അന്ന് യാത്രയയപ്പ് നൽകിയവർ ഇന്ന് ഓർക്കാൻ പോലും നിന്നില്ല
text_fieldsകണ്ണൂർ: സ്ഥലംമാറി പോകുന്ന മുൻ എ.ഡി.എം നവീൻ ബാബുവിന് യാത്രയപ്പ് നൽകിയ കലക്ടറേറ്റിലെ റവന്യു സ്റ്റാഫ് കൗൺസിൽ അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനങ്ങിയില്ല.
കലക്ടറേറ്റ് വളപ്പിൽ ഒരുമെഴുകുതിരി പോലും കത്തിക്കാത്ത സ്റ്റാഫ് കൗൺസിൽ തീരുമാനത്തിൽ ജീവനക്കാർക്കിടയിൽ അമർഷമുണ്ട്. സർക്കാരിനെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടിലാക്കിയ സംഭവത്തിന് പുറമെ അന്നത്തെ കലക്ടർ ഇപ്പോഴും തുടരുന്നതാണ് ജീവനക്കാരെ പിന്തിരിപ്പിച്ചത്. ഇടത് അനുകൂല ഗസറ്റഡ് ഓഫിസേഴ്സ് സംഘടനയുടെ സജീവ പ്രവർത്തകനായിട്ടും ഇടത് സംഘടനകൾ അനുസ്മരണം സംഘടിപ്പിച്ചില്ല.
കോൺഗ്രസ് അനുകൂല ജീവനക്കാരായ എൻ.ജി.ഒ അസോസിയേഷൻ മാത്രമാണ് കലക്ടറേറ്റ് വളപ്പിൽ നവീൻ ബാബുവിനെ അനുസ്മരിച്ചത്. സി.പി.എം അനുകൂല സംഘടന എൻ.ജി.ഒ അസോസിയേഷൻ, സി.പി.ഐയുടെ ജോയിന്റ് കൗൺസിൽ തുടങ്ങിയവർ അനുസ്മരണ ചടങ്ങുകൾ നടത്തിയില്ല.
പത്തനംതിട്ടയിലേക്ക് സ്ഥലംമാറി പോകുന്ന എ.ഡി.എം നവീൻബാബുവിന് കഴിഞ്ഞവർഷം ഒക്ടോബർ 14നാണ് കലക്ടറേറ്റിലെ റവന്യു സ്റ്റാഫ് കൗൺസിൽ യാത്രയയപ്പ് നൽകിയത്. കലക്ടർ അരുൺ കെ. വിജയന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലേക്കാണ് ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ക്ഷണിക്കാതെയെത്തിയത്. ചെങ്ങളായിയിലെ പെട്രോൾ പമ്പിന് എൻ.ഒ.സി ലഭിക്കാൻ എ.ഡി.എം കൈക്കൂലി കൈപ്പറ്റിയെന്ന നിലക്കാണ് അവർ സംസാരിച്ചത്. സഹപ്രവർത്തകർക്കു മുന്നിൽ അപമാനിക്കപ്പെട്ടതിൽ മനംനൊന്ത് പിറ്റേന്ന് എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കലക്ടറേറ്റിൽ കലക്ടർ കഴിഞ്ഞാൽ രണ്ടാമനായുള്ള ഉദ്യോഗസ്ഥനാണ് ജനപ്രതിനിധിയുടെ കുത്തുവാക്കുകളിൽ മനംനൊന്ത് ജീവനൊടുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

