കണ്ണൂരിന്റെ ഉറക്കം കെടുത്തിയ കള്ളൻ പിടിയിൽ
text_fieldsഷാജഹാൻ
കണ്ണൂർ: നിരന്തരമായി മോഷണവും മോഷണശ്രമവും നടത്തി പൊലീസിന്റെയും കണ്ണൂരുകാരുടെയും ഉറക്കം കെടുത്തിയ കള്ളൻ പിടിയിൽ. രണ്ടു വർഷത്തോളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയും നിലവിൽ തളിപ്പറമ്പ് പുതുക്കണ്ടം കള്ളുഷാപ്പിന് സമീപം താമസക്കാരനുമായ ഷാജഹാനെ (ബൈജു-58) യാണ് ടൗൺ ഇൻസ്പെക്ടർ ബിനുമോഹന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. വീടുകളുടെ വാതിൽ കുത്തിത്തുറന്നും ജനൽ കമ്പികൾ ഇളക്കി മാറ്റിയുമാണ് ഇയാൾ മോഷണം നടത്തിയിരുന്നത്.
രണ്ടു മാസത്തിനിടെ ധനലക്ഷ്മി ആശുപത്രിക്ക് സമീപം വീട്ടിൽനിന്ന് പതിനാലരപ്പവനും മുഴത്തടത്തെ വീട്ടിൽനിന്ന് ഡയമണ്ട് നെക്ലസ് അടക്കമുള്ള ആഭരണങ്ങളും പ്രതി കവർന്നിരുന്നു. ഒന്നരവർഷമായി മേലെചൊവ്വ, താഴെചൊവ്വ, താണ, സൗത്ത് ബസാർ, കണ്ണൂർ ഭാഗങ്ങളിൽ സ്ഥിരം മോഷണം നടത്തി ഇയാൾ പൊലീസിന് തലവേദനയായിരുന്നു.
രണ്ടുവർഷമായി അന്വേഷണസംഘം ഇയാൾക്ക് പിന്നാലെയായിരുന്നു. ഒരുവർഷമായി ഒന്നിടവിട്ട ദിവസങ്ങളിൽ മോഷണം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസും നാട്ടുകാരും റസിഡൻസ് അസോസിയേഷന്റെ സഹായത്തോടെ രാത്രി കാവൽനിന്നിരുന്നു. പ്രതിയുടെ രേഖാചിത്രവും സി.സി.ടി.വി ദൃശ്യങ്ങളും വിവിധ പൊലീസ് സ്റ്റേഷനുകളിലും ജയിലുകളിലേക്കും കൈമാറിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഒന്നരവർഷമായി അഞ്ഞൂറിലേറെ ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചു. സൈബർ പൊലീസിന്റെ സഹായവും തേടി.
മോഷണത്തിനെത്തുമ്പോൾ 35 വയസ്സിന് താഴെയുള്ളയാളായി വേഷം ധരിച്ചാണ് ഷാജഹാൻ എത്തുക. കൃത്യം നടത്തി പോകുമ്പോൾ ലഭിച്ച ദൃശ്യങ്ങളിൽ 50 വയസ്സിന് മുകളിലുള്ളയാളായി തോന്നിച്ചു. ഇത് പൊലീസിനെ കുഴക്കി. വിരലടയാളങ്ങളോ കൃത്യമായ ദൃശ്യങ്ങളോ ലഭിച്ചിരുന്നില്ല. ജയിലിൽ കഴിയുന്ന മോഷ്ടാക്കൾക്ക് പ്രതിയുടെ ചിത്രങ്ങൾ കാണിച്ചും നഗരത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
മോഷണത്തിന് കണ്ണൂരിലെത്തിയപ്പോൾ അറസ്റ്റ്
മോഷണത്തിനായി കണ്ണൂരിലെത്തിയപ്പോഴാണ് സൈബർ സെല്ലിന്റെ സഹായത്തോടെ ടൗൺ പൊലീസ് ഷാജഹാനെ ബുധനാഴ്ച അറസ്റ്റു ചെയ്തത്. ചൊവ്വ, താണ, കണ്ണൂർ ഭാഗങ്ങളിലെ വീടുകളെയാണ് പ്രതി ലക്ഷ്യം വെച്ചിരുന്നത്. പ്രതിയുമായി വ്യാഴാഴ്ച മുഴത്തടത്തെ ഫസീലയുടെ വീട്ടിൽ തെളിവെടുപ്പ് നടത്തി. മൂന്നാഴ്ച മുമ്പ് ഡയമണ്ട് ബ്രേസ് ലറ്റ്, മാല എന്നിവ ഷാജഹാൻ ഇവിടെനിന്ന് കവർന്നിരുന്നു. ജനലിന്റെ കമ്പി വളച്ചാണ് ഉള്ളിൽ കയറിയത്. മോഷണം നടത്തിയ രീതി പ്രതി പൊലീസിന് മുന്നിൽ വിവരിച്ചു.
അർധനഗ്നനായി എത്തിയാണ് പ്രതിയുടെ മോഷണരീതി. കൃത്യം നടത്തുന്ന വീട്ടിൽ രാത്രി എട്ടിന് മുമ്പ് എത്തും. 12നും ഒന്നിനും ഇടയിൽ മോഷണം നടത്തി പുലർച്ചെ അഞ്ചു വരെ വീട്ടിൽതന്നെ ചെലവഴിച്ച് വസ്ത്രവും മാറി പോവുകയാണ് പതിവ്. ആളുകളുള്ള വീടുകളാണ് ലക്ഷ്യംവെച്ചിരുന്നത്.
2006 മുതൽ മോഷണക്കേസുകളിൽ പ്രതിയാണ് ഷാജഹാൻ. കണ്ണൂർ ടൗണിൽ നാലും മാഹിയിലും കാഞ്ഞങ്ങാടും മൂന്നുവീതവും തലശ്ശേരി, ആലപ്പുഴ, കോട്ടയം സ്റ്റേഷനുകളിൽ രണ്ടു വീതവും കേസുകൾ ഇയാൾക്കെതിരെയുണ്ട്. സംസ്ഥാനത്താകെ17 കേസുകൾ നിലവിലുണ്ട്. കാഞ്ഞങ്ങാട് 35 പവൻ മോഷ്ടിച്ചതിനെത്തുടർന്ന് പിടിക്കപ്പെട്ട് ശിക്ഷ അനുഭവിച്ചിരുന്നു. 2009ൽ 12 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് 2020ലാണ് പുറത്തിറങ്ങിയത്.
എസ്.ഐമാരായ പി.പി. ഷമീൽ, എം. സവ്യ സാച്ചി, അനീഷ്, എസ്.സി.പി.ഒമാരായ രാജേഷ്, ഷൈജു, സി.പി.ഒമാരായ നാസർ, ഷിനോജ്, റമീസ്, ഡ്രൈവർ സി.പി.ഒ ബാബു മാണി എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

