Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാലവർഷക്കെടുതി;...

കാലവർഷക്കെടുതി; മുന്നൊരുക്കവുമായി കണ്ണൂർ

text_fields
bookmark_border
rain havoc
cancel
camera_alt

മഴയിൽ തകർന്ന ശ്രീകണ്ഠപുരത്തെ കാളിയത്ത് മുഹമ്മദിന്റ വീടിന്റെ മേൽക്കൂരയും വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറും

Listen to this Article

കണ്ണൂർ: കാലവർഷം ശക്തമായ സാഹചര്യത്തിൽ ദുരന്തങ്ങൾ ഒഴിവാക്കാനും പ്രതിരോധ പ്രവർത്തനങ്ങൾക്ക് തയാറാകാനൊരുങ്ങിയും കണ്ണൂർ. കനത്ത മഴ തുടരുന്നതിനാൽ ജില്ലയിൽ എല്ലാ കരിങ്കൽ, ചെങ്കൽ ക്വാറികളുടെയും പ്രവർത്തനം ജൂലൈ 10 വരെ നിർത്തിവെച്ചു.

ദുരന്ത സാഹചര്യമുണ്ടായാൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങാനാവശ്യമായ നടപടികൾ എല്ലാ താലൂക്ക് തഹസിൽദാർമാരും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും സ്വീകരിക്കാൻ നിർദേശം നൽകി. ജില്ല കലക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമെങ്കിൽ കയാക്കിങ് ടീമുകളുടെയും ഹാം റേഡിയോ ഓപറേറ്റർമാരുടെയും സേവനം ഉപയോഗപ്പെടുത്തും.

ദേശീയപാതയോരത്ത് കുറ്റിക്കോൽ പാലം മുതൽ കുപ്പം പാലം വരെ അപകടാവസ്ഥയിൽ ചാഞ്ഞുനിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ അടിയന്തര നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് (ദേശീയപാത വിഭാഗം) എക്‌സിക്യൂട്ടിവ് എൻജിനീയർക്ക് നിർദേശം നൽകിയിട്ടുണ്ട്. വൈദ്യുതി കമ്പിയിലേക്കും തൂണുകളിലേക്കും അപകടകരമായ വിധത്തിൽ ചാഞ്ഞുനിൽക്കുന്ന മരങ്ങളും ചില്ലകളും നീക്കം ചെയ്തിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി കണ്ണൂർ എക്‌സി. എൻജിനീയർ അറിയിച്ചു. പുതുതായി ശ്രദ്ധയിൽപ്പെടുന്നവ അടിയന്തരമായി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യോഗം നിർദേശിച്ചു.

ഏരുവേശ്ശി പഞ്ചായത്തിലെ പൂപ്പറമ്പ്-നെല്ലിക്കുറ്റി റോഡിൽ സൈൻബോർഡുകളും ഹാൻഡ് റെയിലും സ്ഥാപിക്കാൻ നിർദേശം നൽകും. ഈ റോഡിൽ അപകടങ്ങൾ കൂടുതലായി സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ഫയർ ആൻഡ് റെസ്‌ക്യൂ സർവിസ് ഡിവിഷനൽ ഓഫിസർ ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. യോഗത്തിൽ എ.ഡി.എം കെ.കെ. ദിവാകരൻ, സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ എന്നിവർ സംബന്ധിച്ചു.

ശ്രീകണ്ഠപുരത്ത് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ആളപായമില്ല

ശ്രീകണ്ഠപുരം: കനത്തമഴയില്‍ ശ്രീകണ്ഠപുരത്ത് വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. പയ്യാവൂർ റോഡിൽ മാപ്പിള സ്‌കൂളിന് സമീപത്തെ കാളിയത്ത് മുഹമ്മദിന്റെ തറവാട് വീടാണ് ചൊവ്വാഴ്‌ച പുലര്‍ച്ചെ തകര്‍ന്നത്. ഓടിട്ട പഴയ ഇരുനില തറവാട് വീടിന്റെ മുകൾനിലയുടെ മേല്‍ക്കൂര മഴയിൽ നിലംപതിക്കുകയായിരുന്നു. ശബ്ദംകേട്ട് വീട്ടുകാര്‍ മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി.

