ഹോട്ടൽ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച മൂന്നുപേര്‍ പിടിയില്‍
text_fieldsകണ്ണൂർ: ഹോട്ടൽ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ അഭിലാഷ് ടൂറിസ്റ്റ് ഹോമിലെ റൂം ബോയി സബീലിനെയാണ് (28) വ്യാഴാഴ്ച രാത്രി മൂന്നുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയത്. ആദികടലായി സ്വദേശികളായ അഭിമന്യു (23), വെങ്കിടേശ് (26), മേലെചൊവ്വ സ്വദേശി സുനിൽ (25) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി മൂന്നംഗ സംഘം ടൂറിസ്റ്റ് ഹോമിലെത്തി സബീലിനോട് ഒരുകാര്യം സംസാരിക്കാനുണ്ടെന്നുപറഞ്ഞ് ബലമായി കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നുവത്രെ. സംഘം ചേർന്ന് മർദിച്ചതിനുശേഷം സബീലിനെ റെയിൽവേ സ്റ്റേഷന് സമീപം തള്ളിയിട്ടു. ടൗൺ എസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരിയാണ് പ്രതികളെ പിടികൂടിയത്.