ബാറിലെ കൊല; പ്രതിയും ഒളിവിൽ കഴിയാൻ സഹായിച്ചയാളും അറസ്റ്റിൽ
text_fieldsനിസാം, നജീബ്
കണ്ണൂര്‍: കാട്ടാമ്പള്ളി കൈരളി ബാറിലെ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ച കേസിലെ പ്രതിയും ഒളിത്താവളമൊരുക്കിയ ആളും അറസ്റ്റിൽ. അഴീക്കോട് ചാലിൽ താമസിക്കുന്ന മൂന്നുനിരത്തിലെ ജിം നിസാം എന്ന നിസാം (42) ആണ് പിടിയിലായത്. ചിറക്കല്‍ കീരിയാട് ബുഖാരി മസ്ജിദിന് സമീപത്തെ ടി.പി. റിയാസ് (43) ആണ് കുത്തേറ്റ് മരിച്ചത്. ജൂലൈ 13ന് രാത്രി ബാറിന് പുറത്തുവെച്ച് കുത്തേറ്റ റിയാസ് പിറ്റേ ദിവസം പുലർച്ചെ നാലു മണിയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
സംഭവത്തിന് ശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ട നിസാം പലയിടങ്ങളിലായി അഞ്ചു ദിവസം ഒളിവിലായിരുന്നു. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച കൊയിലാണ്ടി ചേമഞ്ചേരി പൂക്കാട് സ്വദേശി ടി.പി. നജീബിനെ (40) ചൊവ്വാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളിൽനിന്ന് ലഭിച്ച സൂചനയെ തുടർന്നാണ് അഴീക്കോട് കപ്പക്കടവിലെ ബന്ധുവീട്ടിൽനിന്ന് നിസാമിനെ പിടികൂടിയത്. മയ്യിൽ പൊലീസ് ഇൻസ്പെക്ടർ ടി.പി. സുമേഷ്, എസ്.ഐ എം. പ്രശോഭ് എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരെയും അറസ്റ്റുചെയ്തത്. കണ്ണൂർ എ.സി.പി ടി.കെ. രത്നകുമാറിന്റെ മേൽനോട്ടത്തിലാണ് കേസന്വേഷണം നടക്കുന്നത്.
ബാറിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ റിയാസിന്റെ സുഹൃത്തായ സന്ദീപിനെ കൈയേറ്റം ചെയ്യുന്നത് തടഞ്ഞതായിരുന്നു ആക്രമണത്തിന് കാരണം. തർക്കത്തെ തുടർന്ന് ബാറിന് പുറത്തെത്തിയ റിയാസിനെ നിസാം കൈയിൽ കരുതിയ കത്തികൊണ്ട് കുത്തുകയായിരുന്നു. ബാര്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വളപട്ടണം പൊലീസ് സ്ഥലത്തെത്തിയാണ് റിയാസിനെ ആശുപത്രിയിലെത്തിച്ചത്. നെഞ്ചിലേറ്റ ആഴത്തിലുളള മുറിവാണ് മരണകാരണം. അഴീക്കോട് വൻകുളത്തുവയലിൽ ജിംനേഷ്യം നടത്തുന്നയാളാണ് നിസാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

