Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൊട്ടിയൂർ വയനാട് ചുരം...

കൊട്ടിയൂർ വയനാട് ചുരം രഹിത പാതക്കായി വീണ്ടും മുറവിളി: സർക്കാറിൽ പ്രതീക്ഷയർപ്പിച്ച് ജനം

text_fields
bookmark_border
കൊട്ടിയൂർ വയനാട് ചുരം രഹിത പാതക്കായി വീണ്ടും മുറവിളി: സർക്കാറിൽ പ്രതീക്ഷയർപ്പിച്ച് ജനം
cancel

കേളകം: മുൻ വർഷങ്ങളിലുണ്ടായ ഉരുൾപൊട്ടൽ പ്രളയങ്ങളിൽ തകർന്നടിഞ്ഞ കൊട്ടിയൂർ - പാൽ ചുരം -വയനാട് ചുരം പാതക്ക് പകരം തലപ്പുഴ 44-ാം മൈൽ താഴെ പാൽ ചുരം - അമ്പായത്തോട് ചുരം രഹിതപാതവേണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു.കൊട്ടിയൂർ -വയനാട് ചുരം രഹിത പാതക്കായി ജനങ്ങളുടെ പ്രതീക്ഷകൾ കൊടുമുടി കയറുമ്പോൾ പാതക്ക് അനുകൂല നിലപാട് പുതിയ യു.ഡി.എഫ് സർക്കാർ സ്വീകരിച്ചതിൽ പ്രതീക്ഷയിലാണ് ജനം. അപകട പരമ്പരകളുടെ വഴിത്താരയായ നിലവിലെ പാൽച്ചുരം ബോയ്സ് ടൗൺ പാതയേക്കാൾ പഴക്കമുണ്ട് പാൽച്ചുരത്തിന് ബദൽ പാത എന്ന ആവശ്യത്തിനും.നിലവിലെ പാതക്ക് പകരമായി തലപ്പുഴ 44-ാം മൈൽ താഴെ പാൽ ചുരം - അമ്പായത്തോട് ബദൽ പാത വേണമെന്നാണ് ജന താൽപര്യം.

ഈ ആവശ്യം ഉന്നയിച്ച് അതത് കാലത്തെ മുഖ്യമന്ത്രിമാർക്കും ,വകുപ്പ് മന്ത്രിമാർക്കും നിവേദന പരമ്പരകൾ നടത്തിയെങ്കിലും ഫലം പലകുറി പഠനങ്ങളിൽ ഒതുങ്ങി. നിലവിലെ പാത മണ്ണിടിഞ്ഞും ഉരുൾപ്പൊട്ടിയും ചുരത്തിലെ ഗതാഗതം തടസപ്പെടുമ്പോൾ ശക്തമാവുകയും ചുരം തുറക്കുന്നതോടെ പരിഗണന നഷ്ടപ്പെടുന്നതുമാണ് ബദൽ റോഡ് എന്ന ആവശ്യം. കഴിഞ്ഞ വർഷകാലത്ത് മാത്രം അഞ്ചോളം തവണയാണ് പാൽച്ചുരമിടിഞ്ഞത്. ഓരോ വർഷവും കോടിക്കണക്കിന് രൂപയാണ് പാൽച്ചുരത്തിൽ ഗതാഗതം പുനസ്ഥാപിക്കാനായി ചെലവഴിക്കുന്നതും. 44-ാം മൈൽ റോഡ് അമ്പായത്തോട് നിന്നും താഴേ പാൽച്ചുരം വഴി വനത്തിലൂടെ തലപ്പുഴയ്ക്കടുത്ത് 44-ാം മൈലിൽ പ്രധാന പാതയിൽ എത്തിച്ചേരുന്നതാണ് നിർദ്ധിഷ്ട ബദൽ റോഡ്.

