കണ്ണൂരിൽ യന്ത്രം തൂത്തുവാരും
text_fieldsകണ്ണൂർ നഗരത്തിൽ ശുചീകരണത്തിനെത്തിച്ച യന്ത്രം
കണ്ണൂർ: നഗരം ഇനി യന്ത്രം തൂത്തുവൃത്തിയാക്കും. കണ്ണൂരിന്‍റെ നഗരവീഥികള്‍ മാലിന്യമുക്തമാക്കുന്നതിനും വൃത്തിയുള്ള നഗരമാക്കി മാറ്റുന്നതിനും വേണ്ടി കോര്‍പറേഷന്‍റെ നേതൃത്വത്തിലാണ് അത്യാധുനിക റോഡ് ശുചീകരണ വാഹനമെത്തിച്ചത്. പഴയ ബസ്സ്റ്റാൻഡ് പരിസരത്തെ മാലിന്യങ്ങളും പൊടിപടലങ്ങളും നീക്കം ചെയ്താണ് യന്ത്രത്തിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്.
ആറ് ടണ്‍ മാലിന്യം സംഭരിക്കുന്നതിന് ശേഷിയുള്ള ടാങ്ക് വാഹനത്തിലുണ്ട്. ഈ യന്ത്രം ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ ഒരു പ്രദേശം മുഴുവനായി വൃത്തിയാക്കുന്നതിന് സാധിക്കുന്ന സംവിധാനമാണ് ഒരുക്കിയത്.
ഏത് പ്രതലത്തിലും പ്രവര്‍ത്തിക്കുന്നതിന് സാധിക്കും. ഒരു മണിക്കൂര്‍കൊണ്ട് നാല് മുതല്‍ 10 വരെ കിലോമീറ്റര്‍ പ്രദേശം വൃത്തിയാക്കാന്‍ കഴിയും. റോഡിന്‍റെയും നടപ്പാതകളുടെയും വശങ്ങളിലുള്ള മണല്‍ പോലും വലിച്ചെടുക്കുന്നതിന് ഈ യന്ത്രത്തിന്‍റെ പ്രവര്‍ത്തനം വഴി സാധിക്കും.
മെട്രോ നഗരങ്ങളിലും വിമാനത്താവളങ്ങളിലും ഈ വാഹനം ഉപയോഗിച്ചാണ് ശുചീകരണം നടത്തുന്നത്. നിലവില്‍ തൃശൂര്‍ കോര്‍പറേഷനില്‍ ഇത്തരം വാഹനം ശുചീകരണത്തിന് ഉപയോഗിക്കുന്നുണ്ട്. മലബാര്‍ മേഖലയില്‍ ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഈ യന്ത്രം സ്വന്തമാക്കുന്നത്.
ചെലവ് 75 ലക്ഷം
75 ലക്ഷം രൂപ വിലവരുന്ന ഈ വാഹനം കോയമ്പത്തൂര്‍ ആസ്ഥാനമായ റൂട്ട്സ് മർട്ടിക്ലീൻ ലിമിറ്റഡ് എന്ന സ്ഥാപനമാണ് നിർമിച്ചു വിതരണം ചെയ്യുന്നത്. ഒരു വര്‍ഷമാണ് വാറന്റി. ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന് കേവലം ഒരു ജീവനക്കാരന്‍ മാത്രം മതിയാകും.
അവര്‍ക്കാവശ്യമായ പരിശീലനം നിര്‍മാണ കമ്പനി തന്നെ നല്‍കും. പ്രവര്‍ത്തനോദ്ഘാടനം പഴയ സ്റ്റാൻഡിന് സമീപം മേയര്‍ ടി.ഒ. മോഹനന്‍ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. രാജേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി. ഷമീമ, അഡ്വ. പി. ഇന്ദിര, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ മുസ്‍ലിഹ് മഠത്തിൽ, എ. കുഞ്ഞമ്പു, എൻ. ഉഷ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