മുകൾനിലയിലെ ഓടും മരങ്ങളും വീണ് താഴത്തെ നിലയുടെ മേൽക്കൂരയും ഭാഗികമായി തകർന്നിട്ടുണ്ട്. ഒപ്പം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. ഓട്, മരം എന്നിവ ഉള്‍പ്പെടെ കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പി.പി. ചന്ദ്രാംഗദൻ എന്നിവർ സ്ഥലത്തെത്തി.

കീഴാറ്റൂർ വയലിൽ വെള്ളമുയർന്നു; ജനങ്ങൾ ആശങ്കയിൽ

തളിപ്പറമ്പ്: മണ്ണിട്ടുയർത്തി ദേശീയപാത ബൈപാസ് നിർമാണം പുരോഗമിക്കുന്ന കീഴാറ്റൂർ വയലിൽ രൂപപ്പെട്ട വെള്ളക്കെട്ട് പ്രദേശവാസികളിൽ ആശങ്കയുയർത്തുന്നു. ചെറിയ മഴയിൽ പോലും വയലിൽ വെള്ളമുയരുമ്പോൾ മണ്ണിട്ടുയർത്തിക്കൊണ്ടുള്ള ബൈപാസ് നിർമാണത്തിനെതിരെ തങ്ങളുയർത്തിക്കൊണ്ടുവന്ന പാരിസ്ഥിതികപ്രശ്നങ്ങൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നാണ് വയൽക്കിളി പ്രവർത്തകർ പറയുന്നത്. കീഴാറ്റൂർ വയലിൽ മണ്ണിട്ടുയർത്തി ദേശീയപാത നിർമാണം പുരോഗമിക്കുമ്പോൾതന്നെ വയലിൽ മണ്ണിട്ടുയർത്തിയുള്ള നിർമിതി നാടിന് ആപത്താണെന്ന് വിളിച്ചുപറഞ്ഞ് എതിർപ്പുമായി രംഗത്തുവന്നവരാണ് വയൽക്കിളികൾ. ഇപ്പോൾ അഞ്ചടി ഉയരത്തോളമുള്ള ആദ്യഘട്ട മണ്ണിടൽ കൊണ്ടുതന്നെ വലിയ മഴപെയ്താൽ പ്രദേശം വെള്ളത്തിലാകുന്ന സ്ഥിതിയാണ്.

ഇവിടെ ഒഴുകിയെത്തുന്ന വെള്ളം മറ്റുവഴിക്ക് തിരിച്ചുവിടാനാകില്ലെന്ന ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുണ്ട്. മണ്ണിട്ടുയർത്തിയതോടെ സ്വാഭാവിക ഒഴുക്ക് നിലച്ചിരിക്കുകയാണ്. വെള്ളം ഒഴുകിപ്പോകാൻ പലയിടത്തും സ്ഥാപിച്ച പൈപ്പുകൾ പര്യാപ്തമല്ല. ചെറിയ മഴയിൽപോലും രണ്ട് മീറ്ററോളം വെള്ളം ഉയർന്നതോടെ ജനങ്ങളുടെ ആശങ്ക ഉയരുകയാണ്. നേരത്തേ നാട്ടുകാർ ആശങ്കയറിയിച്ചപ്പോൾ പരിഹസിച്ചുകൊണ്ട് വെള്ളം ഒഴുക്കിക്കളയാൻ ഞങ്ങളുടെ കൈയില്‍ വിദ്യയുണ്ടെന്ന് പറഞ്ഞ അധികാരികൾ, ജനങ്ങൾ ആശങ്കയിലായപ്പോൾ രംഗത്തിറങ്ങാതായെന്നും വയൽക്കിളി പ്രവർത്തകൻ മനോഹരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MonsoonRain Havoc
News Summary - The monsoons; Kannur with preparations
Next Story