ഡിജിറ്റല്‍ റീസർവേ രണ്ടാംഘട്ടത്തിന് തുടക്കം
text_fieldsരണ്ടാംഘട്ട റീസർവേ ആരംഭിച്ച വില്ലേജുകൾ, കണ്ണൂര്‍ താലൂക്ക്: വലിയന്നൂര്‍, ചിറക്കല്‍, എടക്കാട്, കല്യാശ്ശേരി, തളിപ്പറമ്പ് താലൂക്ക്: ചുഴലി, തളിപ്പറമ്പ്, ഇരിട്ടി താലൂക്ക്: കീഴൂര്‍, കേളകം, തലശ്ശേരി താലൂക്ക്: കീഴല്ലൂര്‍
കണ്ണൂർ: എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന പ്രഖ്യാപിത ലക്ഷ്യവുമായി ഡിജിറ്റല്‍ റീസർവേ രണ്ടാംഘട്ടത്തിന് ജില്ലയിൽ തുടക്കം. കണ്ണൂര്‍ താലൂക്കിലെ വലിയന്നൂര്‍, ചിറക്കല്‍, എടക്കാട്, കല്യാശ്ശേരി വില്ലേജുകള്‍, തളിപ്പറമ്പ് താലൂക്കിലെ ചുഴലി, തളിപ്പറമ്പ് വില്ലേജുകള്‍, ഇരിട്ടി താലൂക്കിലെ കീഴൂര്‍, കേളകം വില്ലേജുകള്‍, തലശ്ശേരി താലൂക്കിലെ കീഴല്ലൂര്‍ വില്ലേജ് എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. ജനങ്ങളുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്ന് റീസർവേ അസി. ഡയറക്ടര്‍ അറിയിച്ചു.
സർവേ ജോലികള്‍ക്കായി ഉദ്യോഗസ്ഥര്‍ ഭൂമിയില്‍ പ്രവേശിക്കുന്ന വിവരം സ്ഥലത്തെ വാര്‍ഡംഗം / സർവേ ജാഗ്രത സമിതി അംഗങ്ങള്‍ അറിയിച്ചാല്‍ സ്ഥലത്തെ വ്യക്തമായതും തര്‍ക്കമില്ലാത്തതുമായ അതിര്‍ത്തി ലൈനുകളിലും, ബെന്‍ഡ് പോയന്റുകളിലും കാട് വൃത്തിയാക്കിയും അവകാശം തെളിയിക്കുന്ന രേഖകള്‍ നല്‍കിയും ജീവനക്കാരോട് ഭൂവുടമകൾ സഹകരിക്കണം.
ഡിജിറ്റല്‍ റീസർവേക്ക് മുമ്പായി അതിര്‍ത്തി തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ തര്‍ക്കമുള്ള സ്ഥലങ്ങള്‍ ഒന്നായി കണ്ട് സർവേചെയ്ത് അവകാശികളുടെ പേര് കൂട്ടായി ചേര്‍ക്കും. അതിനാല്‍ സർവേക്ക് മുമ്പായി പരമാവധി തര്‍ക്കങ്ങള്‍ പരിഹരിച്ച് അതിര്‍ത്തി ലൈനിടണം. ഈ അവസരം എല്ലാ ഭൂവുടമസ്ഥരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സർവേ അസി. ഡയറക്ടര്‍ പറഞ്ഞു.
സർവേ ഒരു ഘട്ടം കഴിഞ്ഞാല്‍ അതത് ഉടമസ്ഥര്‍ക്ക് entebhoomi.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും സ്മാര്‍ട്ട് ഫോണ്‍ വഴി പരിശോധിക്കാനും തെറ്റുണ്ടെങ്കില്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി തിരുത്താനും സാധിക്കും. ആദ്യഘട്ട സർവേ നടപടികൾക്ക് ശേഷം റെക്കോഡുകൾ സർവേ ബൗണ്ടറീസ് നിയമം അനുസരിച്ച് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡിജിറ്റല്‍ റീസർവേ രണ്ടാംഘട്ടവുമായി ബന്ധപ്പെട്ട് കലക്ടര്‍ അരുണ്‍ കെ. വിജയന്റെ അധ്യക്ഷതയില്‍ യോഗംചേര്‍ന്നു. റീസർവേ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, പൂർണ ജനപങ്കാളിത്തം ഉറപ്പാക്കുക, തിരഞ്ഞെടുത്ത വില്ലേജുകളിലെ മുഴുവന്‍ വാര്‍ഡുകളിലും ജാഗ്രത സമിതികള്‍ രൂപവത്കരിക്കുക, സമിതിയുടെ ഉത്തരവാദിത്തങ്ങളും ചുമതലകളും നിശ്ചയിച്ച് നല്‍കുക എന്നിവയാണ് ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ല ഭരണകൂടത്തിന്റെയും സഹകരണത്തോടെ പൊതുജനങ്ങളെ ബോധവത്കരിക്കാനും ജനപങ്കാളിത്തം ഉറപ്പാക്കാനും കലക്ടര്‍ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.