പാചകവാതക ഏജൻസി ജീവനക്കാരന്റെ ബാഗ് തട്ടിപ്പറിച്ച് രണ്ടുലക്ഷം കവർന്ന കേസ്; മൂന്നുപേർ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
പയ്യന്നൂര്‍: ബൈക്കിലെത്തി പാചകവാതക ഏജൻസി ജീവനക്കാരന്റെ പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് രക്ഷപ്പെട്ട മൂന്നംഗ സംഘം പിടിയിൽ. തളിപ്പറമ്പ് പട്ടുവം സ്വദേശി കൊവ്വൽ ഹൗസിൽ മുഹമ്മദ് അജ്മൽ (23), തളിപ്പറമ്പ് മന്നയിലെ മൈനാകത്ത് ഹൗസിൽ മുഹമ്മദ് റുഫൈദ് (21), മുയ്യം മുണ്ടേരി സ്വദേശി മുഹമ്മദ് റിസ് വാൻ (18) എന്നിവരെയാണ് പയ്യന്നൂർ ഡിവൈ.എസ്.പി കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പി. യദു കൃഷ്ണൻ, എൻ.കെ. ഗിരീഷ് എന്നിവരടങ്ങിയ സംഘം കണ്ണൂർ പുതിയതെരുവിൽവെച്ച് പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം-തെരു റോഡിലെ ഇടറോഡില്‍ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മഹാദേവ ഗ്രാമത്തിലെ സി.കെ. രാമകൃഷ്ണന്റെ (59) ബാഗിൽ സൂക്ഷിച്ച പാചക വാതക ഏജന്‍സിയിൽ അടക്കേണ്ട 2,05,400 രൂപ തട്ടിയെടുത്തത്.
പ്രതികൾ രാമകൃഷ്ണനെ തള്ളിത്താഴെയിട്ടാണ് ബാഗുമായി ബൈക്കിൽ രക്ഷപ്പെട്ടത്. വീഴ്ചയില്‍ പരിക്കേറ്റ രാമകൃഷ്ണന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാമകൃഷ്ണന്റെ പണം തട്ടിപ്പറിച്ചെടുത്ത സംഘം ബൈക്കിലാണ് രക്ഷപ്പെട്ടതെന്നും കവര്‍ച്ചക്കാരില്‍ ഒരാളെ ടൗണില്‍ കണ്ട് മുഖപരിചയമുണ്ടെന്നും രാമകൃഷ്ണന് പറഞ്ഞിരുന്നു. കേസെടുത്ത പൊലീസ് മൊഴിയുടെ അടിസ്ഥാനത്തിൽ സമീപത്തെ വീടുകളിലെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ ശേഖരിച്ചാണ് അന്വേഷണം തുടങ്ങിയത്.
പിടിയിലായ പ്രതികളുടെ കയ്യില്‍ 25,000ഓളം രൂപ മാത്രമാണുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. രണ്ടുലക്ഷത്തിലേറെ രൂപ കവര്‍ന്നിട്ടും ഈ സംഘം വിദൂരങ്ങളിലേക്ക് കടക്കാതിരുന്നതും സംശയത്തിനിടയാക്കി. സംഭവത്തിലെ ദുരൂഹത നീക്കാൻ പൊലീസ് വിളിച്ചുവരുത്തിയ പരാതിക്കാരന്റെ സാന്നിധ്യത്തിലാണ് പ്രതികളെ ചോദ്യം ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

