ജോലിയുണ്ട്, വേതനമില്ല; വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽമാർ ആശങ്കയിൽ
text_fieldsകണ്ണൂർ: പണിക്കൂലിയുമില്ല പണിക്കുറവുമില്ല എന്ന അവസ്ഥയിലാണ് സംസ്ഥാനത്തെ വൊക്കേഷനൽ ഹയർ സെക്കൻഡറി അധ്യാപകർ. പേരിന് പ്രിൻസിപ്പൽ ഇൻചാർജാണെങ്കിലും ജോലിക്ക് തക്ക വേതനമില്ലെന്നാണ് ഇവരുടെ പരാതി. സ്പാർക്കിൽ മുമ്പ് പ്രിൻസിപ്പൽ എന്നായിരുന്നു പദവിയുണ്ടായിരുന്നത്. എന്നാൽ, തുടർന്ന് യോഗം വിളിച്ച് അത് പ്രിൻസിപ്പൽ ഇൻചാർജാക്കി മാറ്റുകയായിരുന്നു.
ചോദ്യപേപ്പർ, പരീക്ഷ പേപ്പർ മൂല്യനിർണയം, സിലബസ്, പഠനസമയം എന്നിവയെല്ലാം ഹയർ സെക്കൻഡറിക്ക് തുല്യവും കൂടാതെ, പ്രിൻസിപ്പൽ ഇൻചാർജ് ക്ലാസെടുക്കുകയും മറ്റ് അധ്യാപകർ ചെയ്യേണ്ടുന്ന മുഴുവൻ ജോലിയും ചെയ്യുകയും വേണം.
എക്സ്പേർട്ട് ഇൻററാക്ഷൻ ക്ലാസ്, ഓൺ ദ ജോബ് ട്രെയിനിങ്, പ്രൊഡക്ഷൻ കം ട്രെയിനിങ്, വൊക്കേഷനൽ എക്സ്പോ, പരീക്ഷ പേപ്പർ മൂല്യനിർണയം തുടങ്ങിയ അധികജോലിഭാരം ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുമായി താരതമ്യം ചെയ്യുമ്പോൾ വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽമാർക്ക് അധികമായി ചെയ്യേണ്ടതുണ്ട്. ഹയർ സെക്കൻഡറിക്ക് പ്രിൻസിപ്പൽ തസ്തികയും അതിന് പ്രത്യേക ശമ്പളസ്കെയിലുമൊക്കെ ഉണ്ടാകുമ്പോഴാണ് അതിലധികം ജോലി ചെയ്യേണ്ടിവരുന്ന അധ്യാപകരോടുള്ള ഈ കടുത്ത അവഗണന. പേരിന് 1380 രൂപ മാത്രം അലവൻസിനത്തിൽ നൽകുന്നുണ്ട്. വെക്കേഷൻ സറണ്ടറും ഇവർക്ക് ബാധകമല്ല എന്നാണ് പ്രധാന ആരോപണം. ക്രിസ്മസിനും മറ്റ് മുഴുവൻ അവധിദിനങ്ങളിലും ജോലിചെയ്യുകയും വേണം.
കോവിഡ് കാലത്തെ സറണ്ടറടക്കം ഇപ്പോഴും പല അധ്യാപകർക്കും കിട്ടിയിട്ടില്ലെന്നും പറയുന്നുണ്ട്. നിരവധിതവണ സർക്കാറിനും അധികാരികൾക്കും പ്രിൻസിപ്പൽ ഫോറം ഇതുസംബന്ധിച്ച് നിവേദനം നൽകിയിട്ടും അനുഭാവപൂർണമായ നടപടിയുണ്ടായിട്ടില്ല എന്നാണ് ആക്ഷേപം. പുതിയ സർക്കാർ വന്നതോടെ ഇവരുടെ പരാതികൾക്ക് അനുഭാവപൂർണമായ നടപടിയുണ്ടാകുമെന്നാണ് അധ്യാപകരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

