Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാധ്യമ പ്രവർത്തകനെയും...

മാധ്യമ പ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച: പ്രതികൾക്ക് ജാമ്യമില്ല

text_fields
bookmark_border
മാധ്യമ പ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച: പ്രതികൾക്ക് ജാമ്യമില്ല
cancel

തലശ്ശേരി: ഓൺലൈനായുള്ള വാദപ്രതിവാദങ്ങൾക്കൊടുവിൽ കവർച്ച കേസിലെ പ്രതികൾക്ക് ജാമ്യം നിരസിച്ചു. കണ്ണൂരിൽ മാധ്യമ പ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് മർദിച്ചവശരാക്കിയ ശേഷം വീട് കൊള്ളയടിച്ചുവെന്ന കേസിലെ രണ്ട് പ്രതികൾക്കാണ് തലശ്ശേരി ജില്ല കോടതി ജാമ്യം നിഷേധിച്ചത്.

രണ്ട് വർഷം മുമ്പാണ് കേസിനാസ്​പദമായ സംഭവം. അർധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറി 'മാതൃഭൂമി' കണ്ണൂർ യൂനിറ്റ് ന്യൂസ് എഡിറ്റർ കെ. വിനോദ് ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച കേസിൽ പ്രതികളായ മുഹമ്മദ് ഇല്യാസ് ഷിക്കാരി (35), അലംഗീർ എന്ന റഫീഖ് (33) എന്നിവർക്കായി സമർപ്പിച്ച ജാമ്യാപേക്ഷയാണ് ജില്ല സെഷൻസ് ജഡ്​ജി​ തള്ളിയത്. പ്രതികൾക്കായി അഡ്വ. ബി.എ. ആളൂരാണ് ഓൺലൈനിൽ കേസ് വാദിച്ചത്.

2018 സെപ്റ്റംബർ ആറിന് പുലർച്ചയാണ് കണ്ണൂർ സിറ്റി ഉരുവച്ചാലിലെ വാടക വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം വിനോദ് ചന്ദ്രനെയും ഭാര്യ സരിതകുമാരിയെയും ക്രൂരമായി ആക്രമിച്ച് കെട്ടിയിട്ടശേഷം 60 പവൻ ആഭരണങ്ങളും പണവും ലാപ്ടോപ്പും ഫോണുകളും കൊള്ളയടിച്ചത്.

ബംഗ്ലാദേശിലെ മോറേൽ ഗഞ്ചിന് സമീപം ചൽത്താബുനിയ സ്വദേശിയാണ് പ്രതി ഇല്യാസ് ഷിക്കാരി. ഇയാളാണ് കേസിലെ ഒന്നാം പ്രതി. ബംഗ്ലാദേശ് അതിർത്തിയിലെ ബാഗർ ഹട്ടിൽ െവച്ച് കൊൽക്കത്ത എമിഗ്രേഷൻ വിങ്ങാണ് ഇല്യാസിനെ പിടികൂടിയിരുന്നത്.

രണ്ടാം പ്രതിസ്ഥാനത്തുള്ള മുഹമ്മദ് ഹിലാലിന് കോടതി നേരത്തെ നിബന്ധനകളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ജാമ്യത്തിലിറങ്ങിയ ഇയാൾ വ്യവസ്ഥകൾ ലംഘിച്ച് മുങ്ങി. ഹിലാൽ ഇപ്പോൾ എവിടെയാണെന്ന് പൊലീസിനും നിശ്ചയമില്ല. കേസിൽ ആറ് പ്രതികളാണുള്ളത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബി.പി. ശശീന്ദ്രൻ ഹാജരായി.

Show Full Article
TAGS:bail denied robbery journalist 
News Summary - theft at journalist's home; bail denied
Next Story