ഈ ഡിവൈഡർ ഇനി വേണ്ട !
text_fieldsതലശ്ശേരി ജനറൽ ആശുപത്രി കവലയിലെ ഡിവൈഡർ പൊളിച്ചുനീക്കുന്നു
തലശ്ശേരി: ദേശീയപാതയിൽ ജനറൽ ആശുപത്രി കവലയിലെ ഡിവൈഡർ നഗരസഭ ഇടപെട്ട് ഒടുവിൽ പൊളിച്ചുനീക്കാൻ തുടങ്ങി. നഗരസഭ ഓഫിസിൽ വ്യാഴാഴ്ച ചേർന്ന ദുരന്തനിവാരണ അവലോകന യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഒട്ടേറെ അപകടങ്ങൾക്ക് ഇടയാക്കിയ ഡിവൈഡർ ജെ.സി.ബി ഉപയോഗിച്ച് ഇന്നലെ പൊളിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചയാണ് ഒടുവിലായി അപകടമുണ്ടായത്.
ഇരുചക്രവാഹനലോഡുമായി പോവുകയായിരുന്ന രാജസ്ഥാൻ കണ്ടെയ്നർ ലോറി ഇടിച്ചു കയറി ഡിവൈഡർ ഭാഗികമായി തകർന്നിരുന്നു. ഇതേ തുടർന്നാണ് അപകടകരമായ ഡിവൈഡർ ഉടൻ നീക്കണമെന്ന ആവശ്യം ശക്തമായത്. കണ്ണൂരിൽ നിന്നും മാഹി ഭാഗത്തേക്ക് നീളുന്ന ദേശീയപാതയിൽ ഏറ്റവും ഇടുങ്ങിയ സ്ഥലത്താണ് വാഹനങ്ങളെ ഇരുവശത്തേക്കുമായി കടത്തിവിടാനായി ഡിവൈഡർ സ്ഥാപിച്ചത്. അശാസ്ത്രീയമായാണ് ഇത് നിർമിച്ചതെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നുവെങ്കിലും ബന്ധപ്പെട്ടവർ അവഗണിച്ചു.
ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള ചെറുതും വലുതുമായ വാഹനങ്ങൾ രാപ്പകലില്ലാതെ തലങ്ങും വിലങ്ങും ചീറിപ്പായുന്ന റോഡിലെ ഡിവൈഡറിൽ അപകട സൂചന ബോർഡോ, സ്റ്റിക്കറുകളോ, റിഫ്ലക്ടറുകളോ ഉണ്ടായിരുന്നില്ല. ഒരു വാഹനാപകട മരണം ഉൾപ്പെടെ സംഭവിച്ചിട്ടും അധികൃതർ അനങ്ങിയില്ല. ദേശീയ പാതയിൽ ഇത്തരം ഒരു അശാസ്ത്രീയ ഡിവൈഡർ സ്ഥാപിച്ചതിനെ വാഹന ഡ്രൈവർമാരും പൊതുജനവും ഏറെ വിമർശിച്ചിരുന്നു. കാലവർഷം തുടങ്ങിയതോടെ ഇവിടെ അപകട സാധ്യത കൂടി. ഇതു കൂടി പരിഗണിച്ചാണ് ജില്ല ഭരണകൂടത്തിന്റെ അനുമതിയോടെ ഡിവൈഡർ പൊളിച്ചുമാറ്റാൻ നഗരസഭ തയാറായത്.
ചെയർപേഴ്സൻ കെ.എം. ജമുനാ റാണി, വൈസ് ചെയർമാൻ വാഴയിൽ ശശി എന്നിവരുടെ സാന്നിധ്യത്തിൽ നഗരസഭ ഹെൽത്ത് സുപ്പർവൈസർ കെ. പ്രമോദ്, ഹെൽത്ത് ഇൻസ്പക്ടർ അനിൽ കുമാർ വിലങ്ങാട് എന്നിവരുടെ നേതൃത്വത്തിലാണ് ഡിവൈഡർ പൊളിച്ചു മാറ്റുന്ന പ്രവൃത്തി വെള്ളിയാഴ്ച തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

