സി.പി.എം- ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് ഇപ്പോഴും തുടരുന്നുവെന്ന് മുസ്ലി ലീഗ്
text_fieldsകണ്ണൂർ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പു മുതൽ കേരളത്തിൽ തുടക്കമിട്ട സി.പി.എം- ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് ഇപ്പോഴും തുടരുന്നതിന്‍റെ സൂചനയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ല പ്രവർത്തക സമിതി യോഗം. ഇതിന്‍റെ ഫലമായാണ് മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേ കുന്നുംപുറത്ത് വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി നേരിയ വോട്ടിന് പരാജയപ്പെട്ടത്. 2020ൽ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ 141വോട്ട് ലഭിച്ച ബി.ജെ.പിക്ക് ഇപ്പോൾ അവിടെ ലഭിച്ചത് 36 വോട്ടാണ്. ബി.ജെ.പി വോട്ട് മറിച്ചത് കൊണ്ട് മാത്രമാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി പരാജയപ്പെട്ടത്.
അതുപോലെതന്നെ നീർവേലിയിൽ സി.പി.എം-ബി.ജെ.പിക്കും വോട്ടു മറിച്ചു നൽകി. 2020ൽ 299 വോട്ട് ലഭിച്ച സി.പി.എമ്മിന് ഈ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 201 വോട്ടാണ്.19 വോട്ടിനാണ് ബി.ജെ പി ഇവിടെ വിജയിച്ചത്. ഇത് വ്യക്തമാക്കുന്നത് ജില്ലയിലെ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ധാരണയാണെന്നും ഇത് പൊതു സമൂഹം മനസ്സിലാക്കിയിട്ടുണ്ടെന്നും കമ്മറ്റി അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് പി.കുഞ്ഞി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു.
ജൂൺ 3 ന് നടക്കുന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സഈദ് സാദിഖലി ശിഹാബ് തങ്ങൾ കണ്ണൂർ ജില്ലാതല പര്യടന പരിപാടി വൻ വിജയമാക്കി മാറ്റാൻ പ്രവർത്തക സമിതി യോഗം പരിപാടികളാവിഷ്കരിച്ചു പര്യടന പരിപാടിയുടെ ഭാഗമായി മെയ് 21 മുതൽ 25 വരെ മണ്ഡലം പഞ്ചായത്ത് കൺവെൻഷനുകൾ വിളിച്ചു ചേർക്കും.എന്റെ പാർട്ടിക്ക് എന്റെ ഹദിയ പാർട്ടീ ഫണ്ട് ശേഖരണം ഊർജിതമാക്കാൻ യോഗം കീഴ്ഘടകങ്ങൾക്ക്. നിർദേശം നൽകി. ഇതിന്റെ ഭാഗമായി മെയ് 26 മുതൽ 30 വരെ ശാഖാ തലങ്ങളിൽ ഗൃഹ സമ്പർക്ക പരിപാടികൾ നടത്തിയും 31ന് കവലകളിൽ പ്രത്യേക കൗണ്ടറുകൾ സ്ഥാപിച്ചും ഫണ്ട് ശേഖരിച്ച് സംസ്ഥാന കമ്മറ്റിക്കയക്കാൻ യോഗം ആഹ്യാനം ചെയ്തു.
സിൽവർ ലൈൻ, കൃത്രിമ ജലപാത വിരുദ്ധ പ്രക്ഷോഭത്തിന്‍റെ ഭാഗമായി ജൂൺ രണ്ടാം വാരത്തിൽ പാനൂർ മുതൽ പയ്യന്നൂർ വരെ പ്രശ്നബാധിത മേഖലകളെ ബന്ധിപ്പിച്ച് കൊണ്ട് വാഹനജാഥ നടത്തുവാൻ യോഗം തീരുമാനിച്ചു. കോർപറേഷൻ കക്കാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ മുസ്ലിം ലീഗ് സാരഥിയായ പി. കൗലത്തിന് സ്വീകരണം നൽകി. ജില്ലാ ഭാരവാഹികളായ വി.പി. വമ്പൻ, അഡ്വ. എസ്. മുഹമ്മദ്, എൻ.എ. അബൂബക്കർ മാസ്റ്റർ, ടി.എ. തങ്ങൾ, ഇബ്രാഹിം മുണ്ടേരി, കെ.വി. മുഹമ്മദലി ഹാജി, കെ.ടി. സഹദുള്ള, അഡ്വ. കെ. എ ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, കെ.പി. താഹിർ, എം.പി.എ. റഹീം പ്രസംഗിച്ചു.