എന്റെ കുഞ്ഞുങ്ങളാണ്, അവ നശിപ്പിക്കരുത്; ശിൽപങ്ങൾ കാണാൻ കാനായി എത്തി
text_fieldsകണ്ണൂർ: 'ഒരുകുഞ്ഞിനെ വികൃതമാക്കിയാൽ ഒരമ്മക്ക് എന്ത് വേദനയുണ്ടാകും....ആ വേദനയാണ് ഞാനും അനുഭവിക്കുന്നത്. പയ്യാമ്പലത്തെ ഓരോ ശിൽപങ്ങളും എന്റെ കുഞ്ഞുങ്ങളാണ്. എന്റെ കലാസൃഷ്ടികൾ, എന്റെ മക്കളാണ്...അവ നശിപ്പിക്കരുത്'. പയ്യാമ്പലത്ത് ടൂറിസം അധികൃതരുടെ അവഗണനയിൽ നശിക്കുന്ന തന്റെ ശിൽപങ്ങൾക്കരികിലെത്തിയ കാനായി കുഞ്ഞിരാമൻ വൈകാരികമായാണ് പ്രതികരിച്ചത്. ദീർഘനാളത്തെ എന്റെ അധ്വാനവും സ്വപ്നവുമാണ് കാടുകയറി നശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പയ്യാമ്പലം പാർക്കിൽ മണ്ണിൽ തീർത്ത അമ്മയും കുഞ്ഞും ശിൽപമാണ് കാടുമൂടി നാശത്തിന്‍റെ വക്കിലെത്തിയത്.
1991ൽ 76 ലക്ഷം ചെലവഴിച്ച് പയ്യാമ്പലം പാർക്കിൽ നടന്ന നവീകരണ പ്രവൃത്തിയുടെ ഭാഗമായാണ് അമ്മയും കുഞ്ഞും ശിൽപം ഒരുക്കിയത്. ആദ്യമൊക്കെ നവീകരണവും പരിപാലനവുമൊക്കെ കൃത്യമായി നടന്നിരുന്നെങ്കിലും കോവിഡ് കാലത്തടക്കം ഇതെല്ലാം നിലക്കുകയായിരുന്നു. ഇതോടെ മൺശിൽപത്തിൽ പുല്ലും കാടും നിറഞ്ഞ് തിരിച്ചറിയാതായി.
സംഭവത്തിൽ കലാ, സാംസ്കാരിക മേഖലയിൽ നിന്നടക്കം വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ ലളിതകല അക്കാദമി ഭാരവാഹികൾ പയ്യാമ്പലം സന്ദർശിക്കുകയും ശിൽപങ്ങൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർക്കടക്കം നിവേദനവും നൽകിയിരുന്നു.
ഇതിനുപുറമെ കാനായിയുടെ 'റിലാക്സിങ്' എന്ന് പേരുള്ള ശിൽപവും കൃത്യമായി പരിപാലിക്കപ്പെടാതെ കിടക്കുകയാണ്.
'റിലാക്സിങ്' ശിൽപം നിർമിച്ച സ്ഥലത്ത് അഡ്വഞ്ചർ പാർക്കിനാവശ്യമായ നിർമാണ പ്രവർത്തനമാണ് ഇപ്പോൾ തകൃതിയായി നടക്കുന്നത്. സഞ്ചാരികളെ കൂടുതൽ ആകർഷിക്കാനുള്ള റോപ് വേ നിർമാണമാണ് ഇവിടെ പുരോഗമിക്കുന്നത്. ഇതിനാവശ്യമായ ടവർ നിർമാണം അന്തിമ ഘട്ടത്തിലാണ്.
ശിൽപങ്ങൾക്കുചുറ്റും നിർമാണ പ്രവൃത്തിക്കാവശ്യമായ സാമഗ്രികൾ കൂട്ടിയിട്ടിരുന്നു. ഇതോടെ ഈ ഭാഗത്തേക്കും സഞ്ചാരികൾ അധികമെത്താത്ത സ്ഥിതിയാണ്. ഇതേത്തുടർന്നാണ് കാനായി, ശിൽപങ്ങൾ നേരിട്ട് കാണാൻ പയ്യാമ്പലത്തെത്തിയത്.
പിന്നീട് ജില്ല കലക്ടർ എസ്. ചന്ദ്രശേഖറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ശിൽപങ്ങൾ സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കാനായി ആവശ്യപ്പെട്ടു. ശിൽപങ്ങളുടെ നവീകരണത്തിനാവശ്യമായ സേവനങ്ങൾ താൻ സൗജന്യമായി ചെയ്യാമെന്നും കാനായി കലക്ടറെ അറിയിച്ചു. ശിൽപങ്ങൾ സന്ദർശിക്കാൻ കാനായിയുടെ ഭാര്യ നളിനി, ശിൽപികളായ ഉണ്ണി കാനായി, മഹേഷ് മാറോളി, ഹരീന്ദ്രൻ ചാലാട് എന്നിവരും കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

