ഭീതി വിതച്ച് പയ്യന്നൂർ താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടം
text_fieldsപയ്യന്നൂർ: ഭീതി വിതച്ച് പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രി വളപ്പിലെ പഴയ ബഹുനില കെട്ടിടം. ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിലാണ് കെട്ടിടം. ഇത് ആശുപത്രിയിലെത്തുന്നവർക്ക് ഭീഷണിയാണ്. 30 വർഷത്തിലേറെ പഴക്കം ചെന്ന കെട്ടിടം പൊളിച്ചുമാറ്റണമെന്ന് പൊതുമരാമത്ത് വകുപ്പ് നിർദേശം നൽകിയെങ്കിലും ആരോഗ്യ വകുപ്പ് നടപടി നീളുകയാണ്.
കഴിഞ്ഞ മേയ് 22ന് കെട്ടിടത്തിന്റെ സൺ ഷെയ്ഡ് കനത്ത മഴയിൽ തകർന്നുവീണിരുന്നു. ഇതോടെയാണ് ദുരന്തഭീതി വർധിച്ചത്. പയ്യന്നൂരിലെ പ്രധാന റോഡും കെട്ടിടവും തമ്മിൽ ഒരു മതിലിന്റെ അകലം മാത്രമേയുള്ളൂ. കെട്ടിട ഭാഗം തകർന്ന് റോഡിലേക്ക് വീണാലും ദുരന്തവ്യാപ്തി കൂടും.
കഴിഞ്ഞ മാസം തകർന്നുവീണതിനു ശേഷം പൊളിക്കാനുള്ള നടപടി ത്വരിതപ്പെടുത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും പ്രവൃത്തി വൈകുകയായിരുന്നു. മുമ്പ് ആശുപത്രിയുടെ പ്രധാന കെട്ടിടമായിരുന്നു ഇത്. പുതിയ കെട്ടിടമായതോടെയാണ് ഇത് ഉപേക്ഷിച്ചത്. എന്നാൽ, ഏറെക്കാലം ഡയാലിസിസ് സെന്റർ പ്രവർത്തിച്ചിരുന്നു.

