രണ്ടു കൊല്ലം മുമ്പ് നിർത്തിയ ട്രെയിൻ പുനഃസ്ഥാപിച്ചു; തൃശൂർ-കണ്ണൂർ പാസഞ്ചർ എത്തി
text_fieldsരണ്ടു വർഷത്തിനുശേഷം പുനഃസ്ഥാപിച്ച തൃശൂർ-കണ്ണൂർ പാസഞ്ചർ തിങ്കളാഴ്ച ഉച്ചക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ
കണ്ണൂർ: ഒന്നാം ലോക്ഡൗണിൽ ഓട്ടം നിർത്തിയ മലബാറുകാരുടെ ജനപ്രിയ ട്രെയിൻ തൃശൂർ-കണ്ണൂർ, കണ്ണൂർ-ഷൊർണൂർ പാസഞ്ചർ പുനഃസ്ഥാപിച്ചു. തൃശൂരിൽനിന്ന് ചൊവ്വാഴ്ച രാവിലെ 6.35ന് പുറപ്പെട്ട് 23 സ്റ്റേഷനുകൾ പിന്നിട്ട് ഉച്ചക്ക് 12.05ന് വണ്ടി കണ്ണൂരിലെത്തി. തിരിച്ച് കണ്ണൂർ-ഷൊർണൂർ പാസഞ്ചറായി ഉച്ചക്ക് 3.10ന് കണ്ണൂരിൽനിന്നും പുറപ്പെട്ടു. കോവിഡ് വ്യാപനത്തെ തുടർന്ന് തൃശൂർ-കണ്ണൂർ പാസഞ്ചർ 2020 മാർച്ച് 22നാണ് നിർത്തിയത്.
രണ്ടേകാൽ വർഷത്തെ ഇടവേളക്കുശേഷമാണ് റെയിൽവേ യാത്രക്കാർക്ക് ആശ്വാസമായി ട്രെയിൻ ട്രാക്കിലിറക്കിയത്. ഇതോടെ കണ്ണൂർ-കോഴിക്കോട് റൂട്ടിൽ ഓടിയിരുന്ന മുഴുവൻ പാസഞ്ചർ വണ്ടികളും റെയിൽവേ പുനഃസ്ഥാപിച്ചു. സംസ്ഥാനത്ത് ഓടിയിരുന്ന 54 പാസഞ്ചറാണ് കോവിഡിന്റെ പേരിൽ റെയിൽവേ നിർത്തിയത്. നേരത്തേ പാസഞ്ചർ നിരക്കിൽ ഓടിയിരുന്ന വണ്ടി നിലവിൽ എക്സ്പ്രസ് ട്രെയിനായതോടെ ചുരുങ്ങിയ ചാർജായി 30 രൂപ ഈടാക്കുന്നുണ്ട്.
സ്പെഷൽ എക്സ്പ്രസായാണ് ഷൊർണൂർ പാസഞ്ചർ ഓടുന്നത്. എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ട്. എന്നാൽ, തൃശൂർ-കണ്ണൂർ വണ്ടിക്ക് പ്രധാന സ്റ്റേഷനുകളിൽ മാത്രമാണ് സ്റ്റോപ്പ്. പാസഞ്ചറുകൾ ട്രെയിനുകൾ തിരികെയെത്തിക്കാതെ സ്പെഷലായും എക്സ്പ്രസായും റെയിൽവേ ലോക്കൽ ട്രെയിനുകൾ ഓടിക്കുമ്പോൾ ടിക്കറ്റിനത്തിലെ ലാഭം മാത്രമാണ് ഉന്നംവെക്കുന്നത്. പഴയ പാസഞ്ചർ വണ്ടികൾക്കുണ്ടായിരുന്ന സ്റ്റോപ്പുകളും വെട്ടിക്കുറച്ചു.
സ്വകാര്യമേഖലയിലും കച്ചവടസ്ഥാപനങ്ങളിലും കുറഞ്ഞ വേതനത്തിന് ജോലിയെടുക്കുന്നവർക്ക് ഏറെ ആശ്വാസമായിരുന്നു പാസഞ്ചർ വണ്ടികൾ. കോഴിക്കോട്-കണ്ണൂർ റൂട്ടിൽ ലോക്കൽ യാത്രക്കാർക്ക് ആശ്വാസമായിരുന്ന തൃശൂർ-കണ്ണൂർ, കണ്ണൂർ-ഷൊർണൂർ പാസഞ്ചർ ട്രെയിൻ പുനഃസ്ഥാപിക്കണമെന്നത് ഏറെ നാളത്തെ ആവശ്യമായിരുന്നു. കോഴിക്കോട്ടേക്ക് വിവിധ ആവശ്യങ്ങൾക്കായി പോകുന്നവർക്ക് ഉപകാരപ്പെടും. ഉച്ചക്കു ശേഷം കണ്ണൂരിൽനിന്ന് പുറപ്പെടുന്ന വണ്ടിയിൽ കോളജ് വിദ്യാർഥികൾ അടക്കമുള്ളവർ സ്ഥിരം യാത്രക്കാരായിരുന്നു.