ചുരമുണ്ടാവില്ല എന്നതാണ് പാതയുടെ പ്രേത്യകത

ചുരമുണ്ടാവില്ല എന്നതാണ് ഇങ്ങനെയൊരു റോഡ് പരിഗണിക്കപ്പെടാനുള്ള പ്രധാന കാരണം. എന്നാൽ വനത്തിന്റെ സാന്നിധ്യം പദ്ധതി നടക്കാതെ പോകുന്നതിന് കാരണമാകുന്നു. പാൽച്ചുരം കടന്നു പോകുന്നത് നിക്ഷിപ്ത വനത്തിലൂടെയാണെങ്കിൽ ബദൽ റോഡിന്റെ നിർദ്ധിഷ്ട പാതയുംവനത്തിലൂടെയാണ് നിർമ്മിക്കേണ്ടത് . കൂപ്പ് റോഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു വഴി ഇവിടെ ഉണ്ടായിരുന്നു. പിന്നീട് ഉപയോഗിക്കാതായി. എന്നാൽ 1973 -ൽ കൊട്ടിയൂർ പഞ്ചായത്തിന്റെ അപേക്ഷയിൽ കൊട്ടിയൂർ നിബിഢവനത്തിൽ 1361 മീറ്റർ നീളത്തിലും എട്ടുമീറ്റർ വീതിയിലും റോഡു നിർമിക്കുന്നതിന് വനംവകുപ്പ് പഞ്ചായത്തിനു സ്ഥലം ലീസിനു നൽകി. നാട്ടുകാരുടെ ശ്രമഫലമായി അന്നത്തെ കൂപ്പ് റോഡ് പുനർനിർമ്മിച്ചു. സെക്യൂരിറ്റി ഡെപ്പോസിറ്റായി 898.75 രൂപ പഞ്ചായത്ത് മാനന്തവടി ഡി.എഫ്.ഒ. ഓഫീസിൽ അടച്ചു. 12 നിബന്ധനകളടങ്ങിയ ലീസ് ഉത്തരവായിരുന്നു അത്. 8.300 കിലോമീറ്ററാണ് അമ്പായത്തോടു മുതൽ തലപ്പുഴ വരെ വനമുൾപ്പെടെ ബദൽ പാതയുടെ നീളം.

നിവേദനത്തെ തുടർന്ന് സാധ്യത പഠനങ്ങൾ

2009ൽ അന്നത്തെ വടക്കേ വയനാട് എം.എൽ.എയായിരുന്ന കെ.സി. കുഞ്ഞിരാമന്റെ ശ്രമഫലമായി റോഡിനായി ഏഴുകോടി രൂപ അനുവദിച്ചിരുന്നു. 2009 ജൂലൈ 17ലെ വയനാട് കലക്ടറുടെ ഉത്തരവു പ്രകാരം കണ്ണൂർ വിമാനത്താവളത്തെ വയനാടുമായി ബന്ധിപ്പിക്കാൻ ബദൽ റോഡായിരിക്കും ഉചിതമെന്നും പറഞ്ഞിരുന്നു. ഈ റോഡിനായി 14 കോടിയുടെ എസ്റ്റിമേറ്റും തയാറാക്കി. എന്നാൽ തുക പാസായില്ല. പിന്നീട് സണ്ണി ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് സാധ്യതാ പഠനങ്ങൾ നടന്നിരുന്നു.

മാനന്തവാടി-കണ്ണൂർ വിമാനത്താവളം നാലുവരിപ്പാത: പാൽചുരത്ത് രണ്ടു വരി

മാനന്തവാടി-കണ്ണൂർ വിമാനത്താവളം നിർദ്ദിഷ്ട നാല് വരിപ്പാത കൊട്ടിയൂരിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ വനഭൂമി വിട്ടുകിട്ടാത്തതിനാൽ അമ്പായത്തോട്-ബോയ്സ് ടൗൺ ചുരം ഭാഗത്ത് പാത രണ്ട് വരി മാത്രമാണ് നിർമിക്കുക. എന്നാൽ ബദൽപാതയായി തലപ്പുഴ 44ാം മൈൽ താഴെ പാൽചുരം-അമ്പായത്തോട് നിർമിച്ചാൽ ചുരം ഉണ്ടാവില്ലെന്നുമാത്രമല്ല ഭാവിതലമുറക്കു വേണ്ടിയുള്ള സുരക്ഷിത പാതയായി അത് രേഖപ്പെടുത്തും. കേരളത്തിലെ ഏറ്റവും ദുർഘടമായ ചുരംപാത കൊട്ടിയൂർ വയനാട് ചുരം പാതയെന്നാണ് അപകടക്കണക്കുകൾ.

