ബസ് തടഞ്ഞ് ഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ചു; രണ്ടു പ്രതികൾ പിടിയിൽ
text_fieldsവി പി വിനോദൻ, ടി.കെ സജിത്ത്
ചൊക്ലി: ബംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ചു. രണ്ടുപേർ പൊലീസ് പിടിയിലായി. ബുധനാഴ്ച രാത്രി 10.20 ഓടെ മേക്കുന്നിൽ ബസ് തടഞ്ഞുണ്ടായ അക്രമത്തിൽ രണ്ടും മൂന്നും പ്രതികളായ കരിയാട് കിടഞ്ഞിയിലെ സജിനാ നിവാസിൽ ടി.കെ. സജിത്ത്(39), മേക്കുന്നിലെ വടക്കേപറമ്പത്ത് വി.പി. വിനോദൻ (44) എന്നിവരെയാണ് ചൊക്ലി എസ്.ഐ കെ. സന്തോഷ് ലാൽ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ കിടഞ്ഞി അമ്പായതോട് രമിത്തി (36) ന് വേണ്ടി തിരച്ചിൽ നടത്തിവരുകയാണ്.
കർണാടകയിലേക്കുള്ള എൻ.എസ് ട്രാവൽസ് ബസ് ഡ്രൈവർ കോഴിക്കോട് നരിക്കുനി സ്വദേശി ഉളിയേരി വീട്ടിൽ പി. ശ്രീജിത്തിനെയാണ് കാറിലെത്തിയ മൂന്നുപേർ മരപ്പട്ടികയും ഗ്ലാസും ഉപയോഗിച്ച് ആക്രമിച്ചത്. തടയാൻ ശ്രമിച്ച യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബംഗളൂരുവിൽനിന്നും നാട്ടിലേക്ക് വരുകയായിരുന്ന ഒന്നാം പ്രതിയായ രമിത്ത് നിരോധിത ലഹരി വസ്തുക്കൾ വിൽക്കുന്ന കടയുടെ മുന്നിൽ ബസ് നിർത്താൻ ആവശ്യപ്പെട്ടത് നിരാകരിച്ചന്റെ വിരോധം കാരണമാണ് നേരത്തെ വിവിധ ആക്രമണക്കേസുകളിലുൾപ്പെട്ട സജിത്തിന്റെ സഹായത്തോടെ ആക്രമണപദ്ധതി തയാറാക്കിയത്.
ലഹരിവസ്തുക്കൾ നാട്ടിലെത്തിച്ച് വിൽപന നടത്തുന്ന സംഘവുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്. തലശ്ശേരി ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇരുവരേയും രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയിൽ കിടഞ്ഞിയിൽ ഒരു വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച കേസിൽ പ്രതിയായ സജിത്തിന് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സജിത്തിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

