തോട്ടട ഇ.എസ്.ഐ ആശുപത്രിയിൽ ഫാർമസിസ്റ്റ് ഇല്ല; മരുന്ന് പുറത്തുനിന്ന് വാങ്ങണം
text_fieldsതോട്ടട ഇ.എസ്.ഐ ആശുപത്രി ഫാർമസിയിൽ ഫാർമസിസ്റ്റ് ഇല്ലെന്ന അറിയിപ്പ്
കണ്ണൂർ: ഫാർമസിസ്റ്റ് ഇല്ലാത്തതിനാൽ ഫാർമസിയിൽ മരുന്നുവിതരണമില്ലെന്ന ബോർഡാണ് തോട്ടട ഇ.എസ്.ഐ ആശുപത്രിയിലെത്തുന്നവരെ കാത്തിരിക്കുന്നത്.ഒരുവർഷമായി ഫാർമസിസ്റ്റ് ഇല്ലാത്തതിനാൽ ഒ.പിയിലെത്തുന്ന ആയിരക്കണക്കിന് രോഗികൾക്ക് പുറത്തുനിന്ന് മരുന്ന് വാങ്ങിക്കേണ്ട അവസ്ഥയാണ്. ജില്ല ആശുപത്രിയായി പ്രവർത്തിക്കുന്ന തോട്ടടയിലെ ഇ.എസ്.ഐ ആശുപത്രിയിൽ നൂറിലേറെ രോഗികളാണ് ദിവസേന എത്തുന്നത്. 15 ഡോക്ടർമാരുടെ സേവനവും ഇവിടെയുണ്ട്. എന്നാൽ മരുന്നുവാങ്ങാൻ അതത് പ്രദേശത്തെ ഇ.എസ്.ഐ ഡിസ്പെൻസറികളിലെത്തണം. അല്ലെങ്കിൽ പുറത്തുനിന്നും വാങ്ങണം.
ജില്ലയിൽ 12 ഇ.എസ്.ഐ ഡിസ്പെൻസറികളാണുള്ളത്. ഇവിടെ ഡോക്ടർമാരുടെ സേവനവുമുണ്ട്. കിടത്തി ചികിത്സ തോട്ടട ആശുപത്രിയിൽ മാത്രമാണുള്ളത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിച്ച ഫാർമസിസ്റ്റ് കാലാവധി കഴിഞ്ഞ് പോയതോടെയാണ് തോട്ടട ഇ.എസ്.ഐ ആശുപത്രിയിൽ ഫാർമസി നോക്കുകുത്തിയായത്. സ്ഥിരം നിയമനമില്ല. കഴിഞ്ഞമാസം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഒരാൾ എത്തിയെങ്കിലും ഒരാഴ്ചക്ക് ശേഷം എൻ.എച്ച്.എമ്മിൽ ജോലി ലഭിച്ചതിനെ തുടർന്ന് പോയി. ഫാർമസിസ്റ്റ് ഇല്ലെന്ന് പലവട്ടം റിപ്പോർട്ട് ചെയ്തെങ്കിലും നടപടിയായില്ല. തൊഴിലാളിക്കും കുടുംബത്തിനും പ്രതിവർഷം 10 ലക്ഷം രൂപയുടെ ആളോഹരി ചികിത്സാസഹായമാണ് പദ്ധതിയിലൂടെ നൽകുന്നത്.
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് പദ്ധതിയിലെ അംഗങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി പ്രവർത്തിക്കുന്ന തോട്ടട ഇ.എസ്.ഐ ആശുപത്രിയിൽ മതിയായ സേവനങ്ങൾ ലഭിക്കുന്നില്ലെന്ന് നിരന്തര പരാതിയാണ്. പ്രാഥമിക സൗകര്യങ്ങളുടെ അഭാവമേറെയുണ്ട്. സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്തണമെന്ന നിർദേശം നൽകി കാലമേറെ ആയെങ്കിലും നടപടിയായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

