പരിസ്ഥിതി പഠന റിപ്പോർട്ട് കൈമാറി മൂന്നു മാസം; തീരുമാനമെടുക്കാതെ തീരദേശ പരിപാലന അതോറിറ്റി
text_fieldsകണ്ണൂർ: അഴീക്കൽ തുറമുഖത്ത് വളപട്ടണം പുഴയിൽ മണലെടുക്കുന്നതിൽ അന്തിമ തീരുമാനമെടുക്കാതെ കേരള തീരദേശ പരിപാലന അതോറിറ്റി. ഹൈകോടതി നിർദേശ പ്രകാരം കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കൺസൽട്ടൻസി ഓർഗനൈസേഷൻ (കിറ്റ്കോ) പരിസ്ഥിതി പഠനം നടത്തി കേരള തീരദേശ പരിപാലന അതോറിറ്റിക്ക് റിപ്പോർട്ട് കൈമാറിയിട്ട് മൂന്നുമാസം കഴിഞ്ഞു. എന്നാൽ, റിപ്പോർട്ടിൽ യാതൊരു നടപടിയും തീരദേശ പരിപാലന അതോറിറ്റി എടുക്കാത്തതാണ് പ്രതിസന്ധി അനന്തമായി നീളാനുള്ള കാരണം. അഴീക്കൽ തുറമുഖത്തുനിന്നും അധികൃതരുടെ ഭാഗത്തുനിന്നും നിരവധിതവണ തീരദേശ പരിപാലന അതോറ്റിയെ ബന്ധപ്പെട്ടെങ്കിലും അനങ്ങാപ്പാറനയം സ്വീകരിക്കുകയാണ്.
കണ്ണൂരിെ ഏക അംഗീകൃത മണൽകടവായ വളപട്ടണത്ത് മണലെടുപ്പ് മുടങ്ങിയിട്ട് ഒരുവർഷവും ആറുമാസവും കഴിഞ്ഞു. ജില്ലയിൽ നിർമാണമേഖലയിലും പ്രതിസന്ധിയാണ്. നിർമാണത്തിന് മംഗളൂരു, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിൽനിന്നു ഭീമമായ തുക നൽകിയാണ് ആവശ്യക്കാർ മണൽ വാങ്ങുന്നത്. 2017 മുതൽ മണൽ കഴുകലുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ ഹൈകോടതിയിൽ നൽകിയ കേസിന്റെ അടിസ്ഥാനത്തിലാണ് മണൽ വാരൽ നിർത്തിയത്. തുടർന്ന് തുറമുഖത്തോട് പരിസ്ഥിതി പഠന റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു.
ഏകദേശം ആയിരത്തോളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തുവന്നിരുന്നത്. കടവുകൾ പൂട്ടിയിട്ടതോടെ തൊഴിലാളികളും കുടുംബങ്ങളും ദുരിതത്താലായി. മണൽ വാരൽ നിലച്ചതോടെ സർക്കാറിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയും നിലച്ചു. ഒരു മാസം ചുരുങ്ങിയത് ആറുകോടി രൂപ അഴീക്കൽ ഹാർബറിൽനിന്നു മണലെടുപ്പുമായി ബന്ധപ്പെട്ട് സർക്കാറിലേക്ക് എത്തുമായിരുന്നു.
തുറമുഖത്ത് സമീപ പഞ്ചായത്തിലെ ഒമ്പതു കടവുകൾ വഴിയാണ് മണലെടുത്തിരുന്നത്.
അഴീക്കോട് -രണ്ട് കടവുകൾ, വളപട്ടണം -മൂന്ന്, പാപ്പിനിശ്ശേരി -രണ്ട്, മടക്കര മാട്ടൂൽ -രണ്ട് എന്നിങ്ങനെയാണിത്. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണിത്. ഇവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിസ്ഥിതി പഠനം നടത്തിയത്. മണൽ വാരലുമായി ബന്ധപ്പെട്ട് പരിസ്ഥിതിക്ക് ദോഷം സംഭവിക്കുന്നുണ്ടോ, മണൽ കഴുകലുമായി ബന്ധപ്പെട്ട് പുഴയിലെ വെള്ളത്തിന് പരിസ്ഥിതി പ്രശ്നം നേരിടുന്നുണ്ടോ തുടങ്ങിയ വിവിധ കാര്യങ്ങളാണ് കിറ്റ്കോ പരിശോധിച്ചത്. പഠനത്തിൽ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒന്നും കണ്ടെത്തനായിട്ടില്ലെന്ന് അധികൃതർ ‘മാധ്യമത്തോട് പറഞ്ഞിരുന്നു. കേരള തീരദേശ പരിപാലന അതോറിറ്റിയുടെ അന്തിമ തീരുമാനത്തിന് കാത്തിരിക്കുകയാണ് വളപട്ടണം പ്രദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

