കുയ്യാലി പുറമ്പോക്കിൽ അനധികൃതമായി കെട്ടിയ കുടിലുകൾ നഗരസഭ പൊളിച്ചു
text_fieldsകുയ്യാലി പുറമ്പോക്കിൽ അനധികൃതമായി കെട്ടിയ കുടിലുകളിലെവെള്ളക്കെട്ട്
തലശ്ശേരി: കുയ്യാലിയിലെ പുറമ്പോക്കിൽ സ്വകാര്യവ്യക്തി കെട്ടിയ കുടിലുകൾ നഗരസഭ അധികൃതർ എത്തി പൊളിച്ചു മാറ്റി. മതിയായ സൗകര്യമില്ലാതെ പണിത കുടിലുകളിൽ അതിഥി തൊഴിലാളികൾ കുടുംബമായി വാടകക്ക് താമസിക്കുകയായിരുന്നു. ഇവരെ ഒഴിപ്പിച്ചതിന് ശേഷമാണ് 15 ഓളം കുടിലുകൾ പൊളിച്ചു മാറ്റിയത്. പരാതികൾ വ്യാപകമായതോടെയാണ് നഗരസഭ നടപടിയെടുത്തത്. മഴക്കാലത്ത് ഈ പ്രദേശത്ത് വെള്ളപ്പൊക്കം ശക്തമായിരുന്നു.
മഴ വെള്ളം കുടിലുകൾക്ക് ചുറ്റും കെട്ടിക്കിടന്ന് താമസക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതോടെയാണ് പരിസരവാസികളും സ്ഥലത്തെ പൊതുപ്രവർത്തകരും നഗരസഭ, തഹസിൽദാർ, ജില്ലാ കലക്ടർ, മുഖ്യമന്ത്രി തുടങ്ങിയ അധികാര കേന്ദ്രങ്ങളിൽ പരാതിയുമായെത്തിയത്. കുടിലുകളും പരിസരവും കണ്ടാൽ ആർക്കും അറപ്പ് തോന്നുമായിരുന്നു. മിക്ക കുടിലുകളുടെയും അകത്ത് വരെ മഴ വെള്ളം കയറും.
പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുമെന്ന ആശങ്ക നാട്ടുകാർ പ്രകടിപ്പിച്ചതോടെ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പൊലീസ് രഹസ്യാന്വേഷണവിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വിഷയം ഗുരുതരമാണെന്ന് ഇവർ മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് നഗരസഭ ഇടപെട്ട് പൊളിച്ചത്. അനധികൃത കുടിലുകൾ പൊളിച്ചു നീക്കി മഴവെള്ളം ഒഴുകിപ്പോകാൻ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ തലശ്ശേരി ടൗൺ മേഖല കമ്മിറ്റിയും മുഖ്യമന്ത്രി സ്പീക്കർ, തദ്ദേശ ഭരണ മന്ത്രി, സബ് കലക്ടർ, നഗരസഭ ചെയർമാൻ എന്നിവർക്ക് നിവേദനം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

