാലത്തെ വീട്ടിലെത്തിച്ചപ്പോൾ
കണ്ണൂർ: പഞ്ചാരപ്പല്ലിനാൽ മനസ്സുനിറച്ചിരുന്ന ഒരു കുഞ്ഞിളം ചിരി കൂടി മാഞ്ഞു. കഴിഞ്ഞദിവസം പാത്തിപ്പാലത്ത് ഒന്നരവയസ്സുകാരിയെ പിതാവ് പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിെൻറ ഞെട്ടലിലാണ് കണ്ണൂർ. രാക്ഷസന്മാരെപ്പോലും നാണിപ്പിക്കുന്ന ചെയ്തിയുടെ വാർത്ത നോവോടെയാണ് നാടറിഞ്ഞത്.
പുഴയിലെറിയപ്പെട്ട അൻവിതയുടെ മരണത്തിനൊപ്പം, രണ്ടുവർഷത്തിനിടെ രക്ഷിതാക്കളാൽ ജില്ലയിൽ കൊലചെയ്യപ്പെട്ട മക്കളെക്കുറിച്ചോർക്കുകയാണ് കണ്ണൂർ. കഴിഞ്ഞവർഷം തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ മാതാവ് കടലിലെറിഞ്ഞ് കൊന്ന സംഭവം പാത്തിപ്പാലത്തേതിന് സമാനമാണ്. 2020 ഫെബ്രുവരി 17നായിരുന്നു പ്രണവ് -ശരണ്യ ദമ്പതിമാരുടെ മകന് വിയാെൻറ മൃതദേഹം തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ കണ്ടെത്തിയത്.
ദുരൂഹതയുള്ള സംഭവത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനും ശാസ്ത്രീയ പരിശോധനക്കുമൊടുവിലാണ് മാതാവ് ശരണ്യയാണ് കൊലക്ക് പിന്നിലെന്ന് മനസ്സിലായത്. കാമുകനൊപ്പം ജീവിക്കാനായിരുന്നു പിഞ്ചോമനയെ ഇല്ലാതാക്കിയത്. ഈ വർഷം ജൂലൈയിൽ താളിക്കാവ് കുഴിക്കുന്നിൽ ഒമ്പതുകാരിയാണ് മാതാവിെൻറ കൈകളാൽ കൊലചെയ്യപ്പെട്ടത്.
തെൻറ മരണശേഷം മകൾ തനിച്ചാകുമെന്ന ആധിയെ തുടർന്നാണ് കൊല നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.കുഴിക്കുന്ന് റോഡിലെ രാജേഷിൻെറ മകൾ അവന്തികയെയാണ് മാതാവ് വാഹിദ കഴുത്തുഞെരിച്ചുകൊന്നത്. ഇവർ കാലങ്ങളായി മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് മരുന്നുകഴിച്ചുവരുകയായിരുന്നു. പാത്തിപ്പാലത്ത് ഒന്നരവയസ്സുകാരിയെ കൊലചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മാതാപിതാക്കൾ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് നാട്ടുകാരും പറയുന്നത്.
അഭ്യസ്തവിദ്യരായ ഇവർ ഭക്തിമാർഗത്തിൽ സഞ്ചരിക്കുന്നവരായിരുന്നെന്നും നാട്ടുകാർ പറയുന്നു. മാനസിക പ്രശ്നങ്ങളും ക്രിമിനൽ ചിന്തകളുംമൂലം കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടമാകുന്ന സാഹചര്യം ഗൗരവമായി കാണണമെന്നാണ് മനോരോഗ ചികിത്സാ രംഗത്തുള്ളവർ പറയുന്നത്.
ഷിജു പിടിയിലായത് ആത്മഹത്യ ശ്രമത്തിനിടെ
മട്ടന്നൂര്‍: ഒന്നര വയസ്സുകാരിയെ പുഴയില്‍ തള്ളിയിട്ട് കൊന്ന കേസില്‍ പ്രതിയായ അച്ഛന് ഷിജു മട്ടന്നൂര്‍ അമ്പലക്കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടെയിലാണ് പിടിയിലായത്.
ശനിയാഴ്ച ഉച്ചയോടെ ക്ഷേത്രക്കുളത്തില്‍ ഒരാള്‍ ചാടുന്നതുകണ്ട സമീപത്തുള്ളവര്‍ ഇടപെട്ട് രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഒന്നര വയസ്സുകാരിയായ അന്‍വിതയെയും ഭാര്യയെയും ഷിജു പുഴയിൽ തള്ളിയിട്ടത്. കുഞ്ഞ് മരിക്കുകയും ഭാര്യ സോനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഷിജു സ്ഥലംവിട്ടത്. തന്നെയും കുഞ്ഞിനെയും ഷിജു പുഴയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് സോന പൊലീസിന് മൊഴി നല്‍കിയതോടെ അന്വേഷണം ഊർജിതമാക്കിയിരുന്നു. അതിനിടയിലാണ് ഷിജുവിെൻറ ആത്മഹത്യശ്രമവും അറസ്റ്റും.
സങ്കടക്കടലായി പാത്തിപ്പാലം
പാനൂർ: കുഞ്ഞേച്ചി അക്ഷരം നുകരുന്നതും കണ്ട് അൻവിത പോയത് മരണത്തിലേക്ക്. വെള്ളിയാഴ്ച രാവിലെ വിദ്യാരംഭ ദിവസം അച്ഛൻ ഷിജുവിനും അമ്മ സോനക്കുമൊപ്പം വീടിനടുത്ത കുട്ടിയാട്ട് മടപ്പുരയിൽ പിതൃസഹോദരെൻറ മകൾ ദിയയുടെ എഴുത്തിനിരുത്തിന് പോയിരുന്നു.അവധി ദിവസങ്ങളിൽ ക്ഷേത്രദർശനത്തിന് പോകുന്നത് ഈ കുടുംബത്തിെൻറ പതിവാണെന്ന് ബന്ധുക്കൾ പറഞ്ഞു. അൻവിതയും അച്ഛനും അമ്മയും വള്ള്യായി ഉമാമഹേശ്വരി ക്ഷേത്രത്തിലേക്ക് പോയി മടങ്ങിവരുന്ന വഴിക്കാണ് ദുരൂഹമായ സംഭവം നടന്നതെന്ന് കരുതുന്നു.
അൻവിതയുടെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം പാത്തിപ്പാലത്തെ വീട്ടിലെത്തിച്ച് ശനിയാഴ്ച രണ്ടോടെ സംസ്കരിച്ചു.നിരവധിപേരാണ് നിറകണ്ണുകളുമായി യാത്രയാക്കാനെത്തിയത്.ഒന്നര വയസ്സുകാരിയുടെ ദുരൂഹമരണത്തിൽ നാട് ഒന്നടങ്കം തേങ്ങുന്ന കാഴ്ചയാണ്.പരസ്പരം ആശ്വസിപ്പിക്കാനാവാതെ ബുദ്ധിമുട്ടുകയാണ് കുടുംബങ്ങളും നാട്ടുകാരും.