പയ്യന്നൂരിൽ കള്ളന്മാർ വിലസുന്നു കൈമലർത്തി പൊലീസ്
text_fieldsപയ്യന്നൂർ: ഒരേ സ്ഥാപനത്തിൽ ഒരേവഴിയിലൂടെ ഒരേ കള്ളൻ മൂന്നുതവണ കയറി കവർച്ച നടത്തി കൂളായി രക്ഷപ്പെടുന്നു. നഗരമധ്യത്തിൽ പൊലീസിനെ വെല്ലുവിളിച്ചു നടത്തിയ ഈ കള്ളനെ പിടികൂടാൻ ഇതുവരെ പൊലീസിനായിട്ടില്ല. പയ്യന്നൂർ പൊലീസിനെയാണ് ഒരു കള്ളൻ ഈ രീതിയിൽ വെല്ലുവിളിച്ച് കവർച്ച പരമ്പരയാക്കി കട്ട മുതലുമായി കടന്നുകളയുന്നത്.
പയ്യന്നൂർ ടൗണിലെ റോയൽ സിറ്റി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിലാണ് കഴിഞ്ഞ വ്യാഴാഴ്ച പുലർച്ച മൂന്നാംതവണയും കള്ളൻ കയറിയത്. പുലർച്ച മൂന്നോടെയാണ് മോഷണം നടന്നത്. കഴിഞ്ഞ രണ്ടുതവണ കെട്ടിടത്തിന്റെ എക്സോസ്റ്റ് ഫാൻ അഴിച്ചുമാറ്റി അതിലൂടെയാണ് അകത്തു കയറിയത്. അതേഭാഗത്തെ അവശേഷിച്ചിരുന്ന മൂന്നാമത്തെ ഫാൻ ഇളക്കിമാറ്റിയാണ് ഇത്തവണ അകത്തേക്ക് കടന്നത്.
കഴിഞ്ഞ രണ്ടുതവണയും കയറിയ മോഷ്ടാവ് തന്നെയാണ് മൂന്നാം തവണയും കയറിയത്. നിരീക്ഷണ കാമറയിലെ ദൃശ്യത്തിൽ ഇത് വ്യക്തമാണ്. തമിഴ്നാട് സ്വദേശിയാണ് കവർച്ച നടത്തിയതെന്നാണ് നിഗമനം. കാമറയിലെ ദൃശ്യത്തിലൂടെ മോഷ്ടാവിനെ കണ്ടെത്താൻ പൊലീസ് ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.
പരിയാരത്തും തസ്കരവീരന്മാർ
പയ്യന്നൂരിനു തൊട്ടടുത്ത പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടക്കുന്ന കവർച്ച പരമ്പരയും നാടിന്റെ ഉറക്കം കെടുത്തുന്നു.നിരവധി കവർച്ചയും കവർച്ചാ ശ്രമങ്ങളും നടന്നിട്ടും പ്രതികളെ കണ്ടെത്താനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്ന് നാട്ടുകാർ പറയുന്നു. ഏമ്പേറ്റിലെ വീട്ടിന് മുന്നിലെത്തിയ അജ്ഞാതന്റെ ദൃശ്യം നിരീക്ഷണ കാമറയിലൂടെ ലഭിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
കവർച്ചക്കാണ് ഇയാൾ എത്തിയതെന്ന കാര്യത്തിൽ നാട്ടുകാർക്ക് സംശയമില്ല. മെഡിക്കല് കോളജ് കാമ്പസിലെ നഴ്സിങ് വിഭാഗത്തിലെ ട്യൂട്ടറായ ഏമ്പേറ്റ് സ്വദേശിനിയുടെ വീട്ടിലാണ് അജ്ഞാതനെത്തിയതായി കാമറയിൽ കണ്ടത്.
ഇതിനിടയിൽ പിലാത്തറ പഴിച്ചിയിൽ വീട് കുത്തിത്തുറന്ന് വീട്ടമ്മയുടെ മാല കവർന്നത് ഭീതി നാട്ടിൽ ഭീതി കൂടാൻ കാരണമായി. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും മറ്റും നടക്കുന്ന കവർച്ചയും വ്യാപകമാണ്.
