കഞ്ചാവും എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ
text_fieldsകണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് വാഹന പരിശോധനക്കിടെ മയക്കുമരുന്നുകളായ എം.ഡി.എം.എ, കഞ്ചാവ് എന്നിവ സഹിതം മൂന്നു പേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടി. കുറ്റിക്കകം കിഴുന്നയിലെ കുണ്ടുവളപ്പിൽ എ. പ്രണവ് (26), ആറ്റടപ്പ മുേട്ടാളം പാറയിലെ റംലസ് ഹൗസിൽ പി.വി. റനീസ് (35), ആദികടലായി വട്ടക്കുളം വാണിയങ്കണ്ടി ഹൗസിൽ കെ.വി. ലിജില്‍ (25), എന്നിവരാണ് പിടിയിലായത്. 8.53 ഗ്രാം എം.ഡി.എം.എയും 910 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
കണ്ണൂര്‍ തളിക്കാവിനടുത്തുള്ള റോഡിൽ സംഗമം ലോഡ്ജിന് മുന്‍വശത്ത് നിര്‍ത്തിയിട്ട കെ.എൽ. 13- 3042 നമ്പര്‍ കാറില്‍ നിന്നാണ് കണ്ണൂര്‍ ടൗണ്‍ ഇൻസ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം പ്രതികളെ പിടികൂടിയത്.
അഡീഷനല്‍ എസ്.ഐ കെ.വി. രാജീവന്‍, എസ്.ഐമാരായ ടി.വി. മഹിജന്‍, അനീഷ് കുമാര്‍, എ.എസ്.ഐമാരായ മധുസൂദനന്‍, സി. രഞ്ജിത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബാബു പ്രസാദ്, മഹേഷ് തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.