ഏറ്റവും ദുർഘടമായ പാതയാണ് പാൽചുരം

വയനാട് ജില്ലയിലേക്ക് ഏതു ജില്ലയിൽനിന്ന് വരണമെങ്കിലും ഒരു ചുരം കയറിവേണം എത്താൻ. താമരശ്ശേരി ചുരം, കുറ്റ്യാടി ചുരം, നെടുംപൊയിൽ ചുരം, നാടുകാണിച്ചുരം എന്നിവയാണ് മറ്റു നാലു ചുരങ്ങൾ. ഇതിൽ ഏറ്റവും ദുർഘടമായ പാതയാണ് പാൽചുരം . വീതി കുറഞ്ഞതും ചെങ്കുത്തായതുമാണ് ഈ പാത. ബോയ്സ് ടൗൺ മുതൽ അമ്പായത്തോടിൽ ചുരം അവസാനിക്കുന്നിടം വരെ ചുരം പാതയുടെ നീളം എട്ടു കിലോമീറ്റർ ആണ്. അഞ്ച് ഹെയർപിൻ വളവുകളാണ് ഈ റൂട്ടിലുള്ളത്. അടുപ്പിച്ചടുപ്പിച്ച് അഞ്ചെണ്ണം. പാത തകർന്ന് ഗതാഗതം ദുഷ്കരമായിക്കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും അറ്റകുറ്റപ്പണികൾ പോലും വൈകുന്നത് പ്രതിഷേധമുയർത്തുന്നുണ്ട്. പാൽചുരം പാതയുടെ വികസനത്തിനും കടമ്പയാകുന്നത് വനം വകുപ്പിന്റെ വിലങ്ങുതടിയാണ്.

അപകടങ്ങൾ തുടർകഥയാകുന്ന പാൽചുരം പാതക്ക് പകരം തലപ്പുഴ 44ാം മൈൽ താഴെ പാൽചുരം-അമ്പായത്തോട് ബദൽ പാത വേണമെന്നാണ് ജന താൽപര്യം. ഇതിനിടെയാണ് ചുരംരഹിത പാത സർക്കാർ പരിഗണനയിലെന്ന് മന്ത്രി സണ്ണി ജോസഫിന്റെ പ്രഖ്യാപനം ജനങ്ങൾക്ക് പ്രതീക്ഷയായത്. നിലവിൽ അമ്പതോളം കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ നൂറു കണക്കിന് വാഹനങ്ങളാണ് കൊട്ടിയൂർ-പാൽചുരം പാതയിലൂടെ സാഹസികമായി കടന്ന് പോകുന്നത്. അന്തർ സംസ്ഥാന ചരക്ക് വാഹനങ്ങളുടെയും ക്രഷറുകളുടെയും ക്വാറികളുടെയും വാഹനപ്രവാഹവും പാതയിലുണ്ടെങ്കിലും ഈ പാതയിൽ അടിക്കടിയുണ്ടാവുന്ന അപകടങ്ങളുടെ ബാഹുല്യവും പ്രകൃതിക്ഷോഭം, ഉരുൾപൊട്ടൽ മൂലം പതിവായി പാത തകരുകയും ജനങ്ങളുടെ സുരക്ഷിത യാത്രക്ക് ഈ പാത പര്യാപ്തമല്ലെന്ന വിദഗ്ദ സംഘത്തിന്റെ പഠനവുമാണ് ചുരംരഹിത പാതക്കായി പതിറ്റാണ്ടിലേറെയായി പ്രദേശത്തെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പരിശ്രമം തുടരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udf governmentKannur NewsKottiyoor Wayanad pass roadKerala
News Summary - There is a renewed clamor for a Kottiyoor-Wayanad pass-free road: People are pinning their hopes on the government
Next Story