മട്ടന്നൂരില്‍ പുനര്‍നിര്‍മിച്ച പഴശ്ശി കനാല്‍റോഡ് പൂർണമായി തകര്‍ന്നു
text_fieldsമട്ടന്നൂര്‍: മട്ടന്നൂര്‍-തലശ്ശേരി റോഡില്‍ പുതുക്കിപ്പണിത പഴശ്ശി കനാലിന്റെ സംരക്ഷണഭിത്തിയും കോണ്‍ക്രീറ്റ് റോഡും തകര്‍ന്നിട്ട് ദിവസങ്ങള്‍ പിന്നിടുന്നു. മാസങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ ചെലവിട്ട് പുതുക്കിപ്പണിത റോഡാണ് തകര്‍ന്നത്. കഴിഞ്ഞ മാസമാണ് റോഡിലും സംരക്ഷണ ഭിത്തിയിലും വിള്ളല്‍ വീണത്.
തുടര്‍ന്ന് റോഡ് പൂര്‍ണമായി തകരുകയായിരുന്നു. കനാല്‍ക്കരയില്‍ നിര്‍മിച്ച സംരക്ഷണഭിത്തിയിലും വലിയ വിള്ളലുകള്‍ വീണിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിലേക്കും കാര, തെളുപ്പ്, കുറ്റിക്കര ഭാഗങ്ങളിലേക്കുമെത്താന് നിരവധി പേര് എത്തുന്ന റോഡാണിത്. റോഡ് തകര്‍ന്നതോടെ പ്രദേശവാസികളുടെ യാത്ര വീണ്ടും ദുഷ്കരമായി. മൂന്നു വര്‍ഷം മുമ്പ് കനാല്‍റോഡ് ഇടിഞ്ഞ് താഴ്ന്നിരുന്നു.
കനാലിന്റെ എതിര്‍വശമുള്ള ഓവുചാലിലൂടെ വെള്ളം ഒഴുകിയെത്തിയതാണ് കനാല്‍ഭിത്തി തകരാന്‍ ഇടയാക്കിയത്. തുടര്‍ന്ന് 92 ലക്ഷം രൂപ ചെലവഴിച്ചാണ് സംരക്ഷണഭിത്തി ഉൾപ്പെടെ നിര്‍മിച്ചത്. 60 മീറ്റര്‍ നീളത്തിലാണ് സുരക്ഷാഭിത്തി പണിതത്. പണി പൂര്‍ത്തിയായി ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് മഴക്കാലത്ത് വീണ്ടും റോഡ് തകര്‍ന്നത്.
റോഡിന്റെ കോണ്‍ക്രീറ്റിട്ട ഭാഗം മണ്ണില്‍നിന്ന് പൂര്‍ണമായും വേര്‍പെട്ട നിലയിലാണ്. നിര്‍മാണത്തിലെ അപാകതയാണ് റോഡ് തകരാനിടയാക്കിയതെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം നടത്തിയിരുന്നു.മഴക്കുക്ക് ശേഷം റോഡ് അറ്റകുറ്റപ്പണി നടത്തുമെന്നാണ് ജലസേചനവകുപ്പ് അധികൃതര്‍ പറയുന്നത്. സ്ഥലത്തെ മണ്ണിന്റെ ബലക്ഷയമാണ് റോഡ് തകരാന്‍ ഇടയാക്കിയതെന്നും സംരക്ഷണഭിത്തിക്ക് കാര്യമായ ഭീഷണിയില്ലെന്നും ഇവര്‍ പറയുന്നു. റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
മട്ടന്നൂരില്തന്നെ പലയിടങ്ങളായി പഴശ്ശി കനാലിന്റെയും റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ക്ക് കോടികളാണ് ചെലവിട്ടിട്ടുള്ളത്. ആറു വര്‍ഷം മുമ്പ് പ്രളയമഴയില്‍ കാരയില്‍ കനാലും റോഡും തകര്‍ന്ന് ഒഴുകിപ്പോയിരുന്നു. അഞ്ചുകോടിയോളം രൂപ ചെലവഴിച്ചാണ് ഇത് പുതുക്കിപ്പണിതത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

