പട്ടാപ്പകലും രക്ഷയില്ല; നാട്ടിൽ ഭീതിവിതച്ച് കവർച്ചക്കാർ
text_fieldsഅന്നൂർ കൊരവയലിൽ വീട്ടമ്മയെ കത്തിമുനയിൽ നിർത്തി കവർച്ചക്കിരയായ വീട്
പയ്യന്നൂർ: നിരവധി വീടുകളുള്ള പ്രദേശമാണ് അന്നൂർ കൊരവയൽ. എന്നിട്ടും ഒരു വീട്ടിൽ കൂളായി കടന്നുവന്ന് വീട്ടമ്മയെ കാളിങ് ബെല്ലടിച്ച് വാതിൽ തുറപ്പിച്ച് കൈയിൽ കരുതിയ കത്തി കഴുത്തിനുവെച്ച് മാല കവർന്ന് മോഷ്ടാവ് ഒന്നും സംഭവിക്കാത്തപോലെ നടന്നകലുന്നു. രാവിലെ 10.30ന് ഉണ്ടായ സംഭവത്തിൽ ഞെട്ടിയിരിക്കുകയാണ് പയ്യന്നൂരിലെ ജനങ്ങൾ.
മുൻകാലങ്ങളിൽ രാത്രിയിൽ മാത്രമാണ് കള്ളന്മാരെ പേടിക്കേണ്ടിവന്നത്. ഇപ്പോൾ പട്ടാപ്പകൽ വീട്ടിനകത്തുപോലും സുരക്ഷിതമല്ലെന്നത് വീട്ടമ്മമാരെ മാത്രമല്ല, അവരെ തനിച്ചാക്കി ജോലിക്കുപോകുന്നവരെയും ഭീതിയിലാക്കുകയാണ്. മൂന്നാഴ്ചക്കുള്ളിൽ മൂന്ന് വയോധികരാണ് സമാന രീതിയിലുള്ള കവർച്ചക്കിരയായത്. മൂന്നും പകൽ സമയങ്ങളിൽ തന്നെ. എന്നാൽ, വീടിന്റെ സുരക്ഷിതത്വത്തിൽ ജീവൻ തന്നെ നഷ്ടപ്പെടുന്ന നിലയിലുള്ള കവർച്ച ഏറെ ഞെട്ടിപ്പിക്കുന്നതാണ്.
ചെറു ടൗണുകളും ടാർ റോഡും കഴിഞ്ഞാണ് ആക്രമി അന്നൂർ കൊരവയലിലെ വീട്ടിലെത്തിയത് എന്നതാണ് ഏറെ ശ്രദ്ധേയം.ബന്ധുക്കളാരെങ്കിലുമാണെന്ന് കരുതിയാണ് ചോദിക്കാതിരുന്നതെന്നും അവർ പറയുന്നു. നല്ല മഴയായതും പ്രതിക്ക് തുണയായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
സാവിത്രിയുടെ വായ് കൈയിട്ട് ശബ്ദമുണ്ടാക്കുന്നത് തടഞ്ഞതിലൂടെ അവർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതുമൂലം ശബ്ദമുയർത്തി അയൽവാസികളെ വിളിക്കാനായില്ല. അടുത്തുള്ളവർ ഓടിയെത്തിയപ്പോൾ വായിൽ നിറയെ രക്തമാണ് കണ്ടത്. അടുത്തെത്തിയപ്പേഴാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്.
നേരത്തെ എടാട്ടും കേളോത്തുമാണ് സമാന രീതിയിൽ മാല കവർച്ച നടന്നത്. ഈ സംഭവങ്ങളിലെ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. ഇതറിഞ്ഞിട്ടും മോഷ്ടാക്കൾ പിന്തിരിയുന്നില്ല എന്നത് അന്വേഷണ ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