രണ്ടു മാസം മുമ്പ് പട്ടാപ്പകൽ കുളപ്പുറത്ത് കടയിൽ ഇരിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നു. ഇതിലും പൊലീസിന് കാര്യമായി ഒന്നും ചെയ്യാനായില്ല. പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചുവെങ്കിലും ഫലമുണ്ടായില്ല. വിളയാങ്കോട് ക്ഷേത്രത്തിലെ വിഗ്രഹമോഷ്ടാവും അകത്തായില്ല. കഴിഞ്ഞ മാസം മൂന്നിന് പുലർച്ച പള്ളി ഭണ്ഡാരം പൊളിച്ച് തൊട്ടടുത്ത ജ്വല്ലറി കവർച്ചക്ക് ശ്രമിച്ച കള്ളനെ നാട്ടുകാർ പിടികൂടിയിരുന്നു.
ലാസ്യ നൃത്ത വിദ്യാലയത്തിന്റെ എം.ഡി തമ്പാൻ കാമ്പ്രത്തിൻ്റെ നേതൃത്വത്തിലാണ് കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടി പൊലീസിന് കൈമാറിയത്. നാടാകെ കാമറകളും രാത്രികാല പട്രോളിങ്ങും ഉണ്ടായിട്ടും തസ്കരന്മാർ ഡ്യൂട്ടി നിർബാധം തുടരുകയാണ് നാട്ടിലെന്ന് നാട്ടുകാർ.
കാമറയിൽ പതിഞ്ഞിട്ടും കള്ളനെ പിടിക്കാനായില്ല
നിരീക്ഷണ കാമറയിൽ ദൃശ്യം വ്യക്തമായി കാണാൻ കഴിഞ്ഞിട്ടുകൂടി കള്ളൻ കാണാമറയത്ത് നിന്ന് ചിരിക്കുന്നത് പൊലീസിനെയും കുഴക്കുകയാണ്. കഴിഞ്ഞവർഷം ആഗസ്റ്റ് അഞ്ചിന് രാത്രിയാണ് ഈ സ്ഥാപനത്തിൽ ആദ്യ കവർച്ച നടന്നത്. ബിസ്കറ്റും വെള്ളവും മറ്റും ഇവിടെയിരുന്ന് കഴിച്ചതിന് ശേഷം ഓഫിസിനകത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷത്തിലധികം രൂപ കവർന്നാണ് തിരിച്ചുപോയത്. സമാനരീതിയിൽ കഴിഞ്ഞ ഫെബ്രുവരി 19നും ഇതേ സൂപ്പർ മാർക്കറ്റിൽ കവർച്ച നടന്നിരുന്നു.
ആഗസ്റ്റ് അഞ്ചിനുതന്നെ ദേശീയ പാതയിൽ പ്രവർത്തിക്കുന്ന ചിറ്റാരിക്കൊവ്വലിലെ കൃഷ്ണദാസിന്റെ മാധവി ഫോട്ടോസിലും മോഷണം നടന്നിരുന്നു. ഡിജിറ്റൽ കാമറ, ലെൻസ്, മെമ്മറി കാർഡുകൾ എന്നിവയുൾപ്പെടെ രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് അവിടെയുണ്ടായിരുന്നത്.
കഴിഞ്ഞ മാർച്ച് 29ന് പുതിയ ബസ് സ്റ്റാൻഡിന് സമീപം മൂന്നുകടകളിൽ കയറിയ മൂന്നംഗ സംഘവും കാണാമറയത്ത് തന്നെ. ഇലക്ട്രോട്രോണിക്സ് കടയിലും ഹോട്ടലിലും ഫാൻസി കടയിലും കയറി കവർച്ച നടത്തുകയായിരുന്നു സംഘം. ഇതിനിടയിൽ തന്നെ ചെറുതും വലുതുമായ നിരവധി കവർച്ചകൾ നടന്നുവെങ്കിലും തസ്കരന്മാർ ഇപ്പോഴും പിടിയിലായില്ല. സെൻട്രൽ ബസാറിലെ ജ്വല്ലറിയിൽ നിന്ന് വെള്ളികട്ട കള്ളനെ പിടികൂടിയതാണ് ഏക ആശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

