വീടിന് ഭീഷണിയായി സർവിസ് സ്റ്റേഷൻ
text_fields1. താഴെചൊവ്വയിലെ ഷെരീഫിന്റെ വീട്ടു കിണറിലെ വെള്ളം ചളിനിറഞ്ഞ നിലയിൽ 2. കിണറിനോട് ചേർന്ന ഭാഗം ഇടിഞ്ഞുതാഴ്ന്ന നിലയിൽ
കണ്ണൂർ: താഴെചൊവ്വ കാപ്പാട് റോഡിൽ വാഹന സർവിസ് സ്റ്റേഷന്റെ മലിനജല സംഭരണി വീടിന് ഭീഷണിയാവുന്നു. ആമിന മൻസിലിൽ ഷെരീഫിന്റെ വീടാണ് തകർച്ചാഭീഷണിയിലായത്. കിണറിന്റെ സംരക്ഷണ ഭിത്തിക്ക് സമീപം ഇടിഞ്ഞു. ഓയിലും ചളിയും നിറഞ്ഞ് കിണറിലെ വെള്ളം ഉപയോഗശൂന്യമായിട്ട് ഏറെയായി. സമീപത്തെ സർവിസ് സെന്ററിലെ മലിനജല സംഭരണിയിൽനിന്ന് ഭൂമിക്കടിയിലൂടെ വെള്ളമെത്തിയാണ് സംരക്ഷണഭിത്തി ഇടിഞ്ഞത്. കിണർ ഏതുനിമിഷവും ഇടിഞ്ഞുതാഴുമെന്ന നിലയിലാണ്. പഴയവീടായതിനാൽ കിണറിനോട് ചേർന്ന് കോൺക്രീറ്റ് ബീമില്ലാത്തതിനാൽ കുളിമുറി അടക്കമുള്ള ഭാഗങ്ങളും തകർച്ചാഭീഷണിയിലാണ്.
മുമ്പ് കലക്ടർക്കും കണ്ണൂർ കോർപറേഷനും മലിനീകരണ നിയന്ത്രണ ബോർഡിനും പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് മേയർ മുസ്ലിഹ് മഠത്തിൽ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സർവിസ് സെന്റർ നടത്തിപ്പുകാർക്ക് നിർദേശം നൽകിയതിനെ തുടർന്ന് കിണറിന് സമീപം വെള്ളം ഫിൽട്ടർ ചെയ്യാൻ സൗകര്യമൊരുക്കിയിരുന്നു.
ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷനെടുത്തെങ്കിലും എല്ലാദിവസം വെള്ളം ലഭിക്കുന്നില്ല. വെള്ളം മോശമായതിന് പിന്നാലെയാണ് കിണറിനോട് ചേർന്ന ഭാഗം ഇടിഞ്ഞുതാഴ്ന്നത്. വീട്ടുപറമ്പിൽനിന്ന് അൽപം ഉയർന്നാണ് സർവിസ് സെന്റർ സ്ഥിതി ചെയ്യുന്നത്. വാഹനം കഴുകുന്ന വെള്ളം മലിനജല സംഭരണിയിലേക്കാണ് എത്തുന്നത്. ഇത് താഴ്ന്നഭാഗത്തേക്ക് ഒഴുകിയാണ് കിണറിനും വീടിനും ഭീഷണിയായത്. കുട്ടികളും പ്രായമായവരുമടക്കം വീട്ടിൽ താമസിക്കുന്ന എട്ടുപേർ ഇതോടെ ദുരിതത